ഹൈദരാബാദ്∙ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്ന് 18 നാളായിട്ടും സത്യപ്രതിജ്ഞ ചെയ്യാനാവാതെ തെലങ്കാനയിലെ എംഎൽഎമാർ. മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖര റാവുവും ആഭ്യന്തര മന്ത്രിയായി മുഹമ്മദ് മെഹ്മൂദ് അലിയും സത്യപ്രതിജ്ഞ ചെയ്തതൊഴിച്ചാൽ മന്ത്രിമാരും ഇല്ല.
രാജ്യത്ത് ആദ്യമായാണ് തിരഞ്ഞെടുപ്പു ജയിച്ചവർ ഇത്രയേറെ കാത്തിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ഡിസംബർ ഏഴിനായിരുന്നു വോട്ടെടുപ്പ്. 11ന് വോട്ടെണ്ണലും. റാവുവും അലിയും 13 ന് സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് ഒരനക്കവുമുണ്ടായില്ല. ചന്ദ്രശേഖര റാവു ബിജെപിക്കും കോൺഗ്രസിനും ബദലായി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി ഡൽഹിയിലാണ്. ജനുവരി ആദ്യവാരമേ ഇനി മന്ത്രിസഭാ വികസനവും മറ്റും നടക്കൂ എന്നാണ് സൂചന.