ഹൈദരാബാദ്∙ തെലങ്കാനയിൽ കെ. ചന്ദ്രശേഖർ റാവു വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ. നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന മുഹമ്മദ് മെഹ്മൂദ് അലിയും ഒപ്പം ചുമതലയേറ്റു. മന്ത്രിസഭാ രൂപീകരണം അഞ്ചോ ആറോ ദിവസങ്ങൾക്കകം പൂർത്തിയാക്കുമെന്നാണു കഴിഞ്ഞ ദിവസം റാവു പറഞ്ഞത്.
ഭരണം നിലനിർത്താനായെന്നു മാത്രമല്ല, കോൺഗ്രസ്– ടിഡിപി സഖ്യത്തിന്റെ വെല്ലുവിളി മറികടന്ന് 12 % കൂടുതൽ വോട്ട് നേടുക കൂടി ചെയ്തതിന്റെ ആത്മവിശ്വാസവുമായിട്ടാകും കെസിആറിന്റെ രണ്ടാമൂഴം. പാർട്ടിയുടെ വോട്ട് വിഹിതം കഴിഞ്ഞ തവണ 34.1 % (66,32,312 വോട്ട്) ആയിരുന്നത് ഇക്കുറി 46.9 % (97,00,749) ആയാണു വർധിച്ചത്. കോൺഗ്രസ് വോട്ട് വിഹിതം 25.11% (48,83,538) ആയിരുന്നത് 28.4 % (58,83,111) ആയി വർധിച്ചെങ്കിലും ടിഡിപി സഖ്യം മൂലമുള്ള വ്യത്യാസം മാത്രമാണത്. ടിഡിപി വോട്ട് കഴിഞ്ഞതവണത്തെ 14.55 ശതമാനത്തിൽനിന്ന് (28,29,163) ഇക്കുറി 3.5 % (7,25,845) ആയി കുറഞ്ഞു. ഇതിൽ പകുതി വോട്ടേ കോൺഗ്രസിനു ലഭിച്ചിട്ടുള്ളൂ.