വാസ്തുദോഷമോ, വ്യക്തിദോഷമോ ?

ത്രിവേന്ദ്ര സിങ് റാവത്

മതവിശ്വാസിയാണെങ്കിലും അന്ധവിശ്വാസിയല്ല ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്. മുൻമുഖ്യമന്ത്രി ഹരീഷ് റാവത്ത് അശുഭകരമായി തള്ളിയിരുന്ന ഡെറാഡൂണിലെ ഔദ്യോഗിക വസതിയിൽ ത്രിവേന്ദ്ര സിങ് റാവത് താമസമാരംഭിച്ചതോടെ  അഭ്യൂഹങ്ങൾക്കു വിരാമമായി. 

2010 ൽ നിർമിച്ച മുഖ്യമന്ത്രിക്കുള്ള ഔദ്യോഗിക വസതിയിൽ 40 മുറികളും നീന്തൽക്കുളവുമൊക്കെയുണ്ടെങ്കിലും ചീത്തപ്പേരാണ്. കാരണം, ബി.സി.ഖണ്ഡൂരി, രമേശ് ഖണ്ഡൂരി, വിജയ് ബഹുഗുണ എന്നിങ്ങനെ അവിടെ താമസിച്ചവരാരും സ്വസ്ഥതയോടെ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നിട്ടില്ല. ബഹുഗുണയ്ക്കുശേഷം അധികാരമേറ്റ ഹരീഷ് റാവത് ഇക്കാരണത്താൽ ഡെറാഡൂണിലെ ഔദ്യോഗികവസതിയുടെ അടുത്തേക്കുപോലും പോയില്ല.

പകരം, സംസ്ഥാന സർക്കാരിന്റെ ഗെസ്റ്റ് ഹൗസ് മുഖ്യമന്ത്രിയുടെ വസതിയാക്കി മാറ്റി. ഇതോടെ ആൾതാമസമില്ലാതായ ഔദ്യോഗികവസതിയുടെ അറ്റകുറ്റപ്പണിക്കു പൊതുമരാമത്തുവകുപ്പു വർഷംതോറും ലക്ഷങ്ങളാണു ചെലവഴിച്ചുകൊണ്ടിരുന്നത്. എന്നാൽ, കോൺഗ്രസിനു ഭരണം നഷ്ടപ്പെട്ടതിനു പുറമേ, മൽസരിച്ച രണ്ടു മണ്ഡലങ്ങളിലും പരാജയപ്പെട്ട ഹരീഷ് റാവത്തിനു തന്റെ മൂന്നു മുൻഗാമികളുടെ വിധി തന്നെ സംഭവിച്ചു. 

ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായ, ഗംഗ ശുചീകരണത്തിനുള്ള ബിജെപിയുടെ ദേശീയ സമിതിയുടെ തലവൻ കൂടിയായ, ത്രിവേന്ദ്ര സിങ് റാവത് മറ്റൊരു കാര്യത്തിലും ഉറച്ച നിലപാടെടുത്തു. തന്റെ കൊച്ചുകുടുംബം ഔദ്യോഗിക വസതിയിലെ നാലു കിടപ്പുമുറികൾ മാത്രമായിരിക്കും ഉപയോഗിക്കുക. ബാക്കിയുള്ളവ മുഖ്യമന്ത്രി ടീമിലെ അംഗങ്ങൾക്ക് ഔദ്യോഗികാവശ്യങ്ങൾക്ക് ഉപയോഗിക്കാം.

ദുശ്ശകുന മുന്നറിയിപ്പു തള്ളിക്കളഞ്ഞ മറ്റൊരു രാഷ്ട്രീയനേതാവ് വയലാർ രവിയാണ്. ബിജെപി നേതാവ് പ്രമോദ് മഹാജന്റെ ദാരുണാന്ത്യത്തിനുശേഷം സഫ്ദർജങ് റോഡ‍ിലെ ഏഴാം നമ്പർ മന്ദിരത്തിൽ താമസിക്കാൻ യുപിഎ സർക്കാരിലെ ആർക്കും താൽപര്യമില്ലായിരുന്നു.

പ്രമോദ് മഹാജനാകട്ടെ, ഈ മന്ദിരം കാര്യമായ രീതിയിൽ മോടിപിടിപ്പിക്കുകയും ചെയ്തിരുന്നു. സഹോദരനാൽ പ്രമോദ് മഹാജൻ വധിക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും ദുരൂഹസാഹചര്യത്തിൽ മരിച്ചത് ഏഴാം നമ്പറിനെ തീർത്തും അശുഭകരമാക്കി.

എന്നാൽ, ഇതൊന്നും കൂസാതെയാണു വയലാർ രവി അതേ വസതി തിരഞ്ഞെടുത്തത്. അദ്ദേഹം ദീർഘകാലം കേന്ദ്രമന്ത്രിയായിരിക്കുകയും ചെയ്തു. മഹാജൻ അവിടെ വരുത്തിയ  ആഡംബര സൗകര്യങ്ങൾ ലളിതശൈലിക്കാരനായ രവി ഉപയോഗിച്ചതുമില്ല.

നവീകരണ ജോലികൾക്കായി ഡൽഹി ലഫ്. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസ് പൊതുമരാമത്തു വകുപ്പ് ആറുമാസത്തേക്ക് അടച്ചിട്ടപ്പോൾ, പിന്നീടു വന്ന ഗവർണർമാർ ഓരോരുത്തരും വെവ്വേറെ വസതികൾ തിരഞ്ഞെടുത്തു. ഫലത്തിൽ രാജ് നിവാസ് ഒരു ദശകത്തോളം ഒഴിഞ്ഞുകിടന്നു. റിട്ട. പൊലീസ് ഓഫിസറായ ബി.എൽ. ജോഷിയെ ഗവർണറായി നിയമിച്ചപ്പോൾ, അദ്ദേഹം രാജ് നിവാസിൽ താമസിച്ചാൽ മതിയെന്നു നിർബന്ധം പിടിച്ചതുമൂലം അതു വീണ്ടും ഗവർണറുടെ സ്ഥിരം വസതിയായി. 

മുഖ്യമന്ത്രിമാരുടെ വസതികളിൽ ഏറ്റവും ശാപം പിടിച്ചത് ഒരുപക്ഷേ, ബാലബ്രൂയിയാകണം. ബെംഗളൂരു നഗരഹൃദയത്തിൽ 14 ഏക്കർ ഉദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന ഈ മന്ദിരം നിർമിച്ചത് 1850ൽ. മൈസൂർ രാജഭരണകാലത്തു ദിവാന്റെ വസതിയായിരുന്നു ഇത്. തുടർന്ന് കർണാടക സംസ്ഥാനത്തെ ഏഴു മുഖ്യമന്ത്രിമാർ അവിടെ താമസിച്ചു.

എന്നാൽ, 1980ൽ ആർ. ഗുണ്ടുറാവു മുഖ്യമന്ത്രിയായപ്പോൾ, വസതിക്കു വാസ്തുദോഷമുണ്ടെന്നു കണ്ടെത്തുകയും മറ്റൊരു സർക്കാർ മന്ദിരത്തിൽ താമസിക്കുകയും ചെയ്തു. ഗുണ്ടുറാവുവിന്റെ പിൻഗാമിയായി വന്ന രാമകൃഷ്ണ ഹെഗ്‍ഡേയും ഔദ്യോഗികവസതി ഉപേക്ഷിച്ചു സ്വകാര്യ വസതിയിലാണു താമസിച്ചത്. എന്നാൽ, ഹെഗ്ഡേയ്ക്കു ശേഷമെത്തിയ യുക്തിവാദി കൂടിയായ എസ്.ആർ.ബൊമ്മൈ ഔദ്യോഗിക വസതിയാണു തിരഞ്ഞെടുത്തത്.

കെട്ടിടം വഴി വരുന്ന ഭാഗ്യദോഷങ്ങളിൽ താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ, അധികാരമേറ്റ് ആറു മാസത്തിനുള്ളിൽ 1988 ൽ വിമതശല്യം മൂലം ബൊമ്മൈ സർക്കാർ വീണു. അതിനുശേഷം  ഔദ്യോഗിക വസതിയിൽ താമസിക്കാൻ കർണാടകയിലെ ഒരു മുഖ്യമന്ത്രിക്കും ധൈര്യമുണ്ടായിട്ടില്ല. ഇപ്പോൾ അതു സർക്കാർ ഗെസ്റ്റ് ഹൗസായാണ് ഉപയോഗിക്കുന്നത്.

സമീപകാലത്ത് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു സർക്കാർ വസതിയിൽ താമസിക്കാൻ വിസമ്മതിച്ചു. പകരം 100 കോടി രൂപ ചെലവഴിച്ച് ഒരു കൂറ്റൻ ബംഗ്ലാവ് പണിതു. അതേസമയം, ഭൂരിപക്ഷം സംസ്ഥാന മുഖ്യമന്ത്രിമാരും അനുവദിക്കപ്പെട്ട ഔദ്യോഗിക വസതികളിലാണു താമസം.

എന്നാൽ, തമിഴ്നാട്ടിൽ ദീർഘകാലം അധികാരത്തിലിരുന്ന മൂന്നു മുഖ്യമന്ത്രിമാരും – എം.കരുണാനിധി, എം.ജി.രാമചന്ദ്രൻ, ജെ. ജയലളിത – അവരവരുടെ സ്വന്തം വസതികളിലാണു താമസിച്ചത്. സിനിമയിലൂടെ വന്നവരായതിനാൽ മൂന്നുപേർക്കും ചെന്നൈയിൽ ശക്തമായ വേരുകളുണ്ടായിരുന്നു. 

പാർട്ടി ഓഫിസുകളുമായി ബന്ധപ്പെട്ട വാസ്തുദോഷഭീതികൾ നേതാക്കളെയും വേട്ടയാടാറുണ്ട്. ബഹുജൻ സമാജ്‌ പാർട്ടിയുടെ ദേശീയ ആസ്ഥാനത്തിനുവേണ്ടി ഡൽഹിയിലെ നയതന്ത്രമേഖലയിൽ നിർമിച്ച നാലുനില മന്ദിരത്തിലേക്കു പാർട്ടി ആസ്ഥാനം മാറ്റാൻ മായാവതി തയാറാകാതിരുന്നതു വാസ്തുദോഷം ഭയന്നാണ്.

എന്നിട്ടും, ബിഎസ്‌പി തുടർച്ചയായി നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടു. ഡൽഹിയിലെ നാലുനില മന്ദിരമാകട്ടെ കെയർടേക്കർമാരുടെ കൈകളിലും.