Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ചന്ദ്രശേഖര സഖ്യം x ചന്ദ്രബാബു സഖ്യം

K. Chandrasekhar Rao, Chandrababu Naidu കെ. ചന്ദ്രശേഖര റാവു, ചന്ദ്രബാബു നായിഡു

ന്യൂഡൽഹി ∙ ബിജെപിക്കെതിരെ സഖ്യനീക്കവുമായി കെ. ചന്ദ്രബാബു നായിഡു കളം നിറയുന്നതിനിടെ, മറുചേരിയുണ്ടാക്കാൻ കെ. ചന്ദ്രശേഖര റാവുവും. ദേശീയരാഷ്ട്രീയത്തിൽ ടിആർഎസിന്റെ പ്രാധാന്യം 10 ദിവസത്തിനകം വ്യക്തമാകുമെന്നാണു കെസിആർ പക്ഷത്തിന്റെ പ്രഖ്യാപനം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമ്മർദശക്തിയാകുന്നതിനൊപ്പം കെസിആറിന്റെ ഉന്നം വ്യക്തം– കേന്ദ്രത്തിലും ആന്ധ്രയിലും ചന്ദ്രബാബു നായിഡുവിനെ അപ്രസക്തനാക്കുക.

ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്ര നിയമസഭയിലേക്കും 2019 ൽ തിരഞ്ഞെടുപ്പു നടക്കുന്നതു പരിഗണിച്ചാണു റാവു ക്യാംപിന്റെ നീക്കങ്ങൾ. ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിനെ എതിർക്കുന്ന വൈഎസ്ആർ കോൺഗ്രസിലെ ജഗൻമോഹൻ റെഡ്ഡി, ജനസേന അധ്യക്ഷനും സിനിമാതാരവുമായ പവൻ കല്യാൺ എന്നിവരുമായി ധാരണയായിട്ടുണ്ട്.

നിലവിൽ, വിശാല പ്രതിപക്ഷമുന്നണിയുടെ സൂത്രധാരൻ എന്ന പരിവേഷമാണ് ചന്ദ്രബാബു നായിഡുവിന്. എന്നാൽ തെലങ്കാനയിൽ ഇവർ നടത്തിയ ആദ്യപരീക്ഷണം തന്നെ തകർക്കാനായതാണു ചന്ദ്രശേഖർ റാവുവിന് ബലമേകുന്നത്. കോൺഗ്രസിതര പ്രതിപക്ഷ സഖ്യമാണു റാവുവിന്റെ ലക്ഷ്യം. തങ്ങൾക്കൊപ്പം അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച എന്നിവർക്കൊപ്പം കൂടുതൽ പ്രാദേശിക കക്ഷികൾ ചേരുമെന്ന വിശ്വാസവുമുണ്ട്. തിരഞ്ഞെടുപ്പു ജയത്തിനു പിന്നാലെ, കെസിആർ നടത്തിയ പ്രതികരണത്തിലും ദേശീയ സഖ്യ നീക്കത്തെക്കുറിച്ചു ആവർത്തിച്ചു. ഈ ആഴ്ച തന്നെ അദ്ദേഹം ഡൽഹിയിലെത്തുമെന്നാണു സൂചന.