ടോളിവുഡിലേക്കു ലഹരി മാഫിയയുടെ കടന്നുകയറ്റത്തെക്കുറിച്ചു മുൻപേ മുന്നറിയിപ്പുകൾ നൽകിയിരുന്നതാണെന്നു സിനിമാ ലോകവുമായി അടുത്തവൃത്തങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു. രണ്ടോ മൂന്നോ നിർമാതാക്കളുടെ വിരൽത്തുമ്പിലാടുന്ന പാവക്കൂത്താണു ടോളിവുഡ്.
അവരുടെ മക്കളും മരുമക്കളും നിയന്ത്രിക്കുന്ന ലോകം. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ സമാനമായ അഞ്ചു കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഇതിലെല്ലാം സിനിമാലോകവുമായി ബന്ധമുള്ള ഒട്ടേറെ പേരുകൾ പുറത്തുവന്നിരുന്നു. പക്ഷേ, സിനിമാലോകത്തെ മാത്രമല്ല, തെലങ്കാന രാഷ്ട്രീയത്തെയും നിയന്ത്രിക്കുന്ന നിർമാതാക്കളുടെ സമ്മർദത്തിൽ ആ കേസുകളെല്ലാം പൂഴ്ത്തി.
2015ൽ ഡയറക്ടർ സുശാന്ത് റെഡ്ഡി ലഹരിമരുന്നുമായി അറസ്റ്റിലായി. സിനിമാലോകവുമായി അടുത്ത ബന്ധമുള്ള ഇവന്റ് മാനേജർ പിയൂഷ് ഓലക്ക് പിടിയിലായപ്പോഴാണ് എക്സൈസ് സംഘം ശരിക്കും ഞെട്ടിയത്. എൻജിനീയർ കൂടിയായ പിയൂഷ് മരേഡ്പള്ളിയിലെ വീട് ഒരു പരീക്ഷണശാലയാക്കി മാറ്റിക്കഴിഞ്ഞിരുന്നു.
ജർമനിയിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും ലൈസർജിക് ആസിഡ് ഡൈഈതലമൈഡ് (എൽഎസ്ഡി) സംഘടിപ്പിച്ചിരുന്ന പിയൂഷ് സ്വന്തമായി ലഹരിമരുന്ന് ഉണ്ടാക്കാൻ തുടങ്ങി. വിവിധ ലഹരികൾ കൂട്ടിച്ചേർത്തു വീര്യം കൂടിയ പുതിയ ലഹരിഗുളികകൾ നിർമിച്ചിരുന്ന പിയൂഷ് അന്നും സിനിമാലോകത്തു പ്രിയങ്കരനായിരുന്നു എന്ന് എക്സൈസ് അധികൃതർ പറയുന്നു.
കൊക്കെയ്നും എൽഎസ്ഡിയും ഉൾപ്പെടെ വൻ ലഹരിശേഖരം പിയൂഷിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്തെങ്കിലും അന്വേഷണം അവിടെ അവസാനിച്ചു. ഇപ്പോഴത്തെ മാതൃകയിൽ പിയൂഷിന്റെ ബന്ധങ്ങൾ അന്വേഷിക്കാനോ, ഇവന്റ് മാനേജരുടെ കുപ്പായമണിഞ്ഞ പിയൂഷിന്റെ സിനിമാലോകത്തെ വഴികൾ ചികയാനോ എക്സൈസ് മെനക്കെട്ടില്ല. അതിന് അനുവദിച്ചില്ല എന്നു പറയുന്നതാവും കൂടുതൽ ശരി.
എങ്കിലും ടോളിവുഡ് സഞ്ചരിക്കുന്ന ലഹരി വഴികളെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ എക്സൈസ് ഇന്റലിജൻസ് വിഭാഗം ശേഖരിച്ച്, മേലധികാരികൾക്കും സിനിമാ ലോകത്തെ പ്രമുഖർക്കും നൽകിയിരുന്നു.