‘നിങ്ങൾ വീട്ടിൽ മടങ്ങിയെത്തുമ്പോൾ അവിടെയുള്ളവരോടു പറയുക; അവരുടെ നാളേയ്ക്കായി ഞങ്ങൾ ഇന്നു ജീവൻ ബലി നൽകിയെന്ന്’.
നാഥുലയ്ക്കു നാലു കിലോമീറ്റർ മുൻപു ഷേറാതാങ്ങിലുള്ള യുദ്ധസ്മാരകത്തിൽ കുറിച്ചിട്ടുള്ള വരികളാണിത്. ചൈനയുടെ ആക്രമണങ്ങളിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ ജീവൻ ബലി നൽകിയ ധീരജവാൻമാരുടെ ജ്വലിക്കുന്ന ഓർമകൾക്ക് ഇവിടെ മരണമില്ല. ‘ചൈനയുടെ ഏത് ആക്രമണവും നേരിടാൻ നമ്മൾ സജ്ജരാണ്. അവർ ഒന്നടിച്ചാൽ പത്തിരട്ടിയായി തിരിച്ചു നൽകാനുള്ള കെൽപ് നമുക്കുണ്ട്’ – നാഥുലയിൽ കാവൽ നിൽക്കുന്ന സൈനികന്റെ വാക്കുകളിൽ ആവേശം നിറഞ്ഞുതുളുമ്പി.
യുദ്ധസാധ്യതയില്ല
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചർച്ചകളിൽ നിറയുന്ന ചോദ്യം നാഥുലയിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥനോടു ചോദിച്ചു – യുദ്ധത്തിലേക്കു നീങ്ങുകയാണോ? സാധ്യത വിരളമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതിനുള്ള കാരണങ്ങൾ അദ്ദേഹം നിരത്തിയതിങ്ങനെ: ‘ഇരു രാജ്യങ്ങളും സൈനികമായി ശക്തരാണ്. യുദ്ധമുണ്ടായാൽ ഇരുപക്ഷത്തുമുണ്ടാകുന്ന നാശനഷ്ടങ്ങൾ വളരെ വലുതായിരിക്കും. അതിർത്തിയിൽ ചിലയിടങ്ങളിൽ ഭൂമിസ്ഥിതിപരമായ അനുകൂല സാഹചര്യം ഇന്ത്യയ്ക്കുണ്ട്. അവിടെ മലമുകളിൽ ഇന്ത്യയ്ക്കുള്ള നിയന്ത്രണം ചൈനയെ ഭയപ്പെടുത്തുന്നു. യുദ്ധമുണ്ടായാൽ, അവിടെ നിന്നുള്ള ഇന്ത്യൻ ആക്രമണം അതിരൂക്ഷമായിരിക്കും.
ഈ സാഹചര്യത്തിൽ, നേർക്കുനേരെയുള്ള യുദ്ധത്തിന് ചൈന ഇറങ്ങിത്തിരിക്കാനുള്ള സാധ്യത കുറവാണ്. അങ്ങോട്ടു ചെന്ന് യുദ്ധം ആരംഭിക്കില്ലെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ആരെങ്കിലും ആക്രമിച്ചാൽ, അതിനെ പ്രതിരോധിച്ച് അവരെ തുരത്തുക എന്നതാണു നമ്മുടെ സൈനിക നയം. ചൈന അതിക്രമിച്ചു കയറി നമ്മെ ആക്രമിക്കാത്തിടത്തോളം യുദ്ധമുണ്ടാവില്ല. ഇനി അഥവാ അങ്ങനെ സംഭവിച്ചാൽ, നാം സർവ സജ്ജമാണ്. അത് അവർക്കു നന്നായി അറിയാം’ – ഓഫിസർ വ്യക്തമാക്കി. അതിർത്തിയിൽ പരേഡ് നടത്തിയും യുദ്ധ സാമഗ്രികളുടെ പരീക്ഷണം നടത്തിയും ചൈന തങ്ങളുടെ യുദ്ധ സന്നദ്ധത അറിയിക്കുന്നുണ്ട്. അവയെല്ലാം സസൂക്ഷ്മം നിരീക്ഷിച്ച് നിലയുറപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ സേന.
ഒരു രീതിയിലുള്ള പ്രകോപനവും ഇന്ത്യൻ ഭാഗത്തു നിന്നുണ്ടാകരുതെന്നാണു സൈനികർക്കുള്ള നിർദേശം. നിലവിലെ സംഘർഷാവസ്ഥയെക്കുറിച്ചു ചൈനീസ് സൈനിക, വിദേശകാര്യ വക്താക്കൾ തുടർച്ചയായി പ്രതികരണങ്ങൾ നടത്തുമ്പോഴും അതിരുവിട്ട പ്രതികരണങ്ങൾക്ക് ഇന്ത്യ മുതിരാത്തതും അതുകൊണ്ടു തന്നെ. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ഇന്ത്യ വഴിയൊരുക്കിയില്ലെങ്കിൽ യുദ്ധത്തിനു സാധ്യതയുണ്ടെന്നാണു ചൈനീസ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം.
ലൗഡ് സ്പീക്കർ യുദ്ധം
ഏതു നിമിഷവും യുദ്ധമുണ്ടാകാമെന്ന നിലയിലുള്ള പ്രചാരണമാണ് അതിർത്തിയിൽ ചൈനീസ് സൈനികരിൽ നിന്നുണ്ടാകുന്നത്. എതിരു നിൽക്കുന്ന ഇന്ത്യൻ സൈനികരെ പ്രകോപിപ്പിക്കുന്നതിൽ ചൈനീസ് സൈനികർ മിടുക്കരാണ്. ഉച്ചഭാഷിണിയിലൂടെ ഹിന്ദിയിലും ഇംഗ്ലിഷിലും ഇന്ത്യൻ സൈനികരെ കളിയാക്കുകയാണ് ഇതിലൊരു രീതി. ‘അതിർത്തിയിൽ കാവൽ നിൽക്കുന്ന നിങ്ങൾക്ക് എന്തു ലഭിക്കുന്നു? നിങ്ങളുടെ ശമ്പളം വളരെ തുച്ഛമാണ്. നിങ്ങളുടെ മുതിർന്ന ഓഫിസർമാർ സുഖിക്കുമ്പോൾ നിങ്ങൾ അതിർത്തിയിൽ മരിച്ചുവീഴുന്നു’ – ഇന്ത്യൻ സൈനികരെ മാനസികമായി തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം വാചകങ്ങൾ ഉച്ചഭാഷിണിയിലൂടെ ചൈന നിരന്തരം പ്രയോഗിക്കുന്നു.
അതിനു നമുക്കു മറുപടിയില്ലേ? തീർച്ചയായും ഉണ്ട് – സൈനികർ പറഞ്ഞു. ‘ചൈനീസ് ഭാഷയിൽ നമ്മൾ ഏതാനും വാചകങ്ങൾ റെക്കോർഡ് ചെയ്തു വച്ചിട്ടുണ്ട്. അവർ വാചകമടി ആരംഭിക്കുന്നതിനു പിന്നാലെ, നമ്മളും ഉച്ചഭാഷണിയിലൂടെ ഈ വാചകങ്ങൾ കേൾപ്പിക്കും. വാചകങ്ങളുടെ അർഥം എന്താണെന്നു ചോദിക്കരുത്. അത് രഹസ്യമാണ്!’ – ഗൂഢമായ ചിരിയോടെ സൈനികർ വ്യക്തമാക്കി.
അതിർത്തിയിൽ നേർക്കുനേർ നിൽക്കുന്ന സൈനികർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും പതിവാണ്. എതിരാളിക്കു ചുട്ട മറുപടി നൽകാനുള്ള ഏതാനും ൈചനീസ് വാക്കുകൾ സൈനികർ മനഃപാഠമാക്കിയിട്ടുണ്ട്. ചിലപ്പോൾ ചൈനീസ് സൈനികർ യുദ്ധത്തിനെന്ന പോലെ മാർച്ച് ചെയ്ത് ഇന്ത്യൻ സൈനികർക്കു തൊട്ടുമുന്നിൽ വരെയെത്തി പ്രകോപിപ്പിക്കും.
തന്ത്രപ്രധാനം നാഥുല
നാഥുലയിൽ നിന്ന് ഏതാനും കാൽച്ചുവടുകൾ മാത്രം അകലെയാണു ചൈന. ഇവിടെ നിന്നു കൂവിവിളിച്ചാൽ അപ്പുറമുള്ള സൈനികനു കേൾക്കാവുന്നത്ര അടുത്തുണ്ട് ചൈന! പകൽ പോലും കനത്ത മൂടൽ മഞ്ഞാണ് ഇവിടെ. അതിർത്തിയിൽ ചില ദിവസങ്ങളിൽ പട്രോളിങ് നടത്തുമ്പോൾ മൂടൽമഞ്ഞു നിറയും. തൊട്ടടുത്തുള്ളയാളെ പോലും കാണാൻ കഴിയാത്ത വിധം കാഴ്ച മറയും. ചൈനീസ് സൈനികന്റെ ശ്വാസം നമ്മുടെ മുഖത്തടിക്കുമ്പോഴാവും അവർ അത്രമേൽ അടുത്തുണ്ടെന്നു തിരിച്ചറിയുക! – സൈനികർ അനുഭവങ്ങൾ പങ്കുവച്ചു.
1962 – 67 കാലഘട്ടമാണ് ഇന്ത്യ – ചൈന അതിർത്തിയിൽ ഏറ്റവുമധികം ചോര വീണത്. കശ്മീർ അതിർത്തിയിലുള്ള അക്സായ് ചിൻ, അരുണാചൽ അതിർത്തി എന്നിവിടങ്ങളിൽ 1962ൽ നടന്ന യുദ്ധത്തിനു പിന്നാലെ അതിർത്തിയിൽ ഇന്ത്യയ്ക്കു മേൽ ചൈന സമ്മർദം ശക്തമാക്കി. 1965ലെ ഇന്ത്യാ – പാക്കിസ്ഥാൻ യുദ്ധവേളയിൽ, നാഥുലാ നിരീക്ഷണ പോസ്റ്റിൽ നിന്ന് ഇന്ത്യയെ തുരത്താൻ ചൈന നീക്കം നടത്തി.
എന്നാൽ, നാഥുലയിൽ സേനയ്ക്കു നേതൃത്വം നൽകിയ മേജർ ജനറൽ സാഗത് സിങ് ചൈനയെ നേർക്കുനേർ നേരിട്ടു. നാഥുല കൈവിടുന്നതു ചൈനയ്ക്കു സൈനികപരമായി മേൽക്കൈ നൽകുമെന്നു വിലയിരുത്തിയ സാഗത്, അയൽരാജ്യത്തു നിന്നുള്ള നിരന്തര സമ്മർദം അതിജീവിച്ചു.
ജീവൻ പോയാലും നാഥുല വിട്ടുകൊടുക്കില്ലെന്ന സാഗതിന്റെ നിശ്ചയദാർഢ്യം ഒടുവിൽ വിജയം കണ്ടു. ഇന്നും കൈവശമുള്ള നാഥുല ചുരമാണു ചൈനയുടെ സൈനിക നീക്കങ്ങളെ ഫലപ്രദമായി ചെറുക്കാൻ ഇന്ത്യയ്ക്കു കരുത്തു പകരുന്നത്. ചുരത്തിലെ ഉയർന്ന പ്രദേശങ്ങളായ കാമൽസ് ബാക്ക്, സേബു ലാ എന്നിവയുടെ നിയന്ത്രണം ഭൂമിശാസ്ത്രപരമായി ഇന്ത്യയ്ക്കു കരുത്തു പകരുന്നു. ഉയരത്തിലുള്ള ഇവിടെ നിന്നു ചൈനയെ കൃത്യമായി ഉന്നമിട്ട് ആക്രമിക്കാൻ ഇന്ത്യയ്ക്കു സാധിക്കും.
സൈന്യമുണ്ട് കൂടെ
1962ലെ പാഠം മറക്കരുതെന്ന ചൈനയുടെ ഭീഷണി ഇന്ത്യ വകവയ്ക്കാത്തതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് 1967ൽ നൽകിയ തിരിച്ചടിയുടെ ആത്മവിശ്വാസമാണ്. അര നൂറ്റാണ്ട് ഇപ്പുറമെത്തി നിൽക്കുമ്പോൾ 1962ലെ ഇന്ത്യയല്ല ഇപ്പോഴുള്ളതെന്ന പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്ലിയുടെ വാക്കുകൾ പ്രസക്തമാണ്. സൈനികതലത്തിൽ ഇന്ത്യ കൈവരിച്ച കരുത്ത് അതിർത്തിയിലൂടെയുള്ള യാത്രയിൽ ഞങ്ങൾ നേരിട്ടു കണ്ടു.
ഇന്ത്യ; ശാന്തമായി ഉറങ്ങുക. അതിർത്തിയിൽ നമുക്കു കാവലായി കണ്ണിമ ചിമ്മാതെ സൈന്യമുണ്ട്.
ചരിത്രത്തിലെ വെടിയൊച്ചകൾ
1966, 67 വർഷങ്ങൾ അതിർത്തി മേഖല നിരന്തര സംഘർഷങ്ങൾക്കു സാക്ഷ്യം വഹിച്ചു. നാഥുല പിടിച്ചെടുക്കാൻ കഴിയാത്തതിന്റെ പക മനസ്സിൽ നിറച്ച്, പലയിടത്തും ചൈനീസ് സൈന്യം ഏറ്റുമുട്ടലിനു മുതിർന്നു. നീറിപ്പുകഞ്ഞ തർക്കങ്ങൾ 1967ൽ നേരിട്ടുള്ള ഏറ്റുമുട്ടലിനു വഴിമാറി.
ഓഗസ്റ്റ് 13ന് അതിർത്തിയിലെ ഇന്ത്യൻ നിരീക്ഷണ പോസ്റ്റ് ആയ സേബു ലായ്ക്കു സമീപം ബങ്കറുകൾ നിർമിക്കാനുള്ള ചൈനീസ് ശ്രമത്തെ ഇന്ത്യ എതിർത്തു. ഇതു വകവയ്ക്കാതെ, ബങ്കറുകളിൽ ചൈന സൈനികരെ അണിനിരത്തി; അതിർത്തിയിലെ ഉച്ചഭാഷിണികളുടെ എണ്ണവും വർധിപ്പിച്ച് ഇന്ത്യയെ വെല്ലുവിളിച്ചു. പ്രശ്നം വഷളാകാതിരിക്കാൻ കമ്പിവേലി സ്ഥാപിച്ച് അതിർത്തി കൃത്യമായി വേർതിരിക്കാൻ ഇന്ത്യ നടപടി ആരംഭിച്ചു.
വേലി സ്ഥാപിക്കുന്നതിനെ എതിർത്ത ചൈന സെപ്റ്റംബർ 11ന് ഇന്ത്യയ്ക്കെതിരെ സൈനിക നടപടി ആരംഭിച്ചു. അഞ്ചു നാൾ നീണ്ട സംഘർഷത്തിൽ ശക്തമായി തിരിച്ചടിച്ച ഇന്ത്യ ചൈനയ്ക്കു കനത്ത നഷ്ടമുണ്ടാക്കി. പിന്നാലെ ഒക്ടോബർ ഒന്നിന് നാഥുലയ്ക്കു വടക്കുള്ള ചോ ലാ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും ഇന്ത്യ ഉശിരോടെ പൊരുതി. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇരു സംഘർഷങ്ങളിലുമായി ഇന്ത്യയ്ക്ക് 88 സൈനികരെ നഷ്ടമായി; ചൈനീസ് നിരയിൽ 340 പേർ കൊല്ലപ്പെട്ടു.
1962ലെ യുദ്ധത്തിനു ശേഷമുള്ള ഇന്ത്യയുടെ മധുര പ്രതികാരമായിരുന്നു അത്. സൈനികപരമായി ൈചനയെ നേരിടാൻ നമുക്കു കരുത്തുണ്ടെന്ന് ഇന്ത്യ തിരിച്ചറിഞ്ഞ നിമിഷം.
നാളെ: അതിർത്തിയിലെ ഇന്ത്യൻ സൈനിക കരുത്ത്; ചൈനീസ് സൈന്യത്തിന്റെ തയാറെടുപ്പുകൾ