Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല മലയാളത്തിന്റെ ഹെഡ്മാസ്റ്റർ

Panmana-Ramachandran-sketch

‘തെറ്റില്ലാത്ത മലയാളം’, ‘തെറ്റും ശരിയും’ എന്നൊക്കെയാണ് പന്മന രാമചന്ദ്രൻനായരുടെ ഭാഷാ ഗ്രന്ഥങ്ങളുടെ തലക്കെട്ടുകൾ. എന്നാൽ തെറ്റില്ലാത്ത മലയാളമാണോ നല്ല മലയാളമാണോ ശരി എന്നു ചോദിച്ചാൽ നല്ല മലയാളം ആണ് നല്ലത് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

ഒരു വിട്ടുവീ​ഴ്ചയുമില്ലാതെ മലയാളത്തിന്റെ തനിമയും ശരിയും സൂക്ഷിക്കുന്നതിൽ ഒരു ഹെഡ്മാസ്റ്ററെപ്പോലെ ചൂരൽവടിയും പിടിച്ചു നടക്കുകയായിരുന്നു പന്മന. ഭാഷയെപ്പറ്റിയുള്ള സന്ദേഹങ്ങൾക്ക് അദ്ദേഹം ഏതു നിമിഷവും പണ്ഡിതോചിതമായ മറുപടികൾ നൽകി. ഇപ്പോൾ ശ്രേഷ്ഠഭാഷയായി മാറിയ മലയാളത്തിനു കാവൽ നിന്ന ഭാഷാ സ്നേഹിയായിരുന്നു അദ്ദേഹം.

സാംസ്‌കാരിക സ്‌മരണ നിറച്ച്  ‘സ്‌മൃതിരേഖകൾ’

തലമുറകളുടെ അധ്യാപകനും ഭാഷാപണ്ഡിതനും നിരൂപകനും നല്ല മലയാളത്തിന്റെ വിട്ടുവീഴ്‌ചയില്ലാത്ത സംരക്ഷകനുമായ പ്രഫ.പൻമന രാമചന്ദ്രൻനായരുടെ ആത്മകഥയായ ‘സ്‌മൃതിരേഖക’ളിൽ സാംസ്‌കാരിക സ്‌മരണകളുടെ ഘോഷയാത്രയാണ്. തന്റെ അധ്യാപനകാലത്തും സാംസ്‌കാരിക സാഹിത്യപ്രവർത്തനങ്ങളുടെ അരങ്ങിലും നിറഞ്ഞുനിന്ന സൗഹൃദങ്ങൾ ഓർമയിൽനിന്ന് സൗരഭ്യം പ്രസരിപ്പിക്കും ആ ‘സ്‌മൃതിരേഖ’.

‘‘അനിയാ എന്തിനാണീ ക്ഷൗരത്തിനു വന്നത്?’’ - ദീർഘമായ അധ്യാപക ജീവിതത്തിന്റെ പൂമുഖത്തേക്കു കാലെടുത്തു വയ്‌ക്കുമ്പോൾ പന്മന കേട്ട ആദ്യ കമന്റ് ഇതായിരുന്നു. ഗുരുനാഥൻ പ്രഫ. എസ്.ഗുപ്‌തൻനായർ മലയാളം വകുപ്പധ്യക്ഷനായ പാലക്കാട് വിക്‌ടോറിയ കോളജിൽ ട്യൂട്ടർ പദവിയിൽ ചേരാൻ എത്തിയതായിരുന്നു പന്മന. ഗുപ്‌തൻ നായർ സാർ അപ്പുറത്തെ മുറിയിൽ സഹപ്രവർത്തകരുമായി കാരംസ് കളിക്കുകയായിരുന്നു. സ്വാഗതം ചെയ്‌തു ഗുപ്‌തൻനായർ കളി തുടർന്നു. അപ്പോൾ സഹകളിക്കാരനായ അധ്യാപകൻ വല്ലാട്ടു നാരായണൻ നായർ തലയുയർത്താതെ ചോദിച്ച ചോദ്യമാണിത്. വല്ലാടന്റെ ഹാസ്യം പിന്നീടുനീണ്ട സൗഹൃദത്തിന്റെ ഇന്ധനമായെന്നു പൻമന പറഞ്ഞു. ‘ക്ഷൗര’ത്തിനു വന്ന യുവാവ് അധ്യാപനവേദിയുടെ മാതൃകയുമായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽനിന്നു മലയാളം എംഎ ഒന്നാം റാങ്കിൽ ജയിച്ച പന്മന പാലക്കാട്, ചിറ്റൂർ, തലശേരി, തിരുവനന്തപുരം സർക്കാർ കോളജുകളിലെ അധ്യാപനത്തിലൂടെ ശിഷ്യരുടെ മനസ്സുകളിൽ സ്‌നേഹത്തിന്റെ ഒന്നാം റാങ്ക് നിലനിർത്തി.

പ്രസിദ്ധീകരിക്കാത്ത  കവിതാ സമാഹാരങ്ങൾ

യൂണിവേഴ്‌സിറ്റി കോളജിൽ ഗുരുവായ ഗുപ്‌തൻ നായർ താമസിച്ചിരുന്ന വാടകവീട്ടിൽത്തന്നെയാണ് യുവ അധ്യാപകനായെത്തിയ പൻമനയെയും താമസിക്കാനായി ഗുരു ക്ഷണിച്ചത്. വീടിന്റെ മുൻവശത്തെ വലത്തെ മുറിയിൽ ഗുരുവും ഇടത്തേ മുറിയിൽ ശിഷ്യനും. രാവിലെയും വൈകിട്ടും അരഭിത്തിയിലിരുന്നു പത്രംവായനയും ചർച്ചയും. ആ കാലത്ത് പന്മന മിക്ക മാസികകളിലും കവിതയെഴുതുമായിരുന്നു.

ഒരിക്കൽ ‘അരഭിത്തി ചർച്ച’യ്‌ക്കിടെ ആ ആഴ്‌ചത്തെ മലയാളരാജ്യം വാരികയിൽ വന്ന പൻമനക്കവിത പരാമർശ വിധേയമായി. ഗുപ്‌തൻനായർ അതു വായിച്ചിട്ടു ചോദിച്ചു - ‘‘പൻമനയുടെ കവിതാ സമാഹാരം വരാറായില്ലേ?’’ ധൈര്യം തോന്നുന്നില്ലെന്നു പൻമന. അടുത്ത അവധിക്ക് പോയിവരുമ്പോൾ എല്ലാം എടുത്തുകൊണ്ടു വരണമെന്നും താൻ പരിശോധിക്കാമെന്നും സാർ. അവധികഴിഞ്ഞു വന്നപ്പോൾ എല്ലാം വൃത്തിയായി ശേഖരിച്ചുകൊണ്ടു വന്നിരുന്നു.

പൻമനയുടെ മനസ്സിലെ സന്ദേഹം ഇതായിരുന്നു - പുസ്‌തകം ഇറക്കണോ? കയ്യിൽനിന്നു പോയാൽ പോയില്ലേ? ആ രക്ഷപ്പെടൽ എന്നത്തേക്കുമായിരുന്നു. ഇതുവരെ ഒരു കവിതാ സമാഹാരവും പൻമന പ്രസിദ്ധീകരിച്ചില്ല. കവിതയുടെ അസംസ്‌കൃതവസ്‌തുവായ ഭാഷയുടെ ശുദ്ധീകരണത്തിലേക്കു സന്നദ്ധപോരാളിയായി ഇറങ്ങി അദ്ദേഹം. പാലക്കാട്ടെ കാലം അധ്യാപനത്തിന്റേതെന്നപോലെ സാംസ്‌കാരിക പ്രവർത്തനത്തിന്റെയും കുതിപ്പുപലകയായിരുന്നു പന്മനയ്‌ക്ക്. പ്രഭാഷണങ്ങൾക്ക് സ്‌ഥിരം ക്ഷണം.

ഒരിക്കൽ, സുഹൃത്തായ പാലക്കാട് ഇൻഫർമേഷൻ ഓഫിസർ കൈത്തറി വാരാഘോഷം സംബന്ധിച്ച യോഗത്തിന് തമിഴിൽ പ്രസംഗിക്കാൻ എ. സുന്നാസാഹിബിനെയും മലയാളത്തിലേക്ക് പന്മനയെയും വിളിച്ചു. കൈത്തറിയല്ലേ? പത്തിരുപതുപേരെങ്കിലും വന്നാൽ ഭാഗ്യമെന്നു സഹപ്രവർത്തകർ കമന്റു പറഞ്ഞു. യോഗദിവസം പട്ടണത്തിലൂടെ തീവ്രമായ ഉച്ചഭാഷിണി പ്രചാരണം. അധ്യാപകർ താമസിക്കുന്ന ലോഡ്‌ജിനു മുന്നിലൂടെപോയ വാഹനത്തിലെ അനൗൺസ്‌മെന്റ് ഇങ്ങനെ: എം. സുന്നാ സാഹിബ്, ‘പത്മാ രാമചന്ദ്രൻ’ എന്നിവർ പ്രസംഗിക്കുന്നതായിരിക്കും. അതുകേട്ട സഹാധ്യാപകൻ പറഞ്ഞു - ഒരു സ്‌ത്രീകൂടി ഉള്ളതുകൊണ്ട് ഒരു മുപ്പതുപേരെ പ്രതീക്ഷിക്കാം. പ്രസംഗം കേൾക്കാൻ ഇരുപതുപേരു പോലും വന്നില്ലെന്ന് പൻമന തമാശ പറഞ്ഞിരുന്നു. എന്നാൽ പിൽക്കാലം മലയാളത്തിന്റെ വകതിരിവുകളും വളവുകളും നിവർത്തിയെടുക്കാൻ പഠിതാക്കളും ഗവേഷകരും ഭാഷാസ്നേഹികളും പന്മനയുടെ പടിപ്പുരയിൽ എത്തി.

ഇപ്രകാരം: യൂണിവേഴ്‌സിറ്റി കോളജിൽ പഠിപ്പിക്കുമ്പോൾ സഹാധ്യാപകനും യുവ നിരൂപകനും നാടക പ്രവർത്തകനുമായ നരേന്ദ്രപ്രസാദ് ഒന്നാംതരം സാഹിത്യ നിരൂപണങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. അവ വായിച്ച് അഭിനന്ദിക്കുമ്പോൾ നരേന്ദ്രപ്രസാദ് തിരിച്ചു ചോദിക്കും: ഭാഷാപ്രശ്‌നങ്ങൾ വല്ലതുമുണ്ടോ സാർ? ചോദ്യം സ്‌ഥിരമായപ്പോൾ പന്മന പറഞ്ഞു: ‘‘ഇങ്ങനെ ചോദിക്കണ്ട. ഒരു കുഴപ്പവുമില്ല. വല്ലതുമുണ്ടെന്നു തോന്നിയാൽ ചോദിക്കാതെ തന്നെ ഞാൻ പറയും.’’

ചോദിക്കാതെതന്നെ പൻമന രാമചന്ദ്രൻ നായർ എന്ന അധ്യാപകൻ ഭാഷ പ്രയോഗിക്കുന്ന സകലമാനപേരെയും തിരുത്തി നേർവഴിക്കു നടത്തി. മലയാളം അദ്ദേഹത്തെ ഇന്നു നമസ്കരിക്കുന്നു.