ന്യൂഡൽഹി∙ കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭുവിന് സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ അധികച്ചുമതല നൽകാൻ തീരുമാനം. ഈ വകുപ്പു കൈകാര്യം ചെയ്തിരുന്ന അശോക് ഗജപതി രാജു രാജിവച്ച സാഹചര്യത്തിലാണിത്. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എൻഡിഎയുമായി ഇടഞ്ഞാണ് ഗജപതി രാജു ഉൾപ്പെടെ തെലുങ്കുദേശം പാർട്ടിക്കാരായ രണ്ടു മന്ത്രിമാർ രാജിവച്ചത്.
ഇതിൽ വ്യോമയാന വകുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകാര്യം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ മോദി നിർദേശിച്ചതനുസരിച്ച് കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിനെ നിലവിൽ ചുമതലയുള്ള വകുപ്പിനു പുറമേ സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ അധികച്ചുമതല കൂടി ഏൽപ്പിക്കുന്നതായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.