പെരിന്തൽമണ്ണ ∙ രഞ്ജി ക്രിക്കറ്റിലെ നിർണായക പോരാട്ടത്തിൽ കേരളത്തിനെതിരെ സൗരാഷ്ട്രയുടെ ബോംബാക്രമണം; കുറിക്കുകൊള്ളുന്ന മിസൈൽ തിരിച്ചടിയുമായി കേരളം. ഒന്നാം ഇന്നിങ്സിൽ തങ്ങളെ 166 റൺസിനു പുറത്താക്കിയ അതിഥികളെ ആദ്യ ദിവസത്തെ കളി തീരുമ്പോൾ വിലപ്പെട്ട ആറു വിക്കറ്റുകൾ പിഴുത് 55ൽ തളച്ചിട്ടിരിക്കുകയാണു കേരളം. നാലു വിക്കറ്റ് ശേഷിക്കെ സൗരാഷ്ട്ര കേരളത്തേക്കാൾ 111 റൺസ് പിന്നിലാണ്. സ്കോർ: കേരളം – 166, സൗരാഷ്ട്ര – ആറിന് 55. ജയമോ സമനിലയോ നേടിയില്ലെങ്കിൽ അടുത്ത റൗണ്ടിലേക്കു കടക്കാനാവില്ലെന്നറിയാവുന്ന കേരളം ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങി.
ഓപ്പണർമാർ സാവധാനത്തിൽ സ്കോർ നീക്കിയപ്പോൾ ആ തീരുമാനം ശരിയെന്നു തോന്നിയെങ്കിലും 52 റൺസെത്തിയപ്പോൾ ആദ്യ വിക്കറ്റ് വീണതോടെ കളി മാറി. ഓപ്പണർ മുഹമ്മദ് അസ്‌ഹറുദ്ദീൻ (14) പുറത്ത്. സെഞ്ചുറി വീരൻ രോഹൻ പ്രേം പൂജ്യനായി മടങ്ങിയതോടെ ആതിഥേയർ അപകടം മണത്തു. പിന്നീടെത്തിയ സച്ചിൻ ബേബി (ഏഴ്), ക്യാപ്റ്റൻ സഞ്ജു സാംസൺ (എട്ട്), ഫാബിദ് അഹമ്മദ് (25), റോബർട്ട് ഫെർണാണ്ടസ് (12), അക്ഷയ് ചന്ദ്രൻ (10), കെ. മോനിഷ് (12), എം.ഡി. നിധീഷ് (ഏഴ്) എന്നിവർക്കൊന്നും കളംപിടിക്കാനായില്ല. വി.എ. ജഗദീശ് (59) അധ്വാനിച്ചു നേടിയ അർധ സെഞ്ചുറി മാത്രമായിരുന്നു ആശ്വാസം. സന്ദീപ് വാരിയർ (പൂജ്യം) പുറത്താകാതെ നിന്നു. സൗരാഷ്ട്രയുടെ ധർമേന്ദ്രസിങ് ജഡേജ 44 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റെടുത്ത് ബോളിങ്ങിൽ കേമനായി.
ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെന്ന ആത്മവിശ്വാസത്തോടെ മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്രയ്ക്കു പക്ഷേ, തുടക്കംമുതലേ അടിതെറ്റി. സീസണിൽ 31 വിക്കറ്റുകളോടെ തിളങ്ങിനിൽക്കുന്ന ഇടങ്കൈയൻ സ്പിന്നർ കെ. മോനിഷ് ഒരിക്കൽക്കൂടി ക്രീസ് വാണപ്പോൾ സൗരാഷ്ട്രയുടെ മുൻനിര ആയുധംവച്ചു കീഴടങ്ങി. 27 റൺസ് മാത്രം വിട്ടുകൊടുത്ത് മോനിഷ് നേടിയത് നാലു വിക്കറ്റ്. രോഹൻ പ്രേമിന്റെ സ്പിന്നിനു മുന്നിൽ രണ്ടുപേർ കറങ്ങിവീഴുകയും ചെയ്തതോടെ ഒന്നാം ദിനത്തിനു വെട്ടം വീഴുമ്പോൾ സൗരാഷ്ട്ര 25 ഓവറിൽ 55 റൺസിൽ തട്ടിമുട്ടി നിൽക്കുന്നു. നാലു വിക്കറ്റ് അകലത്തിൽ ഒന്നാം ഇന്നിങ്സ് ലീഡ് കേരളത്തെ നോക്കിനിൽക്കുന്നു. രണ്ടാം ദിനമായ ഇന്നു കേരളത്തിന്റെ ലക്ഷ്യം ആ ലീഡ്തന്നെ.