കാംബ്ലി അസ്വസ്ഥനാകുന്നതെന്തിന് ?

മികവുണ്ടായിട്ടും രാജ്യാന്തര ക്രിക്കറ്റിൽ അർഹമായ ഉയരങ്ങളിലെത്താൻ കഴിയാതെ പോയ കളിക്കാരനാണു സച്ചിനൊപ്പം കളിച്ചു വളർന്ന വിനോദ് കാംബ്ലി. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് ഇരട്ട സെഞ്ചുറികളുമായി തിളങ്ങിയിട്ടും പിന്നീട് കാംബ്ലി ടീമിൽ നിന്നു പുറത്തായതു സ്വന്തം ബലഹീനതകളും പോരായ്മകളും പരിഹരിക്കാനുള്ള അദ്ദേഹത്തിന്റെ തന്നെ കഴിവുകേടു കൊണ്ടായിരുന്നു. 1994ൽ ഇന്ത്യയിൽ പര്യടനത്തിനെത്തിയ വെസ്റ്റ്ഇൻഡീസ് ടീം ടെസ്റ്റ് പരമ്പരയിൽ കാംബ്ലിക്കെതിരെ അദ്ദേഹത്തിന്റെ ബലഹീനതയായ ഷോർട്ട് ബോളുകൾ വിജയകരമായി പരീക്ഷിച്ചതോടെയാണ് അതിനെ അതിജീവിക്കാൻ ഒന്നും ചെയ്യാത്ത കാംബ്ലി ടെസ്റ്റ് ടീമിൽ നിന്നു പുറത്താവുന്നത്. ഫീൽഡിങ്ങിലെ വീഴ്ചകളും ഫിറ്റ്നസ് മികവില്ലായ്മയും ഏകദിന ടീമിൽ നിന്നും പുറത്താക്കി. 

അങ്ങനെ ഒന്നുമാവാതെ പോയതിന്റെ നിരാശയും അസ്വസ്ഥതകളും കാംബ്ലിയുടെ പിൽക്കാല ജീവിതത്തെയും ബാധിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഏറ്റവും മികച്ച റൺവേട്ടക്കാരനായി തിളങ്ങുന്ന മലയാളി താരം സഞ്ജു സാംസണെ കമന്റേറ്റർമാർ പുകഴ്ത്തുന്നതിലുള്ള അസ്വസ്ഥത കാംബ്ലി ട്വിറ്ററിലൂടെ പ്രകടിപ്പിച്ചതിനെ ഈ സാഹചര്യത്തിൽ വേണം കാണാൻ.

ഓരോ ബോളിലും ആവേശം നിറയുന്ന ഐപിഎൽ ട്വന്റി20 മൽസരങ്ങളിൽ കമന്റേറ്റർമാർ പലപ്പോഴും അതിശയോക്തിയോടെയും അമിത ആവേശത്തോടെയുമാണ് കളി പറയുക. പരമ്പരാഗത ക്രിക്കറ്റ് പ്രേമികൾ അത് അത്രത്തോളം ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ, സഞ്ജുവിന്റെ കാര്യത്തിൽ അദ്ദേഹത്തിനു കിട്ടുന്ന വാഴ്ത്തലുകൾ ഒട്ടും അനർഹമല്ല എന്നതാണു വാസ്തവം.

ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാൻമാരെല്ലാം കളിക്കുന്ന ലീഗിലാണ് അദ്ദേഹം ഏറ്റവും കൂടുതൽ റൺ നേട്ടവുമായി ഓറഞ്ച് ക്യാപ് അണിഞ്ഞു നിൽക്കുന്നത്. ഈ സീസണിൽ ഇതുവരെയുള്ള കളികളിൽ ഒരെണ്ണത്തിൽ മാത്രമാണു സഞ്ജു 10 റൺസിൽ താഴെ സ്കോർ ചെയ്തത്. മറ്റെല്ലാ കളികളിലും ഉജ്വലമായിരുന്നു ബാറ്റിങ്. പ്രത്യേകിച്ച് ബാംഗ്ലൂരിനെതിരായ ഇന്നിങ്സ്. അന്ന് ഇന്ത്യയുടെ ഉദിച്ചുയരുന്ന ഭാവിതാരം എന്നു വാഴ്ത്തി ട്വീറ്റ് ചെയ്തത് ബാംഗ്ലൂരിന്റെ തന്നെ താരമായ ഡി വില്ലിയേഴ്സും ഷെയ്ൻ വോണും മൈക്കൺ വോണുമായിരുന്നു. ബുദ്ധിപരമായ ഇന്നിങ്സ് എന്നാണ് ബാംഗ്ലൂർ നായകനായ വിരാട് കോഹ്‌ലി സഞ്ജുവിന്റെ  ഇന്നിങ്സിനെ വിശേഷിപ്പിച്ചത്. ഈ വാഴ്ത്തലുകളിൽ മയങ്ങാതെ സഞ്ജു പക്വമായി പ്രതികരിച്ചത് ‘കാര്യങ്ങൾ നന്നായി പോകുന്നു. സന്തോഷം’ എന്നു മാത്രമായിരുന്നു. 

സഞ്ജുവിനെ കമന്റേറ്റർമാരും മുൻ താരങ്ങളുമെല്ലാം ഒരുപോലെ  വാഴ്ത്തുന്നുണ്ടെങ്കിൽ അത് മികവുറ്റ സ്ഥിരതയുള്ള പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തിലാണെന്നു വ്യക്തം. അപ്പോൾ കാംബ്ലി മാത്രം എന്തിന് ഇത്രയ്ക്ക് അസ്വസ്ഥനാവണം? ക്രിക്കറ്റിന്റെ എല്ലാ മേഖലകളിൽ നിന്നും അന്യമായി പോയ ഒരാളുടെ, ശ്രദ്ധപിടിച്ചുപറ്റാനുള്ള ഒരു മോശം ശ്രമമായിട്ടു മാത്രമേ അതിനെ കാണാനാവൂ. എവിടെയും എത്താതെ പോയൊരാൾ ശ്രദ്ധ കിട്ടാൻ കല്ലെടുത്തെറിയുന്ന പോലെയാണത്. 

സഞ്ജുവിനെതിരായ അദ്ദേഹത്തിന്റെ ആദ്യത്തെ ട്വീറ്റ് പെട്ടെന്നുള്ള പ്രതികരണമാണെന്നു കരുതാമെങ്കിലും അതിനെതിരെ വന്ന കമന്റുകൾക്ക് മറുപടിയായുള്ള രണ്ടാമത്തെ ട്വീറ്റ് അദ്ദേഹത്തിന്റെ അപകടകരമായ മനസ്ഥിതി വ്യക്തമാക്കുന്നതാണ്. സെഞ്ചുറി അടിക്കാനും ഓറഞ്ച് ക്യാപ് നിലനിർത്താനുമുള്ള സഞ്ജുവിനോടുള്ള വെല്ലുവിളിയായിരുന്നു അത്. തീർത്തും ദുരുദ്ദേശ്യപരമാണത്.

സഞ്ജു മൽസരിക്കുന്നതു കാംബ്ലിയുടെ വാചകമടിയോടല്ല; എതിർ ടീമുകളോടാണ്. സ്വന്തം ടീമിനു വേണ്ടി സാഹചര്യം അനുസരിച്ച് ഗംഭീരമായി കളിക്കുന്നുമുണ്ട്. അത് തുടരുക. 

കാംബ്ലിയെ ഓർത്തു സഹതപിക്കാം. അർഹമായ അവജ്ഞയോടെ തള്ളിക്കളയാം. അല്ലാതെ അർഥശൂന്യമായ ആ വാക്കുകളിലും വെല്ലുവിളിയിലും വീണുപോകേണ്ട കാര്യമില്ലല്ലോ.

(മുംബൈയിൽ ജിഎസ്ടി കമ്മിഷണറായ ലേഖകൻ മുൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും ക്രിക്കറ്റ് നിരീക്ഷകനുമാണ്)