മെഡിക്കൽ പ്രവേശനം: കോടതി വിധി പാഠമാകണം, ‘വളഞ്ഞ വഴി’ വേണ്ട

സംസ്ഥാനത്തെ നാലു സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഈ വർഷം എംബിബിഎസ് പ്രവേശനം അനുവദിച്ച ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. ഈ വിധിയുടെ പശ്ചാത്തലത്തിൽ ഇനിയെങ്കിലും സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾ ആത്മപരിശോധന നടത്താനും തങ്ങളുടെ പ്രവർത്തനത്തിൽ വേണ്ട തിരുത്തലുകൾ വരുത്താനും തയാറാകണം. പ്രവേശനം നേടുമ്പോൾ വിദ്യാർഥികളും രക്ഷിതാക്കളും കുറെക്കൂടി ജാഗ്രത കാട്ടുകയും വേണം.

ഇന്ത്യയൊട്ടാകെയുള്ള മെഡിക്കൽ പ്രവേശന നടപടികൾ സുപ്രീം കോടതിയുടെ നിയന്ത്രണത്തിലാണെന്ന കാര്യം, വരുംവർഷങ്ങളിൽ മെഡിക്കൽ പ്രവേശനം കാത്തിരിക്കുന്ന എല്ലാ വിദ്യാർഥികളും അറിഞ്ഞിരിക്കണം. ഓരോവർഷവും പ്രവേശന പരീക്ഷ നടത്തേണ്ട തീയതിയും ഓപ്ഷൻ സ്വീകരിച്ച് അലോട്മെന്റ് നടത്തേണ്ട തീയതികളും പ്രവേശനം അവസാനിപ്പിക്കേണ്ട ദിവസവുമെല്ലാം സുപ്രീം കോടതിയാണു തീരുമാനിക്കുന്നത്.

ഒരു മെഡിക്കൽ കോളജിൽ പ്രവേശനം നടത്തണമെങ്കിൽ, ആദ്യമായി ആ കോളജിനു കേന്ദ്ര ആരോഗ്യ‌വകുപ്പ് നിയോഗിക്കുന്ന നിയന്ത്രണസംവിധാനത്തിന്റെ അംഗീകാരം വേണം. നേരത്തേ മെഡിക്കൽ കൗൺസിലിനായിരുന്നു ഈ ചുമതല. കേന്ദ്രാനുമതി ലഭിച്ചാൽ പിന്നെ ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷൻ നേടണം. മതിയായ സൗകര്യവും അധ്യാപകരുമുണ്ടോയെന്ന പരിശോധനയ്ക്കു ശേഷമായിരിക്കും അഫിലിയേഷൻ നൽകുക. ഈ രണ്ടു കടമ്പകളും കടന്നാൽ മാത്രമേ, ആ കോളജിലേക്കു പ്രവേശന പരീക്ഷാ കമ്മിഷണർ അലോട്മെന്റ് നടത്തൂ.

എന്നാൽ, മതിയായ അടിസ്ഥാന സൗകര്യമോ അധ്യാപകരോ ഇല്ലാത്തതുമൂലം കേന്ദ്ര ആരോഗ്യവകുപ്പിന്റെയും സർവകലാശാലയുടെയും അംഗീകാരം നേടാൻ സാധിക്കാത്ത ചില മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചു താൽക്കാലികമായി പ്രവേശനം നടത്താൻ അനുമതി വാങ്ങുന്ന രീതി കഴിഞ്ഞ കുറെവർഷങ്ങളായി തുടരുകയാണ്. കോളജിൽ അടിസ്ഥാന സൗകര്യങ്ങളില്ലെങ്കിലും പ്രവേശനം അവസാനിക്കുന്ന ഘട്ടത്തിൽ കോടതിയിൽനിന്നു വിധി വാങ്ങിക്കൊള്ളാം എന്ന നിഷേധാത്മക നിലപാടാണു പല മാനേജ്മെന്റുകളും പ്രകടിപ്പിക്കുന്നത്. ഇങ്ങനെ അനുമതി സംഘടിപ്പിക്കുന്ന കോളജുകളിലേക്ക് എംബിബിഎസ് പഠനം മോഹിക്കുന്ന വിദ്യാർഥികൾ ഈയാമ്പാറ്റകളെപ്പോലെ പറന്നടുക്കുന്നു.

നേരായ മാർഗത്തിലൂടെ അംഗീകാരം നേടുന്നതിനു പകരം വളഞ്ഞവഴിയാണു ചിലർക്കു പ്രിയം. ഇത്തരം മാർഗത്തിലൂടെ നേടുന്ന പ്രവേശനം നിലനിൽക്കില്ലെന്നു വിദ്യാർഥികളും രക്ഷിതാക്കളും മനസ്സിലാക്കണം. ഈ വർഷം നാലു കോളജുകൾ ഹൈക്കോടതി വിധിയിലൂടെയാണ് അവസാനനിമിഷം അംഗീകാരം നേടിയത്. സുപ്രീം കോടതിയുടെ നിയന്ത്രണത്തിലുള്ള മെഡിക്കൽ പ്രവേശനം സംബന്ധിച്ചു ഹൈക്കോടതിയിൽനിന്നു വിധിവാങ്ങിയാലും അതു സുപ്രീം കോടതിയുടെ അന്തിമതീർപ്പിനു വിധേയമായിരിക്കുമെന്ന് എല്ലാവർക്കും അറിയാം. 

പ്രതീക്ഷിച്ചതുപോലെതന്നെ ഈ കോളജുകളിലേക്കുള്ള പ്രവേശനം സുപ്രീം കോടതി ആദ്യം സ്റ്റേ ചെയ്യുകയും ഇപ്പോൾ റദ്ദാക്കുകയും ചെയ്തു. മറ്റുപല കോഴ്സുകളിലും ചേർന്നിരുന്ന വിദ്യാർഥികളാണു നാലു മെഡിക്കൽ കോളജുകളിൽ എംബിബിഎസ് പ്രവേശനം ലഭിക്കുമെന്നറിഞ്ഞ് അവിടേക്കു മാറാൻ തയാറായത്. പ്രവേശനം സ്റ്റേ ചെയ്തതിനെ തുടർന്ന് അവർക്കു പഴയ കോഴ്സിലേക്കു മടങ്ങാനും മറ്റ് ഒഴിവുകളിലേക്ക് ഓപ്ഷൻ നൽകാനും അവസരം നൽകിയിരുന്നു. പലരും മറ്റു കോഴ്സുകളിലേക്കു പോയി. കുറെപ്പേർ എങ്ങും ചേരാതെ എംബിബിഎസ് സ്വപ്നങ്ങളുമായി കഴിയുന്നു. അടുത്ത പ്രവേശന പരീക്ഷയിൽ മികവുകാട്ടിയാലേ അവർക്കിനി എംബിബിഎസ് പ്രവേശനം ലഭിക്കൂ.

വിദ്യാർഥികൾക്ക് ആശ നൽകി അവരെ നിരാശപ്പെടുത്തിയതിന്റെ പൂർണ ഉത്തരവാദിത്തം സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾക്കാണ്. അവരുടെ തെറ്റായ സമീപനങ്ങളാണ് ഇതിനെല്ലാം വഴിയൊരുക്കിയത്. തങ്ങളുടെ കോളജുകൾക്ക് അംഗീകാരം നേടാനുള്ള യോഗ്യതയില്ലെന്നു മുൻകൂട്ടി അറിഞ്ഞുകൊണ്ടുതന്നെയാണ് അവർ കോടതിയിൽപോയി വളഞ്ഞവഴിയിലൂടെ പ്രവേശനം നടത്താൻ ശ്രമിക്കുന്നത്. വിദ്യാർഥികളോടുള്ള വഞ്ചനയും ക്രൂരതയുമാണിത്. ഇതുമൂലം വിദ്യാർഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിനു നഷ്ടപരിഹാരം നൽകേണ്ടത് ഈ മാനേജ്മെന്റുകളാണ്.

മാനേജ്മെന്റുകളുടെ ഭാഗത്തുനിന്നുള്ള വീഴ്ചമൂലം വിദ്യാർഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കു മാനേജ്മെന്റുകൾ നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ നിയമത്തിലൂടെ കൊണ്ടുവരണം. എങ്കിൽ മാത്രമേ, ഈ പ്രവണത അവസാനിക്കൂ. 

വേണ്ടത്ര സൗകര്യമില്ലാത്ത മെഡിക്കൽ കോളജുകളിൽ പ്രവേശനം നടത്തുന്നതിനു ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയി കേസ് കളിക്കുന്നതിനു വൻതുകയാണു മാനേജ്മെന്റുകൾ ചെലവഴിക്കുന്നത്. ഈ തുക വിനിയോഗിച്ചു സ്വന്തം കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും മികച്ച അധ്യാപകരെ നിയമിക്കാനും അവർ തയാറായാൽ, മറ്റു തടസ്സമില്ലാതെതന്നെ അവർക്ക് അംഗീകാരം ലഭിക്കും. അതിലൂടെ മികച്ച സ്ഥാപനമെന്ന പേരും നേടാം. അവർക്ക് അതിനുള്ള സൽബുദ്ധി തോന്നട്ടേയെന്ന് ആശംസിക്കുന്നു.

(മുൻ പ്രവേശന പരീക്ഷാ കമ്മിഷണറാണ് ലേഖകൻ)