സത്യാന്വേഷണത്തിനുള്ള മനസ്സും സർവീസും ബാക്കിനിൽക്കുമ്പോഴും സിബിഐയുടെ ഉന്നതപദവിയിൽനിന്നു വിരമിക്കാൻ തീരുമാനിച്ചൊരു മലയാളിയുണ്ട്. സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന പാലക്കാട് സ്വദേശി കെ.മാധവൻ. രാഷ്ട്രീയ സമ്മർദങ്ങളുടെ ചുഴിയിൽ വീണുപോയ സിബിഐയെക്കുറിച്ചു പടിയിറങ്ങി 28 വർഷങ്ങൾക്കുശേഷം മനോരമയോടു സംസാരിക്കുകയാണ് 82 വയസ്സുള്ള മാധവൻ.
∙ സിബിഐയിലെ ഇപ്പോഴത്തെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നോ?
വായിച്ചിരുന്നു. സിബിഐയുടെ ആരംഭകാലത്തുതന്നെ സർവീസ് തുടങ്ങിയ ആളാണ് ഞാൻ. അന്നതു ചെറിയൊരു സംവിധാനമായിരുന്നു. ഇപ്പോഴതു വലിയ നിലയിലേക്കു മാറിയതിൽ സന്തോഷം. സിബിഐയിൽ ആയിരുന്നകാലത്ത് ഇത്തരം ദുരനുഭവങ്ങൾ എനിക്കുമുണ്ടായിട്ടുണ്ട്. സിബിഐയെക്കുറിച്ചുള്ള സങ്കടങ്ങൾ സർവീസിലിരുന്നപ്പോൾ മാത്രമല്ല, അതിനുശേഷവും ഉണ്ടായിട്ടുണ്ട്.
∙ എന്തുകൊണ്ടാണു സർവീസ് സ്വയം അവസാനിപ്പിച്ചത്?
അന്വേഷണകാര്യങ്ങളിൽ ശ്രദ്ധിക്കാനാണു പരമാവധി ശ്രമിച്ചത്. 30 വർഷം സർവീസിലുണ്ടായിരുന്നു. ആ കാലത്ത് പ്രാധാന്യമുള്ള ഒട്ടേറെ കേസന്വേഷണങ്ങളുടെ ഭാഗമായി. ഒടുവിൽ മതിയെന്നു തോന്നി.
∙ ശരിക്കുള്ള കാരണം എന്തായിരുന്നു?
അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ കാര്യങ്ങൾ തുറന്നുപറയുന്നതിൽ അന്നു നിയന്ത്രണമുണ്ടായിരുന്നു. ഞാനന്വേഷിച്ചിരുന്ന ബോഫോഴ്സ് കേസ് എന്നിൽനിന്ന് എടുത്തുമാറ്റിയതാണ് ഒരു വിഷമം. അതിനവർക്കു രാഷ്ട്രീയ കാരണങ്ങളുണ്ടായിരുന്നു. എനിക്ക് എതിർക്കാൻ കഴിയുമായിരുന്നില്ല. ആര് കേസ് അന്വേഷിക്കണമെന്നതു തീരുമാനിക്കുന്നതു ഡയറക്ടറുടെ സ്വാതന്ത്ര്യമാണ്.
∙ ബോഫോഴ്സ് കേസിൽ എന്താണു സംഭവിച്ചത്?
അതു രാഷ്ട്രീയ നിർദേശം തന്നെയായിരുന്നു. വ്യക്തിപരമായി ആരെയുംകുറിച്ചു പറയുന്നില്ല. വിരമിച്ചശേഷവും ആ കേസിന്റെ കാര്യങ്ങൾ ശ്രദ്ധിച്ചു. പ്രതിസ്ഥാനത്തുള്ളവർ രാജ്യം വിടാൻ നടത്തിയ ശ്രമം തടയണമെന്നു സർക്കാരിനു കത്തെഴുതി. ഫലമുണ്ടായില്ല. ബോഫോഴ്സ് കേസ് പൂർത്തിയാക്കണമെന്ന് ആഗ്രഹിച്ചിരുന്നു.
∙ രാഷ്ട്രീയക്കാരോടുള്ള സമീപനം
അർഹിക്കുന്ന ബഹുമാനം എല്ലാവർക്കും നൽകിയിട്ടുണ്ട്. അവർക്കായി ശരിയല്ലാത്ത കാര്യങ്ങൾ ഞാൻ ചെയ്യില്ലെന്ന ബോധ്യം അവരിൽത്തന്നെ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞിരുന്നുവെന്നാണു വിശ്വാസം.
∙ സിബിഐയിലെ സങ്കടങ്ങളെക്കുറിച്ചു പറഞ്ഞു, വിശദമാക്കാമോ?
ഇക്കാര്യത്തിൽ കൂടുതൽ പറയുന്നില്ല. പറഞ്ഞാൽ പലതും വിവാദമാകും. സർവീസിൽനിന്നിറങ്ങി ഇത്രയും വർഷത്തിനു ശേഷം വിവാദങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല.