മാറുന്ന സിപിഎം; മാറിയ വെല്ലുവിളികൾ

സിപിഎമ്മിന്റെ 22–ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള ആദ്യജില്ലാസമ്മേളനം നടന്ന തൃശൂരിൽ പ്രതിനിധികൾക്കു മുന്നിലവതരിപ്പിച്ച റിപ്പോർട്ടിൽ ജില്ലാസെക്രട്ടറി കെ. രാധാകൃഷ്ണൻ ഇങ്ങനെ ചൂണ്ടിക്കാട്ടി. ‘ ജില്ലയിലെ ഒന്നാമത്തെ രാഷ്ട്രീയശക്തിയായി എ‍ൽഡിഎഫും ഒന്നാമത്തെ രാഷ്ട്രീയകക്ഷിയായി സിപിഎമ്മും മാറി. പാർട്ടി അംഗസംഖ്യ 40289 ആയി ഉയർന്നു’.

കേരളത്തിൽ ഇനി നടക്കാൻ പോകുന്ന എല്ലാ ജില്ലാസമ്മേളനങ്ങളിലെയും റിപ്പോർട്ടിൽ പാർട്ടി അംഗസംഖ്യയെക്കുറിച്ച് ഈ അവകാശവാദമുണ്ടാകും. ആലപ്പുഴ സംസ്ഥാന സമ്മേളനം നടന്ന് മൂന്നുവർഷം പിന്നിടുമ്പോൾ പാർട്ടിക്കുണ്ടായ വൻ മാറ്റങ്ങളിലൊന്ന് ഇതാണ്. ഇക്കാലയളവിൽ അറുപതിനായിരത്തോളം പുതിയ അംഗങ്ങൾ സിപിഎമ്മിലെത്തി. സിപിഎമ്മിന്റെ ചരിത്രത്തിൽ തന്നെ ഈ വർധന റെക്കോർഡാണ്. 4,62000 പേരാണ് ഇന്നു കേരളത്തിലെ പാർട്ടിയിലുള്ളത്. രാജ്യത്തെ ഏറ്റവും വലിയ പാർട്ടി ഘടകം.

അംഗങ്ങൾ കൂടിയതിന് ആനുപാതികമായി ബ്രാഞ്ചുകളും കൂടി. ഏഴായിരത്തോളം പുതിയ ബ്രാഞ്ചുകൾ. ആകെ 31,700. മറ്റു പാർട്ടികളെപ്പോലെയുള്ള അംഗത്വവിതരണ രീതിയല്ല സിപിഎമ്മിലേത്. ഇവിടെ മിസ്ഡ് കോൾ അടിച്ച് ആർക്കും അംഗങ്ങളാകാനും കഴിയില്ല. ആദ്യം ഗ്രൂപ്പ്, കാൻഡിഡേറ്റ് അംഗമായി നിന്നു പാർ‍ട്ടിയോടുള്ള പ്രതിബദ്ധതയും കൂറും തെളിയിച്ചാലേ പൂർണ അംഗമാകാൻ കഴിയൂ. അംഗത്വം നൽകുന്നതിലെ ആ പഴയ കാർക്കശ്യമെല്ലാം സിപിഎം അവസാനിപ്പിച്ചോ? ആഗ്രഹമുള്ള ആർക്കും അംഗമാകാമെന്നതിലേക്കു മാറിയോ? പിണറായി വിജയനുശേഷം ഈ മൂന്നുവർഷം സിപിഎമ്മിനെ നയിച്ച കോടിയേരി ബാലകൃഷ്ണനോടു ചോദിച്ചു. ‘‘ അതിലൊന്നും ഒരു വിട്ടുവീഴ്ചയുമില്ല. പുതിയയാളുകളെ ചേർക്കുമ്പോൾ തന്നെ പാർട്ടിക്ക് ഒരു സംഭാവനയും നൽകാത്തവരെ ഒഴിവാക്കുന്നുമുണ്ട്. ഇതു വിദ്യാർഥികളെയും യുവാക്കളെയും സ്ത്രീകളെയും കൂടുതലായി പാർട്ടിയിലേക്കു ചേർത്തതുകൊണ്ടുള്ള മാറ്റമാണ്’’. 

ക്യാംപസുകളിൽനിന്ന് എസ്എഫ്ഐയിലെ തീപ്പൊരികളെ സിപിഎമ്മിലേക്കു നേരിട്ടു റിക്രൂട്ട് ചെയ്യുന്നുണ്ട്. ആകെ പാർട്ടി അംഗസംഖ്യയുടെ 25% സ്ത്രീകളാക്കണമെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനവും ഒരു വശത്തു നടക്കുന്നു. ഇതെല്ലാം സിപിഎം അംഗത്വഘടനയെ, അതു വഴി പാർട്ടി സ്വഭാവത്തെത്തന്നെ മാറ്റിമറിക്കാൻ പോകുന്നു. 

പഴയ രണസ്മരണകളുടെയും ത്യാഗത്തിന്റെയുമൊക്കെ ഭാഗമായവരുടെ എണ്ണം സിപിഎമ്മിൽ ന്യൂനപക്ഷമാകുന്നു. തൊഴിലാളികളുടെയും അടിസ്ഥാനവർഗത്തിന്റെയും പാർട്ടിയെന്ന വിശേഷണം തന്നെ അതു കാലക്രമേണ മാറ്റിമറിക്കാം. ഇടത്തരക്കാരുടെ കൂടി വിശ്വാസം നേടിയെടുക്കാൻ നോക്കുന്ന പുതിയ പാർട്ടിയായി സിപിഎം മാറുകയാണോ? 

പി.ജയരാജന് പിൻഗാമികൾ 

മാറുന്ന ഈ സിപിഎം നേരിടുന്നത് വിഭാഗീയതയുടെ വലിയ വെല്ലുവിളിയല്ല. കേരളത്തിലെ കോൺഗ്രസിനെ പിളർപ്പിലേക്കു വരെ നയിച്ച കരുണാകരൻ– ആന്റണി പോ‍ർ കോൺഗ്രസിനു പാഠങ്ങൾ നൽകിയതുപോലെ സിപിഎമ്മിനെ ഉഴുതുമറിച്ച വിഎസ്– പിണറായി പോരിന്റെ പരുക്കുകൾ ഒരു മുന്നറിയിപ്പാണ്. എന്നാൽ ‘കരിയറിസവും’ ‘അവനവനിസവും’ പാർട്ടിയിൽ എക്കാലത്തെയുംകാൾ ശക്തിപ്പെട്ടിരിക്കുന്നതാണു കാഴ്ച. അതിന്റെ തുറന്ന സമ്മതമായിരുന്നു പി. ജയരാജനെപ്പോലെ മുതിർന്ന നേതാവു തന്നെ വ്യക്തിപൂജയ്ക്കു വഴിപ്പെട്ടുവെന്ന സംസ്ഥാനകമ്മിറ്റിയുടെ കുറ്റപത്രം. 

ജയരാജനെ തിരുത്തിയത് മാധ്യമങ്ങളിലൂടെ പുറത്തുവന്നുവെങ്കിൽ പലതും അങ്ങനെ പുറത്തറിയാത്തതാണെന്നാണ് ഒരു സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം പറഞ്ഞത്. ഇടുക്കിയിലെ നെടുങ്കണ്ടത്ത് ഏരിയാസമ്മേളനം നടക്കുന്ന സമയത്ത് സ്വയംമഹത്വൽക്കരിച്ച് ഒരു ജില്ലാസെക്രട്ടേറിയറ്റ് അംഗത്തിന്റെ ഹ്രസ്വചിത്രം പുറത്തിറങ്ങിയത് പാർട്ടിയെ ഞെട്ടിച്ചു. സമ്മേളനങ്ങളുമായി ബന്ധപ്പെട്ടുള്ള നേതൃത്വത്തിന്റെ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഫ്ലെക്സ് സ്ഥാപിച്ചതും ഇതേ നെടുങ്കണ്ടത്തു തന്നെ. 

അയയുന്ന  സംഘടനാമുറുക്കം 

വിഭാഗീയതയുടെ അലയൊലികൾ കുറഞ്ഞതോടെ ഇക്കുറി പാർട്ടി സമ്മേളനങ്ങൾക്കു പഴയ മാധ്യമശ്രദ്ധയില്ല. എന്നു കരുതി ഏരിയാസമ്മേളനറിപ്പോർട്ട് തന്നെ മൈക്കിലൂടെ പുറത്തുവന്നാലോ? ആലപ്പുഴയിൽ അതു മാത്രമല്ല സംഭവിച്ചത്. റിപ്പോർട്ട് തട്ടിക്കൂട്ടി തയാറാക്കിയതാണെന്നു കണ്ട് ഏരിയാസെക്രട്ടറിയെ ജില്ലാസെക്രട്ടറി സജി ചെറിയാൻ ചീത്തവിളിക്കുന്നതും മൈക്കിലൂടെ കേട്ട് ജനം ഞെട്ടി. അതേ ആലപ്പുഴ ജില്ലയിലെ സ്വന്തം അമ്പലപ്പുഴ ഏരിയാസമ്മേളനത്തി‍ൽ പങ്കെടുക്കാൻ മന്ത്രി ജി.സുധാകരൻ കൂട്ടാക്കിയില്ല. പുതുപ്പള്ളിയിലും പാലായിലും ഏരിയാകമ്മിറ്റികളിൽ വാശിയേറിയ മൽസരം നടന്നു. ഏരിയാ സെക്രട്ടറിമാർതന്നെ തോറ്റു. പുതുപ്പള്ളി ഏരിയാ സെക്രട്ടറി കമ്മിറ്റിയിൽനിന്നു തന്നെ പുറത്തായതു ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചു.  

വിഎസ് പക്ഷത്തിന്റെ കോട്ടകളായിരുന്ന എറണാകുളവും ആലപ്പുഴയും കൊല്ലവുമെല്ലാം ഇന്ന് ഔദ്യോഗികചേരിയിലാണ്. സാമവും ഭേദവും ദണ്ഡവുമെല്ലാം ഉപയോഗിച്ച് പിണറായിയും കോടിയേരിയും അവരുടെ വിശ്വസ്തരും എതിർചേരിക്കാരെ വരുതിയിലാക്കിയിട്ടുണ്ട്. 

നിൽക്കക്കള്ളിയില്ലാത്തവർ പുറത്തുപോയി. അങ്ങനെയുള്ളവരെ ചേർത്ത് ഒറ്റപ്പാലം മണ്ണൂർ മേഖലയിൽ ഇതാദ്യമായി സിപിഐക്ക് ഒരു ലോക്കൽകമ്മിറ്റി തന്നെയുണ്ടായി. മാറുന്ന സിപിഎം അങ്ങനെ കാലത്തിന്റെ പുതിയ വെല്ലുവിളികൾ നേരിടുന്നു. ഈ പാർട്ടിയുടെ ഭാഗമാകാനും പുറത്തുപോകാനും പഴയതുപോലെ വിഷമമില്ലെന്നതാണ് പുതിയ പാഠം. 51 വെട്ടുകൾ, പക്ഷേ, എക്കാലവും നീറ്റുന്ന ഓർമയായിരിക്കും; മുന്നറിയിപ്പും.