Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷരപ്പിശകിൽ ശോഭ കെടുന്ന മലയാളഭാവി; തിരുത്തണ്ടേ?

bhasha-2

അക്ഷരത്തെറ്റ് ഒരു പ്രശ്നമല്ലെന്നു കരുതുന്ന അധ്യാപകരാണ് ഇന്നുള്ളതെന്നും ചിന്താശക്തിയില്ലാത്ത തലമുറകളെ വാർത്തെടുക്കുകയെന്ന കോർപറേറ്റ് അജൻഡയ്ക്കു സേവ ചെയ്യുകയാണ് ഈ അധ്യാപകരെന്നും കവി ബാലചന്ദ്രൻ ചുള്ളിക്കാട്. വിദ്യാഭ്യാസ കച്ചവടക്കാരും ഭരണാധികാരികളും ചേർന്ന മാഫിയയാണു മാനദണ്ഡം പാലിക്കാതെ മാർക്ക് വാരിക്കോരി നൽകുന്നതിനു പിന്നിലെന്നും ഈ കച്ചവടത്തിൽനിന്നു തന്റെ കവിതകളെ ഒഴിവാക്കിത്തരണം എന്നും അദ്ദേഹം പറയുന്നു. മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാൻ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കുന്നതിനെയും അബദ്ധപഞ്ചാംഗങ്ങളായ മലയാള പ്രബന്ധങ്ങൾക്ക് പോലും ഗവേഷണ ബിരുദം നൽകുന്നതിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ചുള്ളിക്കാട് ഉയർത്തിയ ആശയവാദങ്ങളോടു പുതുതലമുറ എഴുത്തുകാർ പ്രതികരിക്കുന്നു.

Susmesh-Chandroth- സുസ്മേഷ് ചന്ത്രോത്ത്

ആശാനക്ഷരമൊന്ന് പിഴച്ചാൽ

സുസ്മേഷ് ചന്ത്രോത്ത്

പി. കുഞ്ഞിരാമൻ നായർ പാലക്കാട്ടെയും തൃശൂരിലെയും പാഠപുസ്തകം നിർമിക്കുന്ന അച്ചുകൂടക്കാരനുവേണ്ടി കവിതകളെഴുതിക്കൂട്ടിയിരുന്നുവെന്നു കേട്ടിട്ടുണ്ട്. മഹാകവി പി തന്റെ കവിതകളെ ആ വിധത്തിലാണു കണ്ടത്. ഇവിടെ മറ്റൊരു കവി മറ്റൊരു വിധത്തിൽ കാണുന്നു. സർവകലാശാലാതലത്തിലെത്തുന്ന ഒരു വിദ്യാർഥിക്ക് അക്ഷരത്തെറ്റുകൂടാതെ എഴുതാനാവുന്നില്ലെങ്കിൽ അത് അവിടം വരെ ആ പഠിതാവിനെ എത്തിച്ച വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തകരാറാണ്. ഇങ്ങനെ പഠിച്ചിറങ്ങുന്ന കുട്ടികളിൽനിന്ന് ഉണ്ടാകുന്ന അധ്യാപകരുടെ നിലവാരത്തെക്കുറിച്ചാണ് എന്റെ ആശങ്ക. 

എന്റെ എഴുത്ത് ക്രമാനുഗതമായി മുന്നേറുന്നതാണ്. ആദ്യ എഴുത്തിൽ അക്ഷരങ്ങളും വാചകങ്ങളുമൊക്കെ ക്രമം തെറ്റിപ്പോകാറുണ്ടെങ്കിലും ആദ്യവായനയിൽ അക്ഷരങ്ങളുടെ താളംതെറ്റൽ കണ്ണിലുടക്കും. ഭാഷയിലും വായനയിലുമുള്ള നിത്യപരിചയം കൊണ്ടു സാധിക്കാവുന്നതേയുള്ളൂ ഇത്. ഭാഷാധ്യാപകരാണു പലപ്പോഴും പൊതുപ്രവർത്തകരുടെയും സന്നദ്ധസംഘടനകളുടെയും വേദികളിൽ വരുന്നത്. അവരുടെ പ്രസംഗവും എഴുത്തുമെല്ലാം വികലമായാൽ കേട്ടുപഠിക്കുന്ന സമൂഹവും അതനുകരിക്കില്ലേ? മാതൃഭാഷാ പഠനത്തിനു കൃത്യമായ ലക്ഷ്യങ്ങളുണ്ടാക്കുകയാണു വേണ്ടത്. 

P-Raman പി. രാമൻ

അക്ഷരങ്ങളോടല്ല, പ്രണയം കവിതയോട്

പി. രാമൻ 

അക്ഷരപാണ്ഡിത്യവും കാവ്യകലയും തമ്മിൽ ബന്ധമുണ്ടെന്നു തോന്നിയിട്ടില്ല. സ്കൂളിൽ നല്ല വിദ്യാർഥിയല്ലാതിരുന്ന എനിക്ക് കവിതയോടുണ്ടായിരുന്ന ഇഷ്ടം അക്ഷരങ്ങളോടില്ലായിരുന്നു. എംഎ വരെ ‘ഘ’ തെറ്റായാണ് എഴുതിയിരുന്നത്. അന്ന് അക്ഷരജ്ഞാനത്തിന്റെ കാര്യത്തിൽ മൂന്നുതരം കുട്ടികളുണ്ട്. ഒന്ന്, എല്ലാ അക്ഷരങ്ങളും തെറ്റാതെ എഴുതാനും വായിക്കാനും അറിയുന്ന ന്യൂനപക്ഷം. രണ്ട്, ചിലതൊക്കെ തെറ്റുമെങ്കിലും അത്യാവശ്യത്തിന് എഴുതാനും വായിക്കാനും കഴിയുന്ന ഞാനുൾപ്പെടെയുള്ള വിഭാഗം. ഇതുരണ്ടും ചേർന്നാൽ ക്ലാസിലെ കുട്ടികളുടെ പകുതിയോളമേ വരൂ. ബാക്കി പകുതി എഴുതാനും വായിക്കാനും നന്നേ ക്ലേശിച്ചിരുന്നവർ. ഇന്നും ക്ലാസുകളിൽ അക്ഷരപാണ്ഡിത്യമുള്ള ന്യൂനപക്ഷമേ ഉള്ളൂവെന്നതാണു സത്യം. എന്നാൽ, അത്യാവശ്യം എഴുതാനും വായിക്കാനും അറിയുന്ന ഇടത്തരത്തിന്റെ എണ്ണം കൂടി. അക്ഷരപണ്ഡിതരുടെ ന്യൂനപക്ഷമല്ല കവിതയോടും സാഹിത്യത്തോടും താൽപര്യം കാണിക്കാറുള്ളത്. 

bhasha-1

മറയൂരിൽ ജോലി ചെയ്യുമ്പോൾ നിറയെ അക്ഷരത്തെറ്റുള്ള മലയാളത്തിൽ ഒരു വിദ്യാർഥി മനോഹരമായ കവിതകളെഴുതിക്കാണിച്ചു. അതിന്റെ ഭംഗിയിൽ അക്ഷരത്തെറ്റിനെപ്പറ്റി പറയാനേ തോന്നിയില്ല. കാരണം, മുതുവാൻ എന്ന ലിപിയില്ലാത്ത ആദിവാസി ഭാഷയായിരുന്നു അവന്റെ മാതൃഭാഷ. എന്നാലിതൊന്നും അധ്യാപകരുടെ അജ്ഞാനത്തിനു ന്യായീകരണമാകുന്നില്ല. പത്താം ക്ലാസിൽ നല്ല മാർക്കുനേടുന്നവർ പഠിച്ചിരുന്ന കോഴ്സായിരുന്നു ടിടിസി. ഈയിടെ ടിടിസിക്കാരുടെ ക്യാംപിൽ കവിത പഠിപ്പിക്കാൻ പോയ ഞാൻ അക്ഷരമാല പഠിപ്പിച്ചാണു മടങ്ങിയത്!  

VINOY- വിനോയ് തോമസ്

ചില ചോദ്യങ്ങൾ എന്റെയും തലകുനിപ്പിക്കുന്നു

വിനോയ് തോമസ് 

ഭാഷ പഠിക്കുന്നത് എഴുത്തിനു ഗുണം ചെയ്യുമെന്ന വിശ്വാസക്കാരനല്ല ഞാൻ. ഒരധ്യാപകനായതിനാൽ എഴുത്തിനു പരിമിതിയുമുണ്ട്. അസന്മാർഗികമെന്നു പറഞ്ഞു സഹപ്രവർത്തകർ തന്നെ തള്ളിയ രചനകളുണ്ട്. എഴുത്തുകാരനെന്ന നിലയിൽ അക്ഷരത്തെറ്റുകളെക്കുറിച്ചുള്ള പുതിയ പ്രസ്താവനകൾ പുതിയ കാലഘട്ടത്തിലെ ആളുകളോടൊപ്പം നിന്നു തള്ളിക്കളഞ്ഞാൽത്തന്നെ അധ്യാപകനെന്ന നിലയിൽ എന്നോടു ചില ചോദ്യങ്ങൾ സ്വയം ചോദിക്കുന്നുണ്ട്. ഭാഷ, അതർഹിക്കുന്ന വിധത്തിൽ ഞാൻ ക്ലാസിൽ കൈകാര്യം ചെയ്യുന്നുണ്ടോ? ഞാൻ പഠിപ്പിക്കുന്ന സാഹിത്യകൃതി മനുഷ്യമനസ്സുകളിലേക്കു പകർന്നു നൽകേണ്ട ഭിന്നവായനകളുടെ ആകാശങ്ങളിലേക്കു പോകാൻ എന്റെ മുന്നിലിരിക്കുന്ന കുട്ടികളെ സഹായിക്കാറുണ്ടോ? അധ്യാപകനെന്ന നിലയിൽ ഞാനിവിടെ നിൽക്കുന്നത് എന്നെക്കാൾ കഴിവും അർഹതയുമുള്ളവരെ എന്റെ പണത്തിന്റെയും ബന്ധങ്ങളുടെയും ബലത്തിൽ പിന്തള്ളിയാണോ? ഒരു ഗവേഷകനെന്ന നിലയിൽ ഞാൻ കാണിക്കുന്ന അഭ്യാസങ്ങൾ എന്റെ വ്യക്തിപരമായ ആവശ്യത്തിനുവേണ്ടി മാത്രമല്ലേ? പരീക്ഷപ്പേപ്പറുകൾ ഞാൻ നോക്കുന്നത് അതിനു കൊടുക്കേണ്ട സൂക്ഷ്മതയിലും നീതിബോധത്തിലുമാണോ? 

ഈ ചോദ്യങ്ങളിൽ മിക്കതും എന്റെ തല കുനിപ്പിക്കുന്നവയാണ്. പക്ഷേ, എന്നെ ഉദ്ദേശിച്ചു മാത്രമല്ലല്ലോ അദ്ദേഹം ഇക്കാര്യങ്ങൾ പറ‍ഞ്ഞതെന്ന ആശ്വാസം മാത്രമാണുള്ളത്. 

S-Harish എസ്. ഹരീഷ്

തെറ്റിലൂടെയേ ഭാഷ വളരൂ

എസ്. ഹരീഷ്

തെറ്റുകളിൽ കൂടിയാണു ഭാഷ വളരുന്നതെന്നാണ് എന്റെ പക്ഷം. തെറ്റു വരാത്ത ഭാഷ മൃതഭാഷയാണ്. കോളജുകളിലും മറ്റും സെമിനാറുകളിൽ പങ്കെടുക്കേണ്ടി വരുമ്പോൾ നേരിടുന്ന പതിവ് അനുഭവമുണ്ട്. വിദ്യാർഥികളും അധ്യാപകരും മൈക്കിനു മുന്നിൽ പറയുന്നതും ചോദ്യം ചോദിക്കുന്നതും മിക്കവാറും പിടികിട്ടാറില്ല. പ്രശ്നപരിസരം, ചിഹ്നവ്യവസ്ഥ, ശ്ലഥം, നിർമിതി തുടങ്ങിയ വാക്കുകളും പിടികിട്ടാത്ത വാചകഘടനയും. എന്റെ വിവരക്കുറവും അക്കാദമിക കാര്യങ്ങളിലെ അജ്ഞതയുമാകാം കാരണം. 

അവർ വീട്ടിൽ സംസാരിക്കുന്നതും ഈ ഭാഷയിൽ തന്നെയായിരിക്കുമെന്നാണു ഞാൻ കരുതിയത്. എന്നാൽ, എന്നോടിങ്ങനെ ‘കഠിന’മായൊരു ചോദ്യം ചോദിച്ച  പെൺകുട്ടി സെമിനാർ കഴിഞ്ഞപ്പോൾ അടുത്തുവന്ന് ഇങ്ങനെ ചോദിച്ചു: ‘ചേട്ടായി, എന്റെ വീടും കോട്ടയത്താണ്. എന്നാ ഉണ്ട് വിശേഷം?’

VM-Devadas വി.എം. ദേവദാസ്

അബദ്ധങ്ങൾ വിടാതെ ഒപ്പമുണ്ട്

വി.എം. ദേവദാസ് 

ഭാഗികമായി പദാന്ധതയുടെ (dyslexia) വൈഷമ്യങ്ങൾ വ്യക്തിപരമായി അനുഭവിക്കുന്നയാളാണു ഞാൻ. മോശം കയ്യക്ഷരവും അക്ഷരത്തെറ്റുകളും ചിഹ്നപ്പിഴവുകളും അക്കങ്ങൾ എടുത്തെഴുതുമ്പോൾ സംഭവിക്കുന്ന അബദ്ധവുമെല്ലാം സ്കൂൾതലം മുതൽ വിടാതെ ഒപ്പമുണ്ട്. കഥകളെഴുതുമ്പോൾ സുഹൃത്തുക്കളുടെയും കോപ്പി എഡിറ്റർമാരുടെയുമൊക്കെ സഹായമുള്ളതുകൊണ്ടാണു മാനഹാനിയില്ലാതെ കടന്നുപോകുന്നത്. കവിതാപാരായണത്തിനു കേൾവിക്കാരനായിരിക്കെ തന്റെ കവിതയിലെ വരികൾ ‘‘വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത ‘കീട’ങ്ങളെ’’ എന്ന് ഒരു ചെറിയ കുട്ടി തെറ്റിച്ചൊല്ലുന്നതുകേട്ടു വൈലോപ്പിള്ളി ശ്രീധരമേനോൻ ക്ഷോഭിച്ചു വേദി വിടാനൊരുങ്ങിയെന്നു കേട്ടിട്ടുണ്ട്. കവിതയെന്നതു കേവലം ഭാഷാധ്യാപനത്തിനുള്ള ഉപാധി മാത്രമല്ല. തീക്ഷ്ണമായ അനുഭവങ്ങളെ പ്രകടിപ്പിക്കുന്നതും സംസ്കാരത്തെ പരിചയപ്പെടുത്തുന്നതുമായ ആശയാവിഷ്കാരമാണത്. ഉന്നതവിദ്യാഭ്യാസരംഗത്തുപോലും ഭാഷയെ സംബന്ധിച്ച കീഴോട്ടുപോകലിനെ ഗൗരവമായി കാണേണ്ടിയിരിക്കുന്നു.

MOHANAKRISHNAN മോഹനകൃഷ്ണൻ കാലടി

കുറ്റപ്പെടുത്തുന്നതിന് എന്തു പ്രസക്തി ?

മോഹനകൃഷ്ണൻ കാലടി

വാമൊഴിയും വരമൊഴിയും തമ്മിൽ പലതരത്തിൽ കൊടുക്കൽ വാങ്ങലുകളുള്ള കാലമാണിത്. രണ്ടിനെയും വെല്ലുവിളിച്ചുകൊണ്ട് ഇലക്ട്രോണിക് മൊഴിയും മുന്നേറുന്നു. ആഗോളീകരണത്തിൽ നിശ്ചലമാക്കപ്പെട്ട ഭാഷകളെയും സംസ്കാരത്തെയും ചലനാത്മകതയിലേക്കു വീണ്ടെടുത്തതു സമൂഹമാധ്യമങ്ങളാണ്. ആ വീണ്ടെടുപ്പിൽ അക്ഷരങ്ങളുടെയും ലിപികളുടെയുമെല്ലാം തനിമയും ഉച്ചാരണശുദ്ധിയുമൊക്കെ കാര്യമായി ചോദ്യം ചെയ്യപ്പെടുന്നു. സാഹിത്യത്തിന്റെ ജനകീയവൽക്കരണം വ്യാകരണശുദ്ധികളെ ചോദ്യം ചെയ്യുന്നു. പുതിയ സാങ്കേതികവിദ്യകളോടു പോരാടിയാണു ക്യാംപസുകളുടെ നിൽപ്. ഇതിനിടയിൽ കുട്ടികൾക്ക് എഴുത്തും വായനയുമറിയില്ല എന്നുപറയുന്നതിൽ പ്രസക്തിയില്ല. അറിവും ബോധവുമൊക്കെ ഉള്ളിൽ ഉണ്ടാകേണ്ടതും അവസരത്തിനൊത്തു ബഹിർസ്ഫുരിക്കേണ്ടതുമാണ്. ഇക്കാര്യത്തിൽ പുതിയ തലമുറ പഴയതിനെ അപേക്ഷിച്ചു മുന്നിലാണ്.