ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ് ഫൈനലിൽ നേടിയ പൊന്നിൻവിലയുള്ള വെള്ളിയിലൂടെ പി.വി. സിന്ധു ഇന്ത്യയുടെ ത്രിവർണപതാക വീണ്ടും ഉയരെ പാറിക്കുന്നു. പതിറ്റാണ്ടുകളായി ഒരു ലോക ചാംപ്യനെ ചുമലിലേറ്റാൻ കാത്തിരിക്കുന്ന ഭാരതീയർക്ക് ഈ വെള്ളിയിൽ നിരാശയില്ല. ഇന്നത്തെ വെള്ളി നാളത്തെ പൊന്നായി മാറുന്നതുവരെ കാത്തിരിക്കുമെന്നു പറയുകയാണു രാജ്യം. സൈന നെഹ്‌വാൾ നേടിയ വെങ്കലംകൂടിയായപ്പോൾ സ്കോട്‍ലൻഡിലെ ഗ്ലാസ്ഗോയിൽ നടന്ന ഈ ചാംപ്യൻഷിപ് ഇന്ത്യൻ കായികചരിത്രത്തിൽ സുവർണലിപികളിൽ എഴുതപ്പെടുന്നു.
ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ് ചരിത്രത്തിൽ ഇന്ത്യയുടെ സാന്നിധ്യം പലവട്ടം അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും വെള്ളിയും വെങ്കലവും നാം ഒരുമിച്ചു സ്വന്തമാക്കുന്നത് ഇതാദ്യമാണ്. 1983ൽ കോപ്പൻഹേഗൻ ചാംപ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ പ്രകാശ് പദുക്കോൺ ഒരു വെങ്കലം സ്വന്തമാക്കുന്നതുവരെ ലോക ബാഡ്മിന്റനിൽ അതിഥിതാരങ്ങൾ മാത്രമായിരുന്നു ഇന്ത്യക്കാർ. പിന്നീട് 2011 ലണ്ടൻ ചാംപ്യൻഷിപ്പുവരെ ഇന്ത്യയുടെ കാത്തിരിപ്പ് നീണ്ടു. ഡബിൾസിൽ ജ്വാല ഗുട്ട– അശ്വിനി പൊന്നപ്പ സഖ്യം വെങ്കലം സ്വന്തമാക്കി. 2012 ലണ്ടൻ ഒളിംപിക്സിൽ വെങ്കലം നേടി രാജ്യാന്തര ബാഡ്മിന്റൻ രംഗത്ത് ഇന്ത്യൻ പതാക സൈന നെഹ്‌വാൾ വീണ്ടും ഉയരെ പാറിച്ചെങ്കിലും ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ മാറ്റത്തിന്റെ കാറ്റു കൊണ്ടുവന്നത് ആന്ധ്രയിലെ പശ്ചിമ ഗോദാവരിയിൽ നിന്ന് ഇന്ത്യൻ ബാഡ്മിന്റൻ രംഗത്ത് അവതരിച്ച പി.വി. സിന്ധുവാണ്. 2013ൽ ഗ്വാങ്ചൗ ചാംപ്യൻഷിപ്പിൽ വനിതാ സിംഗിൾസിൽ വെങ്കലം. തൊട്ടടുത്ത വർഷം കോപ്പൻഹേഗനിലും വെങ്കലം.
രണ്ടു ലോക ചാംപ്യൻഷിപ്പുകളിൽ തുടരെ മെഡൽ നേടുന്ന ആദ്യതാരമായി സിന്ധു. 2015 ജക്കാർത്ത ലോക ചാംപ്യൻഷിപ്പിൽ സൈന നെഹ്‌വാൾ ഇന്ത്യയ്ക്ക് ആദ്യ വെള്ളിത്തിളക്കം സമ്മാനിച്ചു. 2016 റിയോ ഒളിംപിക്സിൽ നിന്നു പരുക്കോടെ സൈന നെഹ്‌വാൾ നേരത്തേ പുറത്തായെങ്കിലും ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ ബാഡ്മിന്റൻ വെള്ളി നേടി പി.വി. സിന്ധു ചരിത്രം കുറിച്ചു. ക്രിക്കറ്റിലെ വിജയങ്ങളിൽ മാത്രം അഭിരമിച്ചു നടന്ന ഒരു രാജ്യത്തിന്റെ കായിക മുന്നേറ്റത്തിൽ സ്ത്രീകളുടെ കരുത്തു കൂടി വ്യക്തമാക്കുന്നതാണ് ബാഡ്മിന്റനിലെ വിജയങ്ങൾ. കായികലോകത്തു വ്യക്തിപരമായ വിജയങ്ങൾ വലുതായൊന്നും ഇല്ലാത്തൊരു രാജ്യത്തിന് അതുകൊണ്ടു തന്നെ സിന്ധുവും സൈനയും പുതുതലമുറയ്ക്ക് വഴികാട്ടുന്ന വിജയനക്ഷത്രങ്ങളായി മാറുന്നു.
കലാശപ്പോരാട്ടത്തിൽ അത്യുഗ്രൻ കളിക്കു ശേഷം സിന്ധുവിനു പരാജയം സമ്മതിക്കേണ്ടി വന്നു. അതു പരാജയമാണെന്നു സമ്മതിക്കാൻ ആരാധകർ തയാറാവില്ലെന്നു മാത്രം.
മത്സരശേഷം സിന്ധു പറഞ്ഞ വാക്കുകൾ ഓർമിക്കാം: ‘‘ഓരോ പോയിന്റും പ്രയത്നിച്ചാണു നേടിയത്. പക്ഷേ, അവസാനനിമിഷം എല്ലാം മാറിപ്പോയി.’’ മത്സരം എത്ര ദുഷ്കരമായിരുന്നുവെന്നതിനു വേറെ കാരണങ്ങൾ തേടേണ്ട.
ഗ്ലാസ്ഗോയിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാൻ ഒന്നുകൂടിയുണ്ട്. പരുക്കിനെ മറികടന്നു സെമിഫൈനൽ വരെ പോരാടിയെത്തി ഇന്ത്യയ്ക്കു വെങ്കലം സമ്മാനിച്ച സൈന നെഹ്‌വാൾ. സിന്ധുവിനെ ഫൈനലിൽ തോൽപിച്ച നൊസോമി ഒകുഹാര തന്നെയാണ് സൈനയുടെ ഫൈനൽ സ്വപ്നത്തിനും തടയിട്ടത്. ഈ പൊൻവനിതകൾ ഇന്ത്യയ്ക്കായി ഉയരങ്ങൾ കീഴടക്കുമ്പോൾ നിശ്ശബ്ദനായി ആഹ്ലാദിക്കുന്ന മറ്റൊരാൾ കൂടിയുണ്ട്. ഇവരുടെ പരിശീലകൻ പുല്ലേല ഗോപിചന്ദ്. 2001ൽ സെവിയ്യയിൽ നടന്ന ചാംപ്യൻഷിപ്പിൽ പാൻ അമേരിക്കൻ ചാംപ്യൻ കെവിൻ ഹാൻ അടക്കമുള്ളവരെ തോൽപിച്ചു ക്വാർട്ടർ വരെ എത്തിയതാണ് ഗോപിചന്ദ്. പക്ഷേ, മെഡലെന്ന മോഹം അകന്നു നിന്നു. തനിക്കു സാധിക്കാതെ പോയതു ശിഷ്യരിലൂടെ സാധിച്ചെടുക്കുന്ന ഈ പ്രതിഭാശാലിയും രാഷ്ട്രത്തിന്റെ കയ്യടി അർഹിക്കുന്നു. പരുക്കും ഫോമില്ലായ്മയുമായി ഇടക്കാലത്തു നിറം മങ്ങിപ്പോയ സൈനയെ വീണ്ടുമൊരു ലോക പോരാട്ടത്തിനു പ്രാപ്തയാക്കിയ മലയാളി കോച്ച് യു. വിമൽകുമാറും അഭിനന്ദനം അർഹിക്കുന്നു.
ഇനി സിന്ധുവിനും സൈനയ്ക്കും പിന്നിൽ ഒറ്റക്കെട്ടായി അണിനിരന്ന് ഇന്ത്യ നോക്കുന്നത് ടോക്കിയോയിലേക്കാണ്. വെള്ളി പൊന്നായി മാറുന്ന ആ രാസവിദ്യ അടുത്ത ഒളിംപിക്സ് വേദിയിൽ സംഭവിക്കുമെന്നുതന്നെ നമുക്കു വിശ്വസിക്കാം.