പത്തു വർഷങ്ങൾക്കു മുൻപു നടന്ന കാര്യങ്ങൾ ആവർത്തിക്കുകയാണോ മാലദ്വീപിൽ? 2008 ഒക്ടോബറിലാണ് 30 വർഷമായി മാലദ്വീപുകൾ ഭരിച്ചിരുന്ന മൗമൂൻ അബ്ദുൽ ഗയൂമിനെ, അന്ന് 41 വയസ്സ് മാത്രമുണ്ടായിരുന്ന മുഹമ്മദ് നഷീദ് അന്നാട്ടിലെ ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്. പക്ഷേ, നാലു വർഷത്തെ ഭരണത്തിനുശേഷം ഒരു പൊലീസ് വിപ്ലവത്തിലൂടെ നഷീദിന് സ്ഥാനം നഷ്ടപ്പെട്ടു. 2013ലെ തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഗയൂമിന്റെ അർധസഹോദരനായ അബ്ദുല്ല യമീൻ ‘സംശയാസ്പദമായ സാഹചര്യങ്ങളിൽ’ നഷീദിനെ തോൽപ്പിച്ചു. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം ഉലയുന്ന രീതിയിലുള്ള ഇടപെടലുകളാണ് പ്രസിഡന്റ് യമീന്റെ ഭാഗത്തുനിന്നുണ്ടായത്.
ചൈനയുമായി അടുത്തബന്ധം സ്ഥാപിച്ച യമീൻ മാലദ്വീപിൽ ചൈനീസ് നിക്ഷേപങ്ങൾ പ്രോൽസാഹിപ്പിക്കുകയും കഴിഞ്ഞ വർഷം ചൈനയുമായി ഒരു സ്വതന്ത്ര വാണിജ്യ ഉടമ്പടി ഒപ്പുവയ്ക്കുകയും ചെയ്തു. ഈ വർഷം ആദ്യം ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്നു യമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, സഹോദരൻ ഗയൂമും ചീഫ് ജസ്റ്റിസുമുൾപ്പെടെ പല പ്രമുഖരെയും തടവിലാക്കുകയും ചെയ്തു. ഈ നടപടികളെ വിമർശിച്ച ഇന്ത്യയ്ക്കെതിരെ യമീൻ പ്രതികരിച്ചത് മാലദ്വീപിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ വീസ നീട്ടിനൽകാൻ വിസമ്മതിച്ചും ഇന്ത്യ നൽകിയ രണ്ടു ഹെലികോപ്റ്ററുകളും അതുമായി ബന്ധപ്പെട്ടു മാലദ്വീപിൽ വിന്യസിക്കപ്പെട്ടിരുന്ന സൈനികരും മടങ്ങിപ്പോകണം എന്ന് ആവശ്യപ്പെട്ടും ആയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഞായറാഴ്ച മാലദ്വീപിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു നടന്നത്. യമീനെതിരെ മൽസരിച്ചത് സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി ഇബ്രാഹിം മുഹമ്മദ് സോലിഹ് ആയിരുന്നു. യമീൻ തിരഞ്ഞെടുപ്പിൽ കള്ളത്തരം കാണിക്കും എന്നായിരുന്നു പൊതുവെയുള്ള ആശങ്ക. എന്നാൽ, 2,62,135 സമ്മതിദായകരിൽ 89 ശതമാനവും വോട്ട് ചെയ്ത തിരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോൾ സോലിഹിന് 58% വോട്ടു ലഭിച്ചു. യമീനാകട്ടെ 41.7 ശതമാനവും. യമീൻ തോൽവി സമ്മതിക്കാൻ വൈകിയില്ല. പ്രതിപക്ഷ ഐക്യത്തിനു മുൻകയ്യെടുത്ത മുൻ പ്രസിഡന്റ് നഷീദിന്റെ അഭിപ്രായത്തിൽ വിദേശ മാധ്യമങ്ങളും തദ്ദേശീയ പൊതുപ്രവർത്തകരും സർക്കാരിതര സംഘടനകളും (എൻജിഒഎസ്) നയതന്ത്ര പ്രതിനിധികളും ചെലുത്തിയ സമ്മർദത്തിന്റെ ഫലമായാണു തിരഞ്ഞെടുപ്പു നേരെചൊവ്വെ നടന്നത് എന്നാണ്.
എന്നാൽ, നവംബർ 17നു മാത്രമേ പ്രസിഡന്റ് യമീന്റെ കാലാവധി കഴിയുകയുള്ളൂ. അതിനു മുൻപ് അദ്ദേഹം എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ എന്ന പേടി ബാക്കിനിൽക്കുന്നു. സ്ഥാനമേൽക്കുന്ന പ്രസിഡന്റിനു പല പ്രശ്നങ്ങളും പരിഹരിക്കാനുണ്ട്. ഒന്നാമതായി യമീൻ ഭീകരവാദക്കേസുകളിൽ കുടുക്കിയതിനാൽ വിദേശത്തു താമസിക്കുന്ന പ്രതിപക്ഷ നേതാക്കളായ നഷീദ്, ഗാസിം ഇബ്രാഹിം എന്നിവരെയും മാലദ്വീപിൽത്തന്നെ തടവിലുള്ള ഗയൂം, ഷെയ്ഖ് ഇമ്രാൻ എന്നിവരെയും സ്വതന്ത്രരാക്കുക. രണ്ടാമതായി, വിവിധ രാഷ്ട്രീയ ചിന്താഗതികളുള്ള ഈ നേതാക്കളെയൊക്കെ സഹകരിപ്പിച്ചു മുന്നോട്ടുപോകുക. മൂന്നാമതായി ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായുള്ള അടുപ്പത്തെ പുനഃപരിശോധിക്കുകയും തൽഫലമായി ഉളവായിട്ടുള്ള കടക്കെണിക്കു പരിഹാരം കാണുകയും ചെയ്യുക. നാലാമതായി ഇന്ത്യയുമായുള്ള നല്ലബന്ധം പുനഃസ്ഥാപിക്കുക. എന്നാൽ, ഇതിനെല്ലാം ഉപരിയായി, ഭീകരവാദത്തെ ചെറുക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുക എന്നതാണ് സോലിഹ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ വാർത്തയാണ് മാലദ്വീപിലെ തിരഞ്ഞെടുപ്പുഫലം. യമീൻ കഴിഞ്ഞ ഫെബ്രുവരിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനാധിപത്യവിരുദ്ധ നടപടികൾ സ്വീകരിക്കുകയും ചെയ്തപ്പോൾ, ഇന്ത്യ സൈനികമായി ഇടപെടണം എന്ന ആവശ്യം പലയിടങ്ങളിലും നിന്ന് ഉയർന്നുവന്നിരുന്നു. അതിനു തുനിയാതിരുന്നതു നന്നായി എന്ന് ഈ തിരഞ്ഞെടുപ്പുഫലം തെളിയിച്ചു. ഇനിയുള്ള കാലത്ത് പുതിയ സർക്കാരുമായി ഒന്നിച്ചുപോകാൻ ഇന്ത്യയ്ക്ക് അധികം പ്രയാസമുണ്ടാകാൻ സാധ്യതയില്ല. പക്ഷേ, ആ സ്വരച്ചേർച്ച, ഇന്ത്യ വല്യേട്ടൻ സ്വഭാവം കാണിക്കുന്നു എന്നുള്ള ആരോപണത്തിൽ എത്തിച്ചേരാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം.
കേരളത്തിൽനിന്നുള്ള പലരും മാലദ്വീപ് വീസ നീട്ടിക്കിട്ടാത്തതിന്റെ പേരിൽ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അവരുടെ പ്രശ്നം അടുത്തുതന്നെ പരിഹരിക്കപ്പെടും എന്നു പ്രതീക്ഷിക്കാം. പക്ഷേ, ചൂണ്ടിക്കാട്ടേണ്ട ഒരു കാര്യം, കേരളത്തിന് ഇത്രയും അടുത്തുള്ള മാലദ്വീപുമായി വൈകാരികമോ സാംസ്കാരികമോ ആയ ബന്ധം വളർത്തിയെടുക്കാൻ കേരളത്തിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടായിട്ടില്ല എന്നുള്ളതാണ്. മാലദ്വീപിലെ യുവതലമുറയുടെ ചിന്താധാരകളെ സ്വാധീനിക്കാൻ ഇന്ത്യയിലെ വേറെ ഏതു സംസ്ഥാനത്തെക്കാൾ കേരളത്തിലെ സാംസ്കാരിക നായകന്മാർക്കു കഴിയും എന്നാണ് എന്റെ വിശ്വാസം.
(മുൻ ഡിജിപിയും ദേശീയ രഹസ്യാന്വേഷണ ഏജൻസി ‘റോ’യുടെ മുൻ ഡയറക്‌ടറുമാണ് ലേഖകൻ)