Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തബാങ്കുകളെക്കുറിച്ച് പഠിക്കാൻ രാജ്യാന്തര കൺസൽറ്റൻസി: മന്ത്രി

KK Shailaja

കേരളത്തിലെ രക്തബാങ്കുകളുടെ നിലവിലെ അവസ്ഥയെക്കുറിച്ചു പഠിക്കാൻ രാജ്യാന്തര കൺസൽറ്റൻസിയെ ചുമതലപ്പെടുത്തിയെന്നു മന്ത്രി കെ.കെ.ശൈലജ ‘മനോരമ’യോടു പറഞ്ഞു. സർക്കാർ, സ്വകാര്യ ലാബുകളിലെ സൗകര്യങ്ങൾ, പ്രവർത്തനത്തിലെ പാളിച്ചകൾ എന്നിവയാണു വിലയിരുത്തുന്നത്. സുരക്ഷിത രക്തദാനത്തിനുള്ള മാനദണ്ഡങ്ങളും ഇവർ ശുപാർശ ചെയ്യും. ഈമാസം തന്നെ റിപ്പോർട്ട് ലഭിക്കുമെന്നാണു പ്രതീക്ഷ. തുടർന്ന് രക്തബാങ്ക് പ്രവർത്തനം സംബന്ധിച്ച് ഉത്തരവ് ഇറക്കും. 2012ൽ ഡോ.കെ.പി. അരവിന്ദൻ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടുകൂടി പരിഗണിച്ചുകൊണ്ടാകും അന്തിമതീരുമാനം.

തിരുവനന്തപുരം ആർസിസി പോലുള്ള അർബുദചികിൽസാകേന്ദ്രങ്ങളിൽ നാറ്റ് പരിശോധനാ സൗകര്യം ഒരുക്കുന്നതിനെക്കുറിച്ചു സർക്കാർ ആലോചിക്കുന്നുണ്ട്. തലാസീമിയ, ഹിമോഫീലിയ, രക്താർബുദം എന്നിവ ബാധിച്ചവർക്കു നൽകുന്ന രക്തം നാറ്റ് പരിശോധനയ്ക്കു വിധേയമാക്കാൻ സാധിക്കുമോയെന്നും പരിശോധിക്കും.

നാറ്റ് പരിശോധനയും പൂർണ സുരക്ഷിതമല്ല. അതിനാൽ സന്നദ്ധ രക്തദാനമാണു സർക്കാർ ലക്ഷ്യമിടുന്നത്. സന്നദ്ധ രക്തദാനത്തിനുവേണ്ടി രക്തബാങ്കുകളിൽ പോകുന്നതിനു പകരം അതതു സ്ഥലങ്ങളിലെത്തി രക്തം ശേഖരിക്കാൻ വിപുലമായ പദ്ധതി ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പോയി രക്തം ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു.