1997 ജനുവരി 21. മുംബൈയിൽ പ്രസവശസ്ത്രക്രിയയുടെ സമയത്തു സ്വീകരിച്ച രക്തത്തിലൂടെ എച്ച്ഐവി അണുക്കൾ അമ്മയുടെ ശരീരത്തിൽ പ്രവേശിച്ചു, മുലപ്പാലിലൂടെ കുഞ്ഞിലേക്കു പടരുകയും ചെയ്തു. പ്രസവശസ്ത്രക്രിയയ്ക്കു മുൻപു ചെയ്ത പരിശോധനയിൽ എച്ച്ഐവി നെഗറ്റീവ് ആയിരുന്നു യുവതി. രോഗം ബാധിച്ച കുഞ്ഞ് അധികം വൈകാതെ മരിച്ചു. ഭർത്താവ് ഉപേക്ഷിച്ചുപോവുകയും ചെയ്തു.
എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ യുവതി ആദ്യം സമീപിച്ചതു ദേശീയ ഉപഭോക്തൃ തർക്കപരിഹാര കോടതിയെയാണ്. രക്തം നൽകുന്നതിനു മുൻപു ഡോക്ടർ യുവതിയുടെയോ ബന്ധുക്കളുടെയോ കയ്യിൽനിന്ന് അനുമതി പത്രം ഒപ്പിട്ടുവാങ്ങിയിരുന്നുമില്ല. പ്രതിമാസം 12,000 രൂപവീതം നൽകാൻ വിധിയുണ്ടായി.
അതൊരു പരിഹാരമായിരുന്നില്ല. സമൂഹത്തെ അഭിമുഖീകരിക്കാനുള്ള പ്രശ്നത്തിനും പരിഹാരം വേണം; എങ്ങനെ രോഗം വന്നുവെന്നതു ഡോക്ടർ സാക്ഷ്യപ്പെടുത്തി തരണമെന്നതായിരുന്നു ആവശ്യം. ഒപ്പം നഷ്ടപരിഹാരവും വേണം. ഇതുമായി ബന്ധപ്പെട്ട കേസുകൾ ഇപ്പോഴും സുപ്രീം കോടതിയിലാണ്. ഈ വർഷമാദ്യം ജസ്റ്റിസ് മദൻ ബി ലോകൂർ ആശുപത്രിക്കും ലാബിനും നോട്ടിസ് അയച്ചിട്ടുണ്ട്. വിധി കാത്തിരിക്കുകയാണ് ആ യുവതി.