Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെസിആറിന് ഇരട്ടി തലപ്പൊക്കം

K Chandrasekhar Rao കെ. ചന്ദ്രശേഖർ റാവു

എതിരാളികളെ ഛിന്നഭിന്നമാക്കിയ വിജയമാണു കെ. ചന്ദ്രശേഖർ റാവുവിന്റെ (64) തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) നേടിയത്. റാവുവിനെ തോൽപിക്കാൻ ബദ്ധശത്രുക്കളായ കോൺഗ്രസും ടിഡിപിയും ചേർന്നു വിശാലസഖ്യം ഉണ്ടാക്കിയെങ്കിലും നിലംതൊട്ടില്ല. മേദക് ഗ്രാമത്തിലെ ഒരു കാർഷിക കുടുംബത്തിൽ പിറന്ന റാവു യൂത്ത് കോൺഗ്രസ് പ്രവർത്തകനായാണു രാഷ്ട്രീയജീവിതമാരംഭിച്ചത്. അത് തെലങ്കാന ആത്മാഭിമാനത്തിന്റെ വിജയയാത്ര കൂടിയാണ്.

telegana-trs ഹൈദരാബാദിൽ ടിആർഎസ് പാർലമെന്ററി പാർട്ടിയോഗത്തിനെത്തിയ നിയുക്ത എംഎൽഎമാർക്കൊപ്പം തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകൻ കെ.ടി. രാമറാവു.

തെലങ്കാന സംസ്ഥാനം എന്ന ആവശ്യം യാഥാർഥ്യമാക്കാൻ വർഷങ്ങളോളം നീണ്ട രാഷ്ട്രീയ പോരാട്ടമാണ് അദ്ദേഹം നടത്തിയത്. തെലുങ്കുദേശം പാർട്ടിയിലായിരിക്കെ എൻടിആർ, ചന്ദ്രബാബു നായിഡു മന്ത്രിസഭകളിൽ അംഗമായിരുന്നു. അവിഭക്ത ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കറും. 2001 ൽ അദ്ദേഹം ടിഡിപി വിട്ടു ടിആർഎസ് രൂപീകരിച്ചു. ലക്ഷ്യം ഒന്നുമാത്രം: തെലങ്കാന സംസ്ഥാന രൂപീകരണം.

സംസ്ഥാന പദവി വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ 2004 ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിന്നു. തുടർന്നു കേന്ദ്രമന്ത്രിയായെങ്കിലും പ്രത്യേക സംസ്ഥാനം രൂപീകരിക്കാൻ കോൺഗ്രസ് താൽപര്യമെടുക്കുന്നില്ലെന്നു കണ്ട് ഡൽഹി വിട്ടു. നിരന്തരമായ പ്രക്ഷോഭങ്ങൾക്കൊടുവിൽ 2014 ജൂണിലാണു തെലങ്കാന പിറന്നു. ആദ്യ തിരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) അധികാരത്തിലേറി. റാവു ആദ്യ മുഖ്യമന്ത്രിയും.

കർഷക ക്ഷേമപദ്ധതികളാണു ടിആർഎസിനെ രക്ഷിച്ചത്. പ്രതിവർഷം 2 വിളയ്ക്ക് ഏക്കറിന് 8000 രൂപ വീതം എല്ലാ  കർഷകർക്കും നൽകുന്ന ക്ഷേമപദ്ധതി 57 ലക്ഷം കർഷകരെയാണു തുണച്ചത്. അധികാരത്തിൽ തിരിച്ചെത്തിയാൽ ഇത് 10, 000 രൂപയാക്കുമെന്നും റാവു വാഗ്ദാനം ചെയ്തു. കാർഷിക മേഖലയിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനും നടപടികളുണ്ടായി. ഭരണം പൂർണമായി റാവു കുടുംബത്തിന്റെ കയ്യിലാണ്. മകനും അനന്തരാവകാശിയുമായ കെ.ടി. രാമറാവുവിനാണു ഭരണകാര്യങ്ങളുടെ ചുമതല. പാർട്ടിയുടെ ദേശീയ മുഖമായി നിസാമാബാദിൽ നിന്നുള്ള എംപി മകൾ കെ. കവിതയും. അനന്തരവൻ ഹരീഷ് റാവുവാണു മറ്റൊരു പ്രധാന അധികാരകേന്ദ്രം.

ടിഡിപിയും കോൺഗ്രസും തനിക്കെതിരെ വിശാല ഐക്യവുമായി രംഗത്തിറങ്ങിയപ്പോൾ തെലങ്കാന വികാരമുയർത്തിയാണ് അദ്ദേഹം അവരെ നേരിട്ടത്. ‘തെലങ്കാന ജനത സടകുടഞ്ഞെണീക്കുമ്പോൾ ആന്ധ്രക്കാർ നാടുവിട്ടോടും’– കെസിആർ പ്രഖ്യാപിച്ചു. കോൺഗ്രസിതര പ്രതിപക്ഷ കക്ഷികളുടെ ദേശീയ മുന്നണിയാണു റാവുവിന്റെ അടുത്ത സ്വപ്നം. ചന്ദ്രബാബു നായിഡു പ്രതിപക്ഷ ഐക്യത്തിനായി കച്ചകെട്ടിറങ്ങിയ സാഹചര്യത്തിൽ വിശേഷിച്ചും.