തുടരാൻ കോൺഗ്രസ്, തിരിച്ചെത്താൻ എംഎൻഎഫ്, എന്താവും മിസോറമിൽ ബിജെപിയുടെ തുറുപ്പ് ?

തൻഹാവ്‌ല, സൊറാംതങ്ങ, സിർലിയാന

കോൺഗ്രസ് ഭരണത്തിലുള്ള 3 സംസ്ഥാനങ്ങളിലൊന്ന്; വടക്കുകിഴക്കൻ മേഖലയിൽ ശേഷിക്കുന്ന ഏക സംസ്ഥാനം – മിസോറം നിയമസഭാ തിരഞ്ഞെടുപ്പ് ഉയർത്തുന്ന ആകാംക്ഷയും അതുതന്നെ. ബാക്കിയുള്ള ഈ തുരുത്ത് കോൺഗ്രസ് നിലനിർത്തുമോ? 10 വർഷത്തെ ഇടവേള അവസാനിപ്പിച്ചു മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) തിരിച്ചുവരുമോ? ഇത്രകാലവും ഈ രണ്ടു കൂട്ടരും മാറി മാറി ഭരിച്ച സംസ്ഥാനത്തു ബിജെപി മുദ്രപതിപ്പിക്കുമോ? 40 അംഗ നിയമസഭയിലേക്കു നവംബർ 28നു തിരഞ്ഞെടുപ്പ്.

വോട്ടർമാരുടെ എണ്ണം വച്ചു നോക്കിയാൽ ഇവിടത്തെ കോർപറേഷൻ തിരഞ്ഞെടുപ്പുപോലെ തോന്നാം. 11 ലക്ഷം മാത്രം ജനസംഖ്യ. വോട്ടർമാർ 7.68 ലക്ഷം. പതിവു വോട്ട്ബാങ്ക് സമവാക്യങ്ങളും അപ്രസക്തം. 95% ജനങ്ങളും പട്ടികവർഗം. 87% ക്രിസ്ത്യാനികളും 9% ബുദ്ധമത വിശ്വാസികളും. 

ലാൽ തൻഹാവ്‌ലയും സൊറാംതങ്ങയും

10 കൊല്ലമായി ഭരിക്കുന്ന കോൺഗ്രസിന്റെ ലാൽ തൻഹാവ്‌ല (76) തന്നെ തിരഞ്ഞെടുപ്പിലെ പ്രധാനതാരം. അറുപതുകളുടെ പകുതിമുതൽ രണ്ടു പതിറ്റാണ്ടുനീണ്ട ആഭ്യന്തരസംഘർഷകാലത്ത് ആദ്യം എംഎൻഎഫിലായിരുന്നു. 1966ൽ ജയിലിലുമായ അദ്ദേഹം പുറത്തുവന്നശേഷം കോൺഗ്രസിൽ ചേർന്നു. 5 തവണയായി ഇതുവരെ 22 വർഷം ഭരിച്ചു. 

എംഎൻഎഫ് പ്രസിഡന്റ് സൊറാംതങ്ങയാണു പ്രതിപക്ഷനിരയിലെ പ്രധാനി. 2008ൽ കോൺഗ്രസ് അധികാരത്തിലെത്തുന്നതിനു മുൻപു 10 കൊല്ലം സംസ്ഥാനം ഭരിച്ചയാൾ. ഇത്തവണ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നു. 

കോൺഗ്രസ് കഴിഞ്ഞതവണ ഭരണം നിലനിർത്തുക മാത്രമല്ല, നില കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തു. 40 അംഗ നിയമസഭയിൽ 34 സീറ്റ്. എംഎൻഎഫ് അഞ്ചും മിസോറം പീപ്പിൾസ് കോൺഫറൻസ് ഒന്നും സീറ്റിലൊതുങ്ങി. എന്നാൽ, കഴിഞ്ഞ 2 മാസത്തിനിടെ 4 പേരാണു പാർട്ടിവിട്ടത്. പാർട്ടിയിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ ആർ.ലാൽ സിർലിയാന ഉൾപ്പെടെ ഇവരിൽ 2 പേർ എംഎൻഎഫ് സ്ഥാനാർഥികളായി മൽസരിക്കുന്നുമുണ്ട്. 

കൊൽക്കത്തയിലെ ഭൂമിയിടപാടു വിവാദവും മുഖ്യമന്ത്രിക്കു ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസ് 40 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചുകഴിഞ്ഞു; ഹാവ്‌ല മൽസരിക്കുന്നതു 2 മണ്ഡലങ്ങളിൽ. 

ബിജെപി തന്ത്രം നിർണായകം

കൂട്ടത്തിൽ ദുർബലമെങ്കിലും ബിജെപിയുടെ ഇടപെടലാകും ഇക്കുറി നിർണായകം. ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമെന്നു കരുതുന്ന എംഎൻഎഫ് ബിജെപിയുടെ അരുമയാണ്. 2016ൽ വടക്കുകിഴക്കൻ മേഖലയിൽ ബിജെപി രൂപീകരിച്ച നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിലെ സഖ്യകക്ഷി. 

നിയമസഭാ തിരഞ്ഞെടുപ്പിൽ ധാരണയില്ലെന്ന് ഇരുകൂട്ടരും പറയുന്നുണ്ടെങ്കിലും, ഫലം വന്നശേഷം മേഘാലയയിലെന്നപോലെ എംഎൻഎഫുമായി ധാരണയുണ്ടാക്കാനാകും ബിജെപിയുടെ ശ്രമം. ബിജെപി ജനറൽ സെക്രട്ടറി പ്രതിമ ഭൗമിക് ഇക്കാര്യം സൂചിപ്പിച്ചെന്ന മാധ്യമ റിപ്പോർട്ട് ശക്തമായി നിഷേധിച്ച് എംഎൻഎഫ് ഇന്നലെ രംഗത്തെത്തി. ചക്മ സ്വയംഭരണ കൗൺസിലിൽ കോൺഗ്രസാണു ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. 

സിപിഎം ഭരിച്ചിരുന്ന ത്രിപുരയിലെന്നപോലെയുള്ള വാശി മിസോറമിന്റെ കാര്യത്തിൽ ബിജെപിക്കുണ്ടായില്ല. നിലവിൽ ഒറ്റ സീറ്റ് പോലുമില്ലാത്ത പാർട്ടി ഇത്തവണ എല്ലായിടത്തും മൽസരിക്കുന്നുണ്ട്. അമിത് ഷാ കഴിഞ്ഞയാഴ്ചയാണു സംസ്ഥാനത്ത് ആദ്യമായെത്തിയത്. മിസോറം ഇത്തവണ ക്രിസ്മസ് ആഘോഷിക്കുക, ബിജെപി ഭരണത്തിലായിരിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. 

വികസനമുരടിപ്പും കുടിയേറ്റവും 

തൊഴിലില്ലായ്മയും വികസനമുരടിപ്പും രൂക്ഷമായ സംസ്ഥാനമാണു മിസോറം. എന്നാൽ, ഇത്തവണ അസമിലെന്നപോലെ അനധികൃത കുടിയേറ്റ പ്രശ്നമാണു കൂടുതൽ ചർച്ചയാകുന്നത്. മ്യാൻമർ, ബംഗ്ലദേശ്, നേപ്പാൾ എന്നിവിടങ്ങളിൽനിന്നെത്തുന്നവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടു വൻ റാലികൾ നടന്നു. 

ചാക്മ സമുദായത്തിൽനിന്നുള്ളവരെ മൽസരിപ്പിക്കരുതെന്ന ഭൂരിപക്ഷ മിസോ സംഘടനകളുടെ ആവശ്യം കോൺഗ്രസ് തള്ളിക്കളഞ്ഞു. ചാക്മകളെ കുടിയേറ്റക്കാരായാണു ഭൂരിപക്ഷ മിസോകൾ കരുതുന്നത്. കോൺഗ്രസ് ഇവർക്കു 2 സീറ്റ് നൽകിയിട്ടുണ്ട്. 

കൃഷിയിലെ അശാസ്ത്രീയതയും തൊഴിലാളികളുടെ വൈദഗ്ധ്യമില്ലായ്മയും പോലെയുള്ള പ്രശ്നങ്ങൾ ഗൗരവത്തോടെ എടുക്കുന്നുവെന്നാണു ബിജെപി പറയുന്നത്. ബംഗ്ലദേശുമായും മ്യാൻമറുമായും ബന്ധിപ്പിച്ചു സംസ്ഥാനത്തു നാലുവരിപ്പാത നിർമിക്കുമെന്നും വാഗ്ദാനമുണ്ട്.

വനിതകൾ മൽസരിക്കേണ്ട!

കേരളം കഴിഞ്ഞാൽ, വനിതാ സാക്ഷരത ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണു മിസോറം– 89.40%. ജനസംഖ്യയിലും വനിതകളാണു കൂടുതൽ– 51.2%. എന്നാൽ വനിതകളുടെ നിയമസഭാ പ്രാതിനിധ്യത്തിൽ രാജ്യത്ത് ഏറ്റവും പിന്നിലുമാണ്. ഇന്നേവരെ 4 വനിതാ എംഎൽഎമാർ മാത്രം. 

പക്ഷേ, ഇതിനെക്കാളൊക്കെ അമ്പരപ്പിക്കുന്നതാണ് എംഎൻഎഫിന്റെ പ്രഖ്യാപനം– ‘വനിതകളെ സ്ഥാനാർഥികളാക്കില്ല’. കാലാവധി കഴിയുന്ന നിയമസഭയിലെ വനിതാ പ്രാതിനിധ്യം കോൺഗ്രസിന്റെ മന്ത്രി വാൻലാലോൺപു ചൗങ്തയാണ്. ഇത്തവണയും കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ ഏക വനിതയാണ് അവർ. ഹ്രാങ്ടുർസോ മണ്ഡലത്തിൽ നിന്നു മത്സരിക്കുന്നു.

നിയമസഭയിൽ സ്ത്രീകളെ അടുപ്പിക്കാൻ മടിയാണെങ്കിലും മിസോറമിലെ പൊതുജീവിതത്തിലെ കാഴ്ച അങ്ങനെയല്ല. സർക്കാർ ഓഫിസുകളിൽ 54% സ്ത്രീകളാണ്. കച്ചവടസ്ഥാപനങ്ങളിൽ 71%; അധ്യാപകരിൽ 64%.