Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർബുദ ചികിൽസ: സൗകര്യം കൂട്ടണം

അർബുദബാധിതരുടെ എണ്ണം ആശങ്കയുളവാക്കുന്ന വിധത്തിലാണു കേരളത്തിൽ വർധിച്ചുവരുന്നത്. ചില ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലാണു കാൻസർ ബാധിതർ കൂടുതലെങ്കിലും കേരളത്തിലും രോഗികളുടെ എണ്ണം വർധിക്കുന്നുവെന്നത് അപകടസൂചനതന്നെ. സംസ്‌ഥാനത്ത് ഒന്നര ലക്ഷത്തോളം കാൻസർ രോഗികളുണ്ടെന്നാണു കണക്ക്. പ്രതിവർഷം ശരാശരി 35,000 പേർക്ക് കാൻസർ പിടിപെടുന്നുമുണ്ട്. സാധാരണക്കാരായ രോഗികൾക്കു തിരക്കില്ലാതെ, യഥാസമയം സമഗ്ര ചികിൽസ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ഉണ്ടായേതീരൂ. ഇക്കഴിഞ്ഞ ഞായറാഴ്ച ആചരിച്ച ലോക കാൻസർ ദിനം കേരളത്തെ വീണ്ടും ഓർമിപ്പിച്ചതും ഇതുതന്നെ. 

നിരാലംബരും നിർധനരുമായ കാൻസർ രോഗികൾക്ക് ആശ്വാസമേകുന്ന മലബാർ കാൻസർ സെന്ററിനെ (എംസിസി) തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിന്റെ (ആർസിസി) നിലവാരത്തിലേക്ക് ഉയർത്തുമെന്ന ബജറ്റ് പ്രഖ്യാപനവും 38 കോടി രൂപ വകയിരുത്തിയതും ഈ ദിശയിലുള്ള ആശ്വാസമായി മാറുന്നു. തലശ്ശേരിക്കു സമീപം കോടിയേരിയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിനു വികസനത്തിന്റെ ചിറകുകൾ കൈവരുന്നത് മലബാർ ഏറെ പ്രതീക്ഷയോടെയാണു കാണുന്നത്. 

കേരളത്തിൽ വർധിച്ചുവരുന്ന കാൻസർ രോഗികൾക്കു കുറഞ്ഞ ചെലവിൽ വിദഗ്ധ ചികിൽസ ഒരുക്കുന്നതിന് ആർസിസി പോലെ മറ്റൊരു സ്ഥാപനമില്ലാത്തതു വടക്കൻ ജില്ലകളിലെ രോഗികളെ ദുരിതത്തിലാക്കുന്നുണ്ട്. തൈറോയ്ഡ് കാൻസർ, സ്തനാർബുദം, വൃക്കകളിലെ കാൻസർ എന്നിവയിൽ കേരളം ദേശീയ ശരാശരിയെക്കാൾ ഉയർന്നാണു നിൽക്കുന്നത്.

ഇപ്പോൾത്തന്നെ ആർസിസിയിൽ വിദഗ്ധ ചികിൽസയ്ക്കായി രോഗികൾ ആഴ്ചകളോളം കാത്തുകിടക്കേണ്ടിവരുന്നു. ഈ സാഹചര്യത്തിൽ മലബാറിന്റെ വലിയ ആശ്വാസമാണ് എംസിസി. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂരിൽ യാഥാർഥ്യമായ എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടും പ്രതീക്ഷയിലേക്കു വളരുകയാണ്.

എംസിസിയിൽ തുടങ്ങാനിരിക്കുന്ന ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിന് ഊർജം പകരുന്നതാണു ബജറ്റ് നിർദേശങ്ങൾ. ഇതു പ്രാവർത്തികമാകുന്നതോടെ ആർസിസിക്കു ശേഷം സംസ്ഥാനത്തു ന്യൂക്ലിയർ മെഡിസിൻ ചികിൽസ ലഭിക്കുന്ന രണ്ടാമത്തെ കേന്ദ്രമാകും എംസിസി. കാൻസർ ബാധിച്ച ശരീരഭാഗങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്ന പെറ്റ് സിടി സ്കാൻ, അനുബന്ധ ഉപകരണങ്ങൾ, രക്തബാങ്ക് വികസനം, ശസ്ത്രക്രിയയ്ക്കുള്ള നവീന ഉപകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കാനും ബജറ്റ് നിർദേശം സഹായകമാകും.  

കൽപിത സർവകലാശാല പദവി സ്വപ്നം കാണുന്ന മലബാർ കാൻസർ സെന്റർ, പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലേക്ക് ഒരു ചുവടു കൂടി അടുക്കുകയാണ്. ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, നഴ്സുമാർ തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട അഞ്ഞൂറോളം പേർക്കു കാൻസർ ചികിൽസാ മേഖലയിൽ ഉന്നത പരിശീലനവും ഗവേഷണ സൗകര്യവും ഒരുക്കാൻ ലക്ഷ്യമിട്ടുള്ളതാണു പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി. 

പഠന–ഗവേഷണ രംഗത്താണ് എംസിസിക്കു പിന്തുണ കൂടുതൽ ആവശ്യമുള്ളത്. പരിശീലനം ലഭിച്ച, വിദഗ്ധരായ ഡോക്ടർമാരുൾപ്പെടെയുള്ള സ്റ്റാഫാണ് എംസിസിയുടെ മറ്റൊരു പ്രധാന ആവശ്യം. 25 ഏക്കറുണ്ടെങ്കിലും വികസനത്തിനു കൂടുതൽ ഭൂമി വേണ്ടിവരും. പ്രശസ്തമായ ഈ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലാണു കഴിഞ്ഞ ഡിസംബറിൽ നാലാഴ്ചയോളം സിഐടിയു നേതൃത്വത്തിൽ സമരം നടത്തിയത്.

വാർഡ് അസിസ്റ്റന്റുമാരായി ജോലി ചെയ്യുന്ന പുറംകരാർ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ടായിരുന്നു സമരം. രോഗികളും ആശുപത്രി അധികൃതരും സമരകാലത്ത് ഏറെ ബുദ്ധിമുട്ടുകയുണ്ടായി. സംസ്ഥാന സർക്കാർ എംസിസിയെ ലോകനിലവാരത്തിലെത്തിക്കാൻ ശ്രമിക്കുമ്പോൾ വികസനത്തെ പിന്നോട്ടടിക്കുന്ന ഇത്തരം സമരങ്ങൾ ഒഴിവാക്കാൻ എല്ലാവരുടെ ഭാഗത്തുനിന്നും ശ്രദ്ധവേണം.

കാൻസർ പരിശോധനയ്‌ക്കു സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിൽവരെ സൗകര്യമൊരുക്കാൻ ഇനിയും വൈകിക്കൂടാ. അർബുദ ചികിൽസയുമായി ബന്ധപ്പെട്ട ബജറ്റ് നിർദേശങ്ങൾ അടിയന്തരമായി നടപ്പാകേണ്ടതുതന്നെ.