‘ജനങ്ങളുടെ ഇച്ഛാശക്തി ഉയർന്നുകേട്ടു’ – മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ (56) ആദ്യപ്രതികരണം ഇതായിരുന്നു. തിരഞ്ഞെടുപ്പിൽ സോലിഹ് ജയിക്കുമെന്നു ലോകമാധ്യമങ്ങളോ രാഷ്ട്രീയ നിരീക്ഷകരോ പ്രതീക്ഷിച്ചില്ല. എന്നാൽ, താൻ വിജയിക്കുമെന്നു സോലിഹ് പലവട്ടം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ആത്മവിശ്വാസം യാഥാർഥ്യമാക്കിയ തിരഞ്ഞെടുപ്പുഫലം, ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുരാജ്യമായ മാലദ്വീപിനും പുതിയ പ്രതീക്ഷകൾ നൽകുന്നു.
തിരഞ്ഞെടുപ്പുകാലത്തു മാലദ്വീപിലെ പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം ജയിലിലോ പ്രവാസത്തിലോ ആയിരുന്നു. 45 ദിവസം നീണ്ട അടിയന്തരാവസ്ഥയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വരെ ജയിലിലടച്ചു. അബ്ദുല്ല യമീൻ തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടുമെന്നും വ്യാപകമായ ആശങ്ക ഉയർന്നിരുന്നു.
യൂറോപ്യൻ യൂണിയനും യുഎന്നും നിരീക്ഷകരാകാതെ വിട്ടുനിന്നപ്പോൾ പ്രതിപക്ഷത്തിന്റെ വിശാലസഖ്യമൊരുക്കിയ മുന്നേറ്റത്തിൽ സോലിഹ് വൻതിരയായി ഉയർന്നു. ഉരുക്കുമുഷ്ടികൊണ്ടു ഭരിച്ച അബ്ദുല്ല യമീനെ പുറക്കാക്കി ജനം സൗമ്യനും ജനാധിപത്യവാദിയുമായ സോലിഹിനെ രാജ്യത്തിന്റെ അഞ്ചാമത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
സോലിഹിനെ എല്ലാവരും വിളിക്കുന്നത് ‘ഇബു’ എന്നാണ്. പ്രതിപക്ഷപാർട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയുടെ (എംഡിപി) പ്രധാനനേതാക്കളെ അബ്ദുല്ല യമീൻ ഭരണകൂടം ജയിലിൽ അടയ്ക്കുകയോ നാടുകടത്തുകയോ ചെയ്ത സാഹചര്യത്തിലാണു ജനാധിപത്യാവകാശ പോരാളിയായ ഇബു പ്രസിഡന്റ് സ്ഥാനാർഥിയായത്.
നാടുകടത്തപ്പെട്ട മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ അടുത്തസുഹൃത്തും നഷീദിന്റെ ഭാര്യയുടെ ബന്ധുവുമായ സോലിഹ് എംഡിപിയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. അഭിഭാഷകനായ അദ്ദേഹം 1994ൽ തന്റെ മുപ്പതാം വയസ്സിലാണ് ആദ്യമായി പാർലമെന്റിലെത്തിയത്. അന്നു രാജ്യത്തു പ്രതിപക്ഷ പാർട്ടി ഇല്ലായിരുന്നു. 2003–2008 കാലത്തു രാജ്യത്തുനടന്ന ജനാധിപത്യാവകാശ പ്രചാരണത്തിനു മുൻനിരയിൽനിന്നു. മുഹമ്മദ് നഷീദിന്റെ നേതൃത്വത്തിൽ എംഡിപി ഉണ്ടാക്കിയപ്പോൾ സ്ഥാപക നേതാക്കളിലൊരാളായി. 2008ലെ തിരഞ്ഞെടുപ്പിൽ മുഹമ്മദ് നഷീദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബഹുകക്ഷി സമ്പ്രദായത്തിൽ മാലദ്വീപിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു അത്.
ബഹുകക്ഷി ഭരണം അനുവദിച്ച പുതിയ ഭരണഘടനയുടെ ശിൽപികളിലൊരാളും സോലിഹായിരുന്നു. നഷീദിനെ അധികാരത്തിൽനിന്നു പുറത്താക്കിയ അട്ടിമറിക്കുശേഷമാണു എംഡിപിയുടെ പാർലമെന്ററി നേതാവായി സോലിഹ് തിരഞ്ഞെടുക്കപ്പെട്ടത്.
തുടർന്നു നടന്ന തിരഞ്ഞെടുപ്പിലാണു മുഹമ്മദ് യമീൻ അധികാരത്തിലെത്തിയത്. 45 ദിവസ അടിയന്തരാവസ്ഥക്കാലത്തു സുപ്രീം ചീഫ് ജസ്റ്റിസിനെ ജയിലിൽ അടച്ചു. പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയെ തുടർന്നായിരുന്നു ഇത്. അന്ന് അറസ്റ്റിലാകാത്ത അപൂർവം നേതാക്കളിലൊരാളായിരുന്നു സോലിഹ്.
സെപ്റ്റംബർ 23നു പ്രസിഡന്റ് തിരഞ്ഞെടുപ്പു നടത്താൻ തിരഞ്ഞെടുപ്പു കമ്മിഷൻ വിജ്ഞാപനം ഇറക്കിയപ്പോൾ യമീനെ പുറത്താക്കാൻ ദൃഢനിശ്ചയം ചെയ്ത പ്രതിപക്ഷ കക്ഷികൾ വിശാല ഐക്യമുണ്ടാക്കുകയായിരുന്നു.
തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുവരെ ഒട്ടേറെ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത യമീൻ ഭരണകൂടം തിരഞ്ഞെടുപ്പിനു തലേന്ന് എംഡിപിയുടെ ആസ്ഥാനത്തു പൊലീസ് റെയ്‌ഡും നടത്തി. പക്ഷേ, അമിതാധികാരത്തിന്റെ പത്രാസിൽ ജനം ഭയപ്പെട്ടില്ല. അതോടെ ഇബുവിന്റെ പോരാട്ടം യാഥാർഥ്യമായി.