ഒരു നാളേക്ക് എവളവ് ലീറ്റർ തേവൈപെടുത് ? (ഒരു ദിവസം എത്ര ലീറ്റർ വേണ്ടി വരും?) 5,000 ലീറ്റർ വരെ പോകും. ഞങ്ങൾ പറയുന്ന പേരിൽ കവറാക്കി തരാമോ? ഉങ്കളക്ക് എന്ന പേരിൽ തേവൈപ്പെടുതോ, അതേ പേരിൽ അടിച്ചു കൊടുക്കലാം... ഉങ്കളക്ക് എന്ന പേരിൽ വേണം? (നിങ്ങൾക്ക് ഏതു പേരിൽ വേണമോ, ആ പേരിൽ അടിച്ചുതരാം, നിങ്ങൾക്ക് ഏതു പേരിലാ വേണ്ടത്?) ‘മനോരമ...’ കണ്ടിപ്പാ കൊടുക്കലാം... ഒരു പ്രച്ചനേ ഇല്ല... (ഉറപ്പായും തരാം, ഒരു പ്രശ്നവുമില്ല)
കൊല്ലം ജില്ലാ അതിർത്തിയായ ആര്യങ്കാവിൽനിന്നു 40 കിലോമീറ്റർ അകലെ ചുരണ്ട (സുരണ്ടൈ) എന്ന ഗ്രാമത്തിലെ ആ പാൽ പ്ലാന്റിനു ബോർഡില്ല. പേരുണ്ട്, അത് വിസിറ്റിങ് കാർഡിൽ മാത്രം. കേരളത്തിൽ പലയിടത്തായി സൂപ്പർ മാർക്കറ്റുകളുണ്ടെന്നും ഓണം സീസണിൽ അവിടംവഴി പാൽ വിൽക്കാനാണു പരിപാടിയെന്നും പറഞ്ഞു പ്ലാന്റിലെത്തിയപ്പോൾ പ്ലാന്റ് മാനേജർ പയ്യൻ മുതലാളിക്കു മുന്നിലേക്ക് ആനയിച്ചു. റോഡരികിലെ രണ്ടുനില കെട്ടിടത്തിന്റെ മുകൾ നിലയിലെ എസി മുറിയിലിരുന്ന് സിസിടിവിയിലൂടെ പരിസരം മുഴുവൻ നിരീക്ഷിക്കുകയാണു മുതലാളി.
കാര്യം പറഞ്ഞു. ‘നീങ്കെ മാർക്കറ്റ് പിടീങ്കെ, മൂണ് മാസത്തുക്കുള്ളേ അതു 15000 ലീറ്റർ വരെ കണ്ടിപ്പാ വന്തിടും. കേരളാവിൽ അപ്പടി ഉള്ള ആളെ എനക്ക് തെരിയും...’ (നിങ്ങൾ മാർക്കറ്റ് പിടിക്കൂ, മൂന്നു മാസത്തിനുള്ളിൽ നിങ്ങളുടെ കച്ചവടം ഉറപ്പായും 15000 ലീറ്റർ ആക്കാം. കേരളത്തിൽ അങ്ങനെയുള്ള ആളെ എനിക്കറിയാം). ‘പാൽക്കച്ചവടത്തിൽ’ നടാടെ കാലെടുത്തു വയ്ക്കാനിറങ്ങിയ ‘സൂപ്പർ മാർക്കറ്റ് മുതലാളി’ക്ക് പാൽ മുതലാളി ധൈര്യം തന്നു. തമിഴ്നാട്ടിലെ ഒരു വിലാസം സംഘടിപ്പിക്കാമെന്നും മുതലാളിവക ഉറപ്പ്. തമിഴ്നാട്ടിൽ പാലിനു നികുതി ഇല്ലാത്തതിനാൽ വേറെ പ്രശ്നവുമില്ല. ഒരു ലക്ഷം ലീറ്റർ ശേഷിയുണ്ടത്രേ ഇവിടത്തെ പ്ലാന്റിന്. ഇപ്പോൾ, 40000 ലീറ്ററിന്റെ ബിസിനസുണ്ട്. അതു മുഴുവൻ കേരളത്തിൽ പല പേരുകളിൽ വിറ്റഴിക്കുന്നുണ്ടെന്നും മുതലാളി ഗമയോടെ പറഞ്ഞു. പാലിൽ കൊഴുപ്പിന്റെ അളവ് എത്ര വേണമെന്നു പറഞ്ഞാൽ മതി, അതേ അളവിൽ ‘കലക്കി’ത്തരും. ഫ്രീസറില്ലെങ്കിലും ഒരു ദിവസം മുഴുവൻ പാൽ കേടാവാതെ ഇരിക്കും. ഫ്രീസറുണ്ടെങ്കിൽ ഒരാഴ്ച നോ പ്രോബ്ലം!
ഇറങ്ങുമ്പോൾ പ്ലാന്റിനകത്തേക്കു നോക്കി. തൊഴിലാളികൾ വൃത്തിഹീനമായ തറയിലിരുന്ന് നെയ്യും പേടയും തയാറാക്കുന്നു. അതും കേരളത്തിലേക്കുള്ളതാണ്. തൊട്ടടുത്തു പാൽ ടാങ്കുകളിലൊന്ന് തുരുമ്പെടുത്തു ജീർണിച്ചിരിക്കുന്നു. അതിൽ പാൽ കലക്കുന്നതോർത്തപ്പോൾ പണ്ടു കുടിച്ച പാലുപോലും തികട്ടിവന്നു. ചുരണ്ട ഗ്രാമത്തിന്റെ പത്തു കിലോമീറ്റർ ചുറ്റളവിൽ ഇത്തരത്തിൽ പന്ത്രണ്ടോളം പാൽ പ്ലാന്റുകളുണ്ട്. ഇവിടങ്ങളിൽനിന്നു നിത്യേന ലക്ഷക്കണക്കിനു ലീറ്റർ പാലാണ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലേക്ക് ഒഴുകുന്നത്.
മുതലാളി പറഞ്ഞ ലാഭക്കണക്ക് ഇങ്ങനെ
ലീറ്ററിന് 27.60 രൂപയ്ക്കു പാൽ തരും. ഒരു രൂപ കടത്തുകൂലി, ഒരു രൂപ പ്രോസസിങ് ചാർജ്. എല്ലാം കൂടി 29.60 രൂപ. 34-36 രൂപയ്ക്കു വിൽക്കാം. ലീറ്ററിനു 4.40 മുതൽ 6.40 രൂപ വരെ ലാഭം ! (കേരളത്തിൽ മിൽമ പാലിനു ലീറ്ററിനു 42- 44 രൂപ കൊടുക്കണം. നാടൻപാലിനു ശരാശരി 45 രൂപയും)
മുതലാളിക്കു ലാഭം, ഇവിടെ വൻലാഭം
ഒരു ലീറ്റർ പാലിനു ക്ഷീരകർഷകനു മിൽമ നൽകുന്നത് ശരാശരി 34 രൂപയാണ്. തമിഴ്നാട്ടിൽ ക്ഷീരകർഷകനു കിട്ടുന്നതാകട്ടെ 21 രൂപയും. 13 രൂപയുടെ വ്യത്യാസം. അവിടെനിന്നു വിലകുറച്ചു വാങ്ങുന്ന പാലിൽ മായംചേർത്ത് ഇവിടെ വിൽക്കുമ്പോൾ പാൽ പ്ലാന്റ് മുതലാളിക്കും ഇവിടത്തെ കച്ചവടക്കാരനും കൈനിറയെ ലാഭം. ഒരു തുള്ളി പാൽപോലും ചീത്തയാവാതെ അവർ വിറ്റഴിക്കും.
വേണ്ടതും, വരുന്നതും
കേരളത്തിലെ ജനസംഖ്യ 3.48 കോടി. ഒരാൾക്കു ദിവസം 250 ഗ്രാം പാൽ വേണമെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്ക്. അങ്ങനെയെങ്കിൽ, കേരളത്തിന് ഒരു ദിവസം വേണ്ട പാൽ 87 ലക്ഷം ലീറ്റർ. ഇവിടത്തെ ഉൽപാദനം 82 ലക്ഷം ലീറ്റർ (മിൽമ സംഭരിക്കുന്ന 13 ലക്ഷം ലീറ്റർ ഉൾപ്പെടെ) മാത്രമെന്നു ക്ഷീരവികസന വകുപ്പിന്റെ കണക്ക്. ബാക്കി അഞ്ചു ലക്ഷം ലീറ്റർ തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നു വരുന്നത്രേ. ഇതിൽ ഒന്നരലക്ഷം ലീറ്റർ മിൽമ കൊണ്ടുവരുന്നതാണ്. മൂന്നര ലക്ഷം ലീറ്റർ സ്വകാര്യമേഖലയിലൂടെയും. എന്നാൽ, അഞ്ചോ പത്തോ അല്ല, അതിൽക്കൂടുതൽ ലക്ഷം ലീറ്റർ പാൽ കേരളത്തിലെ ചെക് പോസ്റ്റുകൾ കടന്നും മറ്റും എത്തുന്നുവെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
പാലക്കാട് മീനാക്ഷിപുരം ചെക് പോസ്റ്റ് വഴി ദിവസവും മൂന്നര ലക്ഷം ലീറ്ററും ആര്യങ്കാവ് വഴി രണ്ടു ലക്ഷം ലീറ്ററും വരുന്നുവെന്ന ഔദ്യോഗിക കണക്കുതന്നെ, ക്ഷീരവികസന വകുപ്പിന്റെ കണക്കിലെ പൊരുത്തക്കേടു വിളിച്ചുപറയും. അമരവിള, മഞ്ചേശ്വരം, കുമളി ചെക് പോസ്റ്റുകൾ വഴി വരുന്നതിന്റെ കണക്ക് എവിടെ കൂട്ടണം? ഏറ്റവും കുറഞ്ഞത് 10 ലക്ഷം ലീറ്റർ പാൽ അതിർത്തി കടന്നെത്തുന്നുണ്ടെന്നു ക്ഷീരവികസന വകുപ്പ് ചെക് പോസ്റ്റിലെ ഉദ്യോഗസ്ഥൻ രഹസ്യമായി സമ്മതിക്കുന്നു.
നിത്യവും ഫ്രഷ് (ഒരാഴ്ച മുൻപ്)
തമിഴ്നാട്ടിൽനിന്നു കവറിലാക്കിയും ടാങ്കറിലാക്കിയും കൊണ്ടുവരുന്ന പാൽ, അവിടെ കറക്കുന്നത് ഒരാഴ്ച മുൻപെങ്കിലുമാകും. ഇവിടെയെത്തിച്ചു വിറ്റഴിക്കുംവരെ കേടാകാതിരിക്കണം. അവിടെയാണ് മായം ചേർക്കൽ. കൊഴുപ്പ്, രുചി, ഗുണം എന്നിവ കൂട്ടുന്നതിനു തരാതരംപോലെ മായം ചേർക്കും;. കേടാവാതിരിക്കാൻ ശ രീരത്തിനു ഹാനികരമായ രാസപദാർഥങ്ങളും.
‘ആന്റി ബയോട്ടിക്’ മരുന്നു പൊടിച്ചുചേർത്ത പാൽ സമീപകാലത്ത് മീനാക്ഷിപുരം ചെക് പോസ്റ്റിൽ പിടികൂടി തിരിച്ചയച്ചിരുന്നു. ഒരു ടാങ്ക് പാലിൽ 100 മില്ലിഗ്രാം ആന്റി ബയോട്ടിക് ചേർത്താൽപോലും പാലിലെ വേണ്ടതും വേണ്ടാത്തതുമായ ബാക്ടീരിയകൾ നശിക്കും. ഇതു കണ്ടുപിടിക്കാനും പാടാണ്. ഈ പാൽ ഉറയൊഴിച്ചാൽ തൈരാവില്ല. കുട്ടികൾക്കു കുടിക്കാൻ കൊടുത്താൽ പിന്നെ അസുഖത്തിന് ഏത് ആന്റി ബയോട്ടിക് മരുന്നു കഴിച്ചാലും ഏൽക്കില്ല -ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥന്റെ വാക്കുകൾ.
മുപ്പതിലധികം ബ്രാൻഡുകൾ
തമിഴ്നാട് ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പാൽ കേരളത്തിൽ മുപ്പതിലേറെ ബ്രാൻഡുകളിലായി വിൽക്കുന്നുണ്ട്. ചിലത് ഒറ്റ പായ്ക്കറ്റായി വിൽക്കാതെ ചില ഹോട്ടലുകൾക്കും കേറ്ററിങ് കമ്പനികൾക്കും വലിയ സൽക്കാരങ്ങൾക്കും മാത്രം നൽകുന്നു.
ഫലത്തിൽ, അയൽസംസ്ഥാനങ്ങളിലെ ഒരേ പ്ലാന്റിൽനിന്നു വരുന്ന പാൽ പല കവറുകളിൽ, പല പേരുകളിൽ നമ്മൾ കുടിക്കുന്നു. ഒരു ഘട്ടത്തിൽ സംസ്ഥാന സർക്കാർ നിരോധിച്ച, തമിഴ്നാട്ടിൽനിന്നുള്ള അതേ ബ്രാൻഡ് നാമത്തിൽത്തന്നെ ഇപ്പോൾ പാൽ ലഭ്യമാണ്. പാലിനു സാധാരണയായി രണ്ടുദിവസത്തെ കാലാവധിയാണ് പായ്ക്കറ്റിൽ രേഖപ്പെടുത്തേണ്ടത്. അഞ്ചുദിവസത്തെ കാലാവധി രേഖപ്പെടുത്തിയ പാൽ ഒരു പരിശോധനയുമില്ലാതെ വിറ്റഴിക്കുന്നു.
ഒച്ച് മുതൽ ഫോർമലിൻ വരെ
ഇടുക്കി ഹൈറേഞ്ച് മേഖലയിൽ അടുത്തിടെ വിൽപനയ്ക്കെത്തിച്ച പാലിൽ കണ്ടത് നുരയ്ക്കുന്ന ഒച്ചുകൾ! വഴുവഴുത്ത ഒച്ച് പാലിന്റെ കൊഴുപ്പു കൂട്ടുമത്രെ. ഒച്ചിനെ കിട്ടിയില്ലെങ്കിൽ മണ്ണിരകളെ കിഴികെട്ടിയിട്ടും ചോളപ്പൊടി ചേർത്തും കൊഴുപ്പു കൂട്ടിയ പരീക്ഷണം, ഇടുക്കിയിലെത്തിയ പാലിൽ കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹം അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമലിൻ മുതൽ രാസവളമായ യൂറിയ വരെ പാലിൽ കലർത്തുന്നതായും റിപ്പോർട്ടുകളുണ്ട്. പാലിന്റെ അസിഡിറ്റി കുറയ്ക്കാൻ അപ്പക്കാരം ചേർക്കാറുണ്ടെന്നും പറയുന്നു. പാലക്കാട് മീനാക്ഷിപുരത്തും കൊല്ലത്ത് ആര്യങ്കാവിലും മാത്രമാണ് സംസ്ഥാനത്തെ ക്ഷീരവികസന വകുപ്പിനു ചെക് പോസ്റ്റുകളുള്ളത്.
ഇവിടെ പാലിന്റെ പരിശോധനാഫലം എഴുതി നൽകുന്ന ഫോം വായിച്ചു നോക്കിയാലറിയാം, എന്തൊക്കെ തരം മായങ്ങളാണ് പാലിലൂടെ കടന്നുവരുന്നതെന്ന്. ഓണം സീസണിൽ കേരളത്തിലെ പാൽ ഉപഭോഗം ഇരട്ടിയോളമാകും. മായം ചേർക്കലിന്റെ ആഘോഷകാലമാണത്.
നല്ലതിനും ചീത്തപ്പേര്
പാലുൽപാദനത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്കു നീങ്ങുകയാണെന്നാണ് അവകാശവാദം. ഇക്കാര്യത്തിൽ മിൽമയും ക്ഷീരസംഘങ്ങളും ക്ഷീരകർഷകരും ചെലുത്തുന്ന സ്വാധീനം ചില്ലറയല്ല. ഗുണനിലവാരമുള്ള പാൽ ഇവ വഴി മലയാളിക്കു കിട്ടുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിൽനിന്ന് അംഗീകൃത - ബ്രാൻഡഡ് കമ്പനികളും കേരളത്തിൽ കലർപ്പില്ലാത്ത പാൽ എത്തിക്കുന്നു. അമിതലാഭം മോഹിച്ച് മായം കലർന്ന പാൽ കൊണ്ടുവരുന്ന ചെറുവിഭാഗമാണ് ഈ രംഗത്തു ഭീതിവിതയ്ക്കുന്നത്. ഇവരെ നിയന്ത്രിക്കാൻ കർശനനടപടി വേണം.
കുടിക്കുന്നത് രോഗം: ഡോ. ബി. പത്മകുമാർ, (മെഡിസിൻ വിഭാഗം പ്രഫസർ, ആലപ്പുഴ മെഡിക്കൽ കോളജ്)
മായം ചേർന്ന പാലിന്റെ നിരന്തര ഉപഭോഗം ആരോഗ്യത്തിനു വലിയ ദോഷമാണ്. മലയാളികളിൽ 50 വയസ്സിനു മുകളിലുള്ള ഒട്ടേറെപ്പേർ രക്തം കട്ടപിടിക്കാനുള്ള മരുന്നു കഴിക്കുന്നവരാണ്. രാസപദാർഥങ്ങളടങ്ങിയ പാൽ ഉള്ളിൽച്ചെല്ലുന്നത് ഇത്തരക്കാരിൽ ആന്തരിക രക്തസ്രാവത്തിനു കാരണമാകും. ചെറിയ അളവിൽപോലും പതിവായി ഫോർമലിൻ ഉള്ളിൽച്ചെന്നാൽ ഉദര- ദഹനേന്ദ്രിയ വ്യവസ്ഥയെയും കരൾ- വൃക്കകളെയും തകരാറിലാക്കും. ആമാശയത്തിലെ കട്ടികുറഞ്ഞ ചർമത്തിൽ വ്രണങ്ങൾ രൂപപ്പെടും. അതു ക്രമേണ അർബുദമായി മാറാം. ഫോർമലിനുമായി നിരന്തരം ബന്ധപ്പെടുന്ന തൊഴിലാളികളിൽ മൂക്കിലും വായിലും അർബുദം കണ്ടുവരുന്നുണ്ട്. കുട്ടികളിൽ തലച്ചോറിന്റെ വളർച്ചയെപ്പോലും ബാധിക്കും.
ആമാശയത്തിൽ വ്രണം, ഗ്യാസ്ട്രൈറ്റിസ്, ഓക്സിജൻ വഹിക്കാനുള്ള രക്തത്തിന്റെ ശേഷി ഇല്ലാതാക്കൽ എന്നിവയാണ് ഹൈഡ്രജൻ പെറോക്സൈഡ് ഉള്ളിൽച്ചെന്നാലുള്ള സ്ഥിതി. ബോറിക് ആസിഡ് ഉദരവ്യവസ്ഥയെ ബാധിക്കും. രുചിയും മണവും കൂട്ടാനുള്ള കൃത്രിമ േചരുവകൾ അമിതഭാരം, കൊളസ്ട്രോൾ എന്നിവയ്ക്കു കാരണമാകും. യൂറിയ ഉള്ളിൽച്ചെല്ലുന്നത് വൃക്കകളെയാണ് ദോഷകരമായി ബാധിക്കുക.
സർക്കാർ ചെയ്യേണ്ടത്
∙ എല്ലാ ചെക് പോസ്റ്റുകളിലും പരിശോധന കർശനമാക്കുക.
∙ ക്ഷീരവികസന വകുപ്പിനു കൂടുതൽ അധികാരങ്ങൾ നൽകുക.
∙ മായംചേർത്ത പാൽ പിടികൂടിയാൽ പരമാവധി ശിക്ഷ ഉറപ്പാക്കുക.
∙ ആഭ്യന്തര പാലുൽപാദനം വർധിപ്പിക്കാൻ കൂടുതൽ ക്രിയാത്മക നടപടി.
∙ ഓണം തുടങ്ങിയ സീസണുകളിൽ പരിശോധന വ്യാപകമാക്കുക.
പശുക്കളെത്ര, പാലെത്ര ?
സംസ്ഥാനത്ത് കന്നുകാലി സെൻസസ് ഏറ്റവും ഒടുവിൽ നടന്നത് 2015ൽ ആണെങ്കിലും ആ കണക്ക് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. നിലവിലുള്ളത് 2012ലെ കണക്കാണ്. അതുപ്രകാരം. 12 ലക്ഷം പശുക്കൾ, കറവയുള്ളത് – 4,73,000. എരുമ–31,085, കറവയുള്ളത് – 6823
ഒരു പശു ദിവസം 10.22 ലീറ്റർ പാൽ തരുമെന്നാണ് ക്ഷീരവികസന വകുപ്പിന്റെ കണക്ക്. എരുമയാകട്ടെ, എട്ടു മുതൽ 10 ലീറ്റർ വരെ.
∙ 473,000 X 10.22 = 48,34,060 ലീറ്റർ
∙ 6823 X 10 = 68,230 ലീറ്റർ
∙ ആകെ 49,02,290
കേരളത്തിൽ ലഭ്യമാകുന്ന ആട്ടിൻപാൽ കൂടി കൂട്ടിയാൽ 50 ലക്ഷം ലീറ്റർ കിട്ടിയെന്നു വച്ചോളൂ. അപ്പോൾ ഒരു ദിവസം കേരളത്തിനു വേണ്ട 87 ലക്ഷം ലീറ്റർ പാലിൽ ബാക്കി 37 ലക്ഷം എവിടെനിന്ന് ? പുതിയ സെൻസസ് പ്രകാരമുള്ള കണക്കു വരുമ്പോൾ കന്നുകാലികളുടെ എണ്ണം കൂടുമെന്നും പാലിന്റെ അളവു കൂടുമെന്നും സമാധാനിക്കാം!