കരുത്ത് ഇരട്ടിച്ച് രണ്ടാം വട്ടം; പുതുചൈനയുടെ പ്രതിച്ഛായ വർധിപ്പിക്കുമെന്നു ഷി ചിൻപിങ്

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ നിലവിലെ ജനറൽ സെക്രട്ടറി രണ്ടാം തവണ ആ പദവിയിൽ തുടരുകയെന്നാൽ, കാലാവധി തികച്ച അമേരിക്കൻ പ്രസിഡന്റ് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിനു തുല്യം. 

പാർട്ടി കോൺഗ്രസ് തുടങ്ങിയ 18ന് ഷി ചിൻപിങ് ഒരു നെടുനീളൻ പ്രസംഗം നടത്തി. രാജ്യത്തെ സംബന്ധിച്ചും പാർട്ടിയെ സംബന്ധിച്ചുമുള്ള ഭാവിനടപടികളുടെ രൂപരേഖയെക്കുറിച്ചാണു പറഞ്ഞതെല്ലാം. കോൺഗ്രസ് തീരുമ്പോഴേക്കും ഷിയുടെ ദർശനം പാർട്ടി ഭരണഘടനയുടെതന്നെ ഭാഗമായിത്തീർന്നു. പാർട്ടി കോൺഗ്രസിൽ ഷി സമർപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ അഞ്ചു വർഷക്കാലത്തെ തന്റെ ഭരണനേട്ടങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഒപ്പം ഭാവി പദ്ധതികളും വെളിപ്പെടുത്തി. 

നൂറ്റാണ്ടിന്റെ ലക്ഷ്യങ്ങൾ  

പുതിയ കാലത്ത് ചൈനയ്ക്കു കരുത്തുറ്റ പ്രതിച്ഛായ നേടിക്കൊടുക്കുകയാണ് ഷിയുടെ പ്രധാന ലക്ഷ്യം. സാമ്പത്തിക അഭിവൃദ്ധിയുള്ള, മധ്യവരുമാനക്കാരുടേതായ രാജ്യമായി 2021നകം ചൈനയെ മാറ്റുക, പുരോഗതി കൈവരിച്ച വികസിത രാജ്യമായി 2050 നകം മാറ്റുക എന്നീ സ്വപ്നലക്ഷ്യങ്ങളുമുണ്ട്. 

ഷിയുടേതു രണ്ടിന പദ്ധതിയാണ്. ആധുനിക രാഷ്ട്രമെന്ന നിലയിൽ നൂറ്റാണ്ടു തികയുന്നതിന്റെ ചരിത്രസന്ധി കൂടിയാണു ചൈനയെ സംബന്ധിച്ചിടത്തോളം 2050. അപ്പോഴേക്കും മഹത്തായ സോഷ്യലിസ്റ്റ് രാജ്യമായി ചൈനയെ മാറ്റണം;  ശാസ്ത്രഗവേഷണ രംഗത്ത് 2035 നകം ചൈനയെ ലോകനേതാവായി മാറ്റണം. 

പീപ്പിൾസ് ലിബറേഷൻ ആർമിയെ ഉടച്ചുവാർത്ത്, സൈന്യത്തിന്റെ ആധുനികവൽക്കരണവും ലക്ഷ്യമാണ്. പരമ്പരാഗത സൈനികബലവുമായി സാങ്കേതികമുന്നേറ്റം കൂട്ടിയിണക്കി മികവുറ്റ യുദ്ധതന്ത്രങ്ങൾ മെനയുന്നതിന്റെ ഭാഗമാണിത്. ചൈനീസ് നഗരങ്ങളിലെ വായുമലിനീകരണത്തിനു പരിഹാരമുണ്ടാക്കുന്നതും ഷിയുടെ മുൻഗണനകളിലൊന്നാണ്. 

ചർച്ചയിലൂടെ പരിഹാരം, നല്ല അയൽ ബന്ധം

അയൽക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നയപരിപാടികളും ഷി മുന്നോട്ടു വച്ചു. സൗഹൃദം, വിശ്വസ്തത, പരസ്പരലാഭം, വിശാലവീക്ഷണം തുടങ്ങിയവയിലൂന്നിയുള്ള അയൽബന്ധത്തിനാണ് അദ്ദേഹം അടിവരയിടുന്നത്. തർക്കങ്ങൾ ചർച്ചയിലൂടെയും അഭിപ്രായവ്യത്യാസങ്ങൾ മനസ്സുതുറക്കലിലൂടെയും പരിഹരിക്കുകയെന്നതാണു തന്റെ നയമെന്നും വ്യക്തമാക്കി. 

അടുത്ത അഞ്ചു വർഷം ഷി ചിൻപിങ് ചൈനയെ എങ്ങനെ നയിക്കുമെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ലോകകൂട്ടായ്മകളിൽ ചൈനയുടെ ഭാവിക്ക് ‍അടിത്തറയിടാനുള്ള ഈ നീക്കങ്ങളെല്ലാം ഇന്ത്യ ശ്രദ്ധയോടെ നിരീക്ഷിക്കണം. 

2,10,000 അഴിമതിക്കാർക്കു ശിക്ഷ

വൻസ്രാവുകളെന്നോ കുഞ്ഞുമീനുകളെന്നോ വ്യത്യാസമില്ലാതെ അഴിമതിക്കാരായ എല്ലാവരെയും വലവീശിപ്പിടിക്കാനുള്ള കടുത്ത നയത്തെപ്പറ്റിയും ഷി ഊന്നിപ്പറഞ്ഞു. പാർട്ടി അച്ചടക്ക സമിതി കഴിഞ്ഞ ജൂലൈയിൽ പുറത്തുവിട്ട കണക്കുകളനുസരിച്ച്, അഴിമതി സംബന്ധിച്ച 13 ലക്ഷം പരാതികളിൽ 2,60,000 കേസുകളിൽ അന്വേഷണം നടന്നു. ഉന്നതപദവിയിലുള്ളവരുൾപ്പെടെ 2,10,000 ഉദ്യോഗസ്ഥരെ ശിക്ഷിച്ചു. 

(ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസിലെ ഓണററി ഫെലോയാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)