ഞരമ്പിൽ പടരുന്ന കാൽപന്തുന്മാദം

ഫുട്ബോൾ ലോകകപ്പ് ക്വാർട്ടറിന്റെ ആവേശത്തിലേക്കു ലോകം ഉരുളുമ്പോൾ, കുട്ടിക്കാലത്തെ കാൽപന്തോർമകളും ആവേശവും പങ്കുവയ്ക്കുകയാണ് എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ.

ഫുട്ബോൾ, കാലുകളിൽ നിന്നൊഴുകുന്ന ലഹരിയാണ്. കാണികളുടെ ഞരമ്പുകളിലേക്കു പമ്പുചെയ്യപ്പെടുന്ന ഉന്മാദം. കളികണ്ടു വെളിവുകെടുന്നവർ എന്റെ നാട്ടിലുമുണ്ട്. മദ്യവും ലഹരിമരുന്നും പകരാത്ത ഉന്മാദലോകത്ത് അവർ കളിക്കാരനുവേണ്ടി ശ്വാസം മുറുക്കി... കഴുത്തിലെ ഞരമ്പുകൾ പിടയും. ആ വേഗത്തിന്റെ ഇരപ്പിൽ തൊണ്ടക്കുഴലുകളിൽനിന്ന് വിറകൊണ്ട ശബ്ദം പുറത്തുചാടും. കുട്ടിക്കാലത്തെ സ്‌കൂൾമൈതാനങ്ങൾ പകരാത്ത ലഹരി, ടിവിയെന്ന ചതുരക്കള്ളിയിൽനിന്ന് ഞാനൂറ്റിയിട്ടുണ്ട്. കാൽപന്തിന്റെ ഉന്മാദം കൊണ്ടായിരുന്നില്ല, കളിഭ്രാന്തൻമാരുടെ ലഹരിയറിയാൻ ശ്രമിച്ചപ്പോൾ. നാട്ടിലെ കാൽപന്തിന്റെ സുൽത്താൻ ചാക്കുമാമയായിരുന്നു; പഴയ സെവൻസുകാരൻ.

മാമയുടെ വീട്ടിലിരുന്നാണു ലോകകപ്പ് ആദ്യമായി കാണുന്നത്. അന്ന് കളർ ടിവി അവിടെ മാത്രം... ഒനിഡയുടെ ഇരുപതിഞ്ച്... ഗൾഫിലെ മരുമകന്റെ മാഗ്നിഫയിങ് സ്‌ക്രീൻ കൂടിയായപ്പോൾ കാഴ്ചയുടെ വലുപ്പമേറി. ലോകകപ്പ് തുടങ്ങിയാൽ ഞങ്ങളുടെ നാട്ടുവഴികളുടെയറ്റം അവസാനിക്കുന്നത് മാമയുടെ വീട്ടുമുറ്റത്ത്. രാത്രിയിൽ കളികാണാൻ മാറ്റിനിക്കുള്ള ആളുണ്ടാവും... രണ്ടുകളികളുള്ള ദിവസങ്ങളിൽ ഉറങ്ങാതെ അടുത്തതിനായി കാത്തിരിക്കാൻ, ചാക്കുമാമ ചുക്കുകാപ്പിയിട്ടുതരും. ഓരോ കളിക്കാരന്റെയും വീറും ദൗർബല്യങ്ങളും നിറഞ്ഞ മാമയുടെ വർണനകളാൽ ഇടവേളകൾ നിറയും... വെളുപ്പാൻകാലം വീട്ടിൽ മടങ്ങിയെത്തിയാലും ഉറങ്ങാൻ കഴിയില്ല. കണ്ണടച്ചാൽ വെള്ളിവെളിച്ചം നിറയുന്ന പച്ചമൈതാനം. പന്തടിക്കുമ്പോൾ ഉയരുന്ന സ്വരം. എങ്ങനെയാണീ ആനന്ദം പകർത്തിയെഴുതുക...

വീടുകളിലെല്ലാം ടിവി വന്നിട്ടും നാലാണ്ടു കൂടുമ്പോഴുള്ള മാമാങ്കം കാണാൻ ചാക്കുമാമയുടെ വീടിനെ ഞങ്ങൾ വട്ടംപിടിച്ചു. കളി തുടങ്ങുന്നതിനു മുന്നേ മാമയുടെ വീടിന്റെ ചുമരുകൾ, കാൽപന്തുനാടുകളുടെ പതാക കൊണ്ടും കളിക്കാരുടെ മുഖങ്ങൾകൊണ്ടും നിറയും. വരാന്തയിൽ തൂക്കിയിടാറുള്ള മാമ്പലകയുടെ കീറിൽ ഇന്നത്തെ കളിയുടെ രേഖപ്പെടുത്തലിനു താഴെ രാജ്യങ്ങൾ പോരാട്ടത്തിനു കാത്തുകിടക്കും. പുറംമതിലിലെ ഷെഡ്യൂളിൽനിന്ന് തോറ്റുപോയവരെ ചുവപ്പുവട്ടം വരച്ചു പുറത്താക്കുന്ന ചാക്കുമാമയെന്ന റഫറിയുടെ കടുംവെട്ടുകൾ...

പങ്കജ് തിയറ്ററിലെ വലിയ സ്‌ക്രീനിൽ സിനിമപോലെ ലോകകപ്പ് ഉരുണ്ടുതുടങ്ങിയപ്പോഴാണ് മാമയുടെ കാൽപന്തുവീട് വിസ്മൃതിയിലാവുന്നത്. സിനിമയിലെ സൂപ്പർതാര ആരാധകരെക്കാൾ വലിയ ഫുട്ബോൾ ഫാൻസുകാരുടെ തുള്ളിത്തിമിർപ്പു കണ്ട് മുറുകിയിട്ടുണ്ട്. അലാംവച്ചുണർന്ന് പാതിരാത്രികളെ പകലുകളാക്കുന്നവർ... പ്രായഭേദമില്ലാതെ പകരുന്ന ലഹരിയിൽ പിതൃപുത്ര അതിരില്ലാതെ പോരടിച്ചവർ. കാൽപന്ത് അവരെ സമൻമാരാക്കുന്നു; അപരിചിതരെ പരിചിതരും...തനിച്ചിരുന്ന് ആ ലോകകപ്പ് ചാക്കുമാമ കണ്ടു. പിന്നെ അടുത്ത മാമാങ്കത്തിന് കാത്തുനിൽക്കാതെ പടച്ചവന്റെ കളിക്കളത്തിലേക്കു മടങ്ങി. മാമയുടെ ചുമരിലെ കാൽപന്തിന്റെ ഓർമക്കുറിപ്പുകളും ചിത്രങ്ങളും പിന്നെയും കുറെനാൾ...

‌ഈയൂഴം തനിച്ച് നഗരത്തിന്റെ കുടുസ്സുമുറിയിൽ ലൈവ് കാണേണ്ടിയിരിക്കുന്നു... കളിയുടെ ഭൂഖണ്ഡത്തിലെ പ്രജകൾ ലോകകപ്പിന്റെ ആവേശത്തിൽ വിശ്വവിജയത്തിനായി വാതുവയ്ക്കുമ്പോൾ... കളിയറിയാതെ ഞാനും...