മുംബൈ ∙ ടാറ്റ വ്യവസായ സാമ്രാജ്യത്തിന്റെ നായകനായി എൻ. ചന്ദ്രശേഖരൻ ചുമതലയേറ്റു. ടാറ്റാ ഗ്രൂപ്പിലെ ഓരോ കമ്പനിയും അതത് വ്യവസായ മേഖലയെ നയിക്കാൻ കരുത്തുള്ളതും ഓഹരി ഉടമകൾക്കു നേട്ടം സമ്മാനിക്കുന്നതുമാകണമെന്നതാണു ലക്ഷ്യമെന്ന് പുതിയ ചെയർമാൻ പറഞ്ഞു.
‘ടാറ്റ നയിക്കുകയാണ്, പിന്തുടരുകയല്ല വേണ്ടതെ’ന്ന് അദ്ദേഹം ഗ്രൂപ്പ് കമ്പനികളെ ഉദ്ബോധിപ്പിച്ചു. മൂലധന വിതരണത്തിൽ ഗ്രൂപ്പ് അച്ചടക്കം പാലിക്കുമെന്നും എൻ. ചന്ദ്രശേഖരൻ പറഞ്ഞു.
ഓഹരി ഉടമകൾക്ക് കിട്ടിയിരുന്ന ലാഭ വിഹിതം കുറഞ്ഞതാണ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയെ പുറത്താക്കാൻ ഒരു കാരണം. ഗ്രൂപ്പ് ആസ്ഥാനമായ ബോംബെ ഹൗസിൽ ഇന്നലെ രാവിലെയാണ് എൻ. ചന്ദ്രശേഖരൻ ചുമതലയേറ്റത്.