ഒഴിവുകാലത്തെ കൊള്ളയടി

ഇന്ത്യൻ ഭരണാധികാരികളുടെ വിദേശയാത്രാവേളയിൽ കരകവിഞ്ഞൊഴുകുന്ന പ്രവാസിസ്നേഹം, പിന്നെക്കാണുന്നത് ‘പ്രവാസി ഭാരതീയ ദിവസ്’ എന്ന പ്രഹസനോൽസവത്തിലാണ്.

ഏകദേശം നാലു ലക്ഷത്തി അൻപതിനായിരം കോടി രൂപ ഓരോ വർഷവും ഇന്ത്യയിലേക്കു കൊടുക്കുന്നവർ തങ്ങളുടെ സാമ്പത്തിക സംഭാവനയ്ക്കു പകരമായി ഒരു വിലപേശലിനും മുതിരാതെ, വളരെ നിസ്സാരമായി പരിഹരിക്കാവുന്ന ചില മനുഷ്യാവകാശങ്ങൾക്കു വേണ്ടി മാത്രമാണു കരച്ചിലടക്കാറുള്ളത്. അതിലൊന്നാണ് അവധിക്കാലത്തെ ന്യായരഹിതമായ വിമാനക്കൂലി വർധന.

കുത്തഴിഞ്ഞ ഭരണക്രിയയുടെയും കെടുകാര്യസ്ഥതയുടെയും ഫലമായി കുമിഞ്ഞുകൂടുന്ന നഷ്ടം നികത്താനുള്ള എളുപ്പവഴിയായി പൊതുമേഖലാ വിമാനക്കമ്പനി കാണുന്നത് ഈ അവധിക്കാല കൊള്ളയെയാണ്.

പ്രഫഷണലിസവും മാനേജ്മെന്റ് പാടവവും ഉപയോഗിച്ചു പൊതുവേ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾ, എയർ ഇന്ത്യയുടെ ഈ ഉദാത്തമാതൃക ആവേശത്തോടെ പിന്തുടർന്നു ലാഭം കൊയ്യാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കുകയും ചെയ്യുന്നു.

പ്രവാസികളെ ആശ്രയിച്ചുള്ള തൊഴിൽ, വ്യാപാര മേഖലകളും ആഗോളവൽക്കരണവും ടൂറിസം മേഖലയിലെ വളർച്ചയുംകൂടി ആകാശവ്യാപാരം സമ്പന്നമാക്കിയിരിക്കുകയാണ്. സീസൺ–ഓഫ്സീസൺ വേർതിരിവുകൾ മിക്കവാറും ഇല്ലാതായിക്കഴിഞ്ഞു. എന്നിട്ടും, അവധിക്കാല നിരക്കുവർധന എന്ന നീതിനിഷേധം ഇപ്പോഴും തുടരുന്നു.

ലോകത്തു നാട്ടിലേക്കു പണമയയ്ക്കുന്ന പ്രവാസികളിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാർക്കാണ്. ആകെയുള്ള പണമയപ്പിന്റെ 12 ശതമാനം! മറ്റൊരു രാജ്യത്തും, പ്രവാസികളുടെ അധ്വാനം, രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സിനെ ഇത്രയേറെ സഹായിക്കുന്നില്ല.

ഇന്ത്യയിലെ പ്രവാസ സ്വാധീനം ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനമാണു കേരളം. ഇവിടെനിന്നുള്ള 20 എംപിമാരും, വിദേശകാര്യ വകുപ്പിനു പുറമേ പ്രവാസികാര്യ വകുപ്പിനു പ്രത്യേകമായി കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാരും ഉണ്ടായിരുന്ന കാലത്തുപോലും സമ്പന്നരായ പ്രവാസ മുതലാളിമാർക്കു പത്മശ്രീ പുരസ്കാരങ്ങൾ നേടിക്കൊടുക്കുന്നതിനപ്പുറത്ത്, പ്രവാസികളുടെ കാതലായ ഈ അടിസ്ഥാന പ്രശ്നത്തിനു പരിഹാരം കാണാൻ, ആത്മാർഥമായ ശ്രമമുണ്ടായില്ല.

പ്രവാസി വോട്ടവകാശം ഈ പ്രശ്നത്തിനു പോംവഴിയായി കാണുന്നവരുണ്ട്. പക്ഷേ, നിലവിലെ ജനാധിപത്യ പ്രക്രിയയിൽ ഇപ്പോൾതന്നെ നിർണായക പങ്കാളിത്തമുള്ള പ്രവാസി കുടുംബങ്ങളുടെ വോട്ടുകൾ, കാര്യസാധ്യത്തിനുവേണ്ടി മാത്രം ഉപയോഗിക്കപ്പെടുകയാണു ചെയ്യുന്നത്.

എണ്ണയുടെ വിലയിടിവും, ഗൾഫ് മേഖലയിലെ രാഷ്ട്രീയ പ്രശ്നങ്ങളും സൃഷ്ടിച്ച അരക്ഷിതാവസ്ഥയിൽ ഞെരുങ്ങുന്ന പ്രവാസിക്ക്, സമ്പാദ്യങ്ങളിൽനിന്നു ഭീമമായ സംഖ്യയ്ക്കു ടിക്കറ്റെടുത്ത് നാട്ടിലേക്കു വരാൻ കഴിയാതാവുമ്പോൾ, ഇപ്രാവശ്യം നാട്ടിലേക്കില്ല എന്നു നെടുവീർപ്പിടാനേ കഴിയൂ.

അപ്പോൾ, നാട്ടിലെ സമ്പന്നമായ മാളികജയിലുകളുടെ ഏകാന്തതയിലേക്ക് ഒതുങ്ങിപ്പോകുന്ന വൃദ്ധജനങ്ങളുടെ പ്രതീക്ഷാനിർഭരമായ കാത്തിരിപ്പാണു കെട്ടുപോകുന്നത്.

ഏതൊക്കെയോ രാജ്യങ്ങളിലെ സമാനമായ തടവറകളിൽ അകപ്പെട്ടു പോയ കുട്ടികളുടെ വാർ‌ഷിക പരോളിലെ മിഴിവാർന്ന നാട്ടുസ്വപ്നങ്ങളാണു പൊലിഞ്ഞുപോകുന്നത്.

താങ്ങാനാവാത്ത യാത്രാ ചെലവുകൾ പ്രവാസി കുടുംബങ്ങളിൽ, അവരുടെ ബന്ധുക്കളിൽ, സുഹൃത്തുക്കളിൽ സൃഷ്ടിക്കുന്നത് സ്നേഹസാന്നിധ്യ നഷ്ടങ്ങൾ, ഒറ്റപ്പെടലിന്റെ മുറിവുകൾ, വേരറുക്കപ്പെടുന്ന മനുഷ്യബന്ധങ്ങൾ, വറ്റിപ്പോവുന്ന സാംസ്കാരിക വിനിമയധാരകൾ.

ഇതൊക്കെ മനസ്സിലാക്കുന്ന മനുഷ്യപ്പറ്റുള്ള ഭരണാധികാരികളുണ്ടായാൽ മാത്രമേ പ്രവാസിയുടെ കേവലമായ വിലാപങ്ങൾക്കു പരിഹാരമുണ്ടാകൂ.

(പ്രശസ്ത തിരക്കഥാകൃത്തും പ്രവാസിയുമാണ് ലേഖകൻ)