മൂന്നു സംസ്ഥാനങ്ങളിൽ ഒരുമിച്ചു തിരിച്ചുകിട്ടിയ ഭരണം വൻ ആഘോഷമാക്കിയ കോൺഗ്രസ്, സത്യപ്രതിജ്ഞാ ചടങ്ങിനെ പ്രതിപക്ഷ ശക്തിപ്രകടനമാക്കി മാറ്റി. 15 വർഷത്തിനുശേഷം മധ്യപ്രദേശിൽ പിസിസി അധ്യക്ഷൻ കമൽനാഥ് മുഖ്യമന്ത്രിയായി കോൺഗ്രസ് സർക്കാർ അധികാരമേറ്റു. ഭോപാലിൽ ജംബോരി മൈതാനത്തുനടന്ന ചടങ്ങിൽ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. അധികാരമേറ്റുള്ള ആദ്യ നടപടിയായി കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള ഫയലിൽ കമൽനാഥ് ഒപ്പിട്ടു. രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകളാണ് ഒഴിവാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രധാന വാഗ്ദാനമാണ് ഇതിലൂടെ നടപ്പായത്.
രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു. ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാളിൽ നേതാക്കളെയും പ്രവർത്തകരെയും സാക്ഷിയാക്കിയായിരുന്നു ചടങ്ങ്. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും പങ്കെടുത്തില്ല. വരില്ലെന്ന് ഇരുവരും നേരത്തേ അറിയിച്ചിരുന്നു. രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവർ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി വസുന്ധരെ രാജെയും ചടങ്ങിനെത്തി. അസൗകര്യങ്ങളുള്ളതിനാൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ദിനേഷ് ത്രിവേദി എംപിയെയാണു അയച്ചത്.
ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഛത്തീസ്ഗഡ് പിസിസി അധ്യക്ഷനായ ബാഗേൽ സംസ്ഥാനത്തെ പ്രമുഖ ഒബിസി നേതാവാണ്. മധ്യപ്രദേശിൽ ദിഗ്‌വിജയ് സിങ് സർക്കാരിലും വിഭജനത്തിനുശേഷം ഛത്തീസ്ഗഡിൽ ആദ്യമായി അധികാരത്തിൽ എത്തിയ അജിത് ജോഗി സർക്കാരിലും മന്ത്രിയായിരുന്നു. റായ്പൂരിലെ സയൻസ് കോളജ് ഗ്രൗണ്ടിലായിരുന്നു സത്യപ്രതിജ്ഞ. അഞ്ചു സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പു ഫലത്തിന്റെയും പുതിയ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞയുടെയും വിശദവിവരങ്ങൾ ‘ലൈവ് അപ്‍ഡേറ്റ്സിൽ’ അറിയാം.