വിമോചന മഹായാത്ര; അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്രയ്ക്ക് 125 വയസ്സ്

അവഗണിക്കപ്പെട്ട അവശ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഇണക്കിച്ചേർക്കുന്നതിനു വേണ്ടിയാണു കേരളത്തിലെ നവോത്ഥാന നായകരെല്ലാം പരിശ്രമിച്ചത്. ചെറുമന്റെ ആരാധനാസ്വാതന്ത്ര്യത്തിനുവേണ്ടി കലാപം നടത്തിയ ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയും കഴിവും താൽപര്യവുമുള്ള ആർക്കും വേദം പഠിക്കാൻ അവകാശമുണ്ടെന്നു സ്ഥാപിച്ച വേദ അധികാര നിരൂപകനായ ചട്ടമ്പിസ്വാമികളും ഈശ്വരാനുഭൂതിയുള്ള ആർക്കും ക്ഷേത്രപ്രതിഷ്ഠ നടത്താമെന്നു സ്ഥാപിച്ച ശ്രീനാരായണ ഗുരുവും എല്ലാം ഈ ഐക്യത്തിനു വേണ്ടിയാണു പ്രവർത്തിച്ചത്. അവരുടെ ലക്ഷ്യം സർവജനങ്ങളുടെയും സമത്വമായിരുന്നു. ഈ പശ്ചാത്തലത്തിലാണു സാമുദായിക സംഘടനകളും അതിന്റെ നേതാക്കളും പ്രവർത്തനമാരംഭിച്ചത്.

കുമാരനാശാനും എസ്എൻഡിപി യോഗവും മാത്രമല്ല, മന്നത്തു പത്മനാഭൻ നേതൃത്വം നൽകിയ എൻഎസ്എസിന്റെയും ധർമപരിപാടികളിൽ ഒന്ന് സാധുജനസംരക്ഷണമായിരുന്നു. സ്വന്തം വീട്ടിൽ നമ്പൂതിരിയെയും നായരെയും ഈഴവരെയും പുലയനെയും ഒരുമിച്ചിരുത്തി പന്തിഭോജനം നടത്തിയ മന്നത്തു പത്മനാഭനെ ആർക്കാണു മറക്കാൻ കഴിയുക. വി.ടി.ഭട്ടതിരിപ്പാടും യോഗക്ഷേമസഭയും നമ്പൂതിരി സമുദായത്തിലെ സ്ത്രീപുരുഷന്മാരുടെ അവകാശങ്ങൾക്കുവേണ്ടി നടത്തിയ സമരവും സ്മരണീയമാണ്. പണ്ഡിറ്റ് കെ.പി.കറുപ്പൻ നേതൃത്വം നൽകി, പുലയരാദി അവശവിഭാഗങ്ങൾക്കുവേണ്ടി രൂപംകൊടുത്ത സഭകളുടെ പ്രവർത്തനവും ഇതേ ലക്ഷ്യത്തോടെ തന്നെയായിരുന്നു. 

ഇക്കൂട്ടത്തിൽ പുലയരാദി അവശവിഭാഗങ്ങൾക്കുവേണ്ടി തനിക്കു സിദ്ധമായിരുന്ന സകല വിദ്യയെയും ശക്തിയെയും സമർപ്പിച്ച് അവരുടെ ഉയർത്തെഴുന്നേൽപിനു വേണ്ടി പ്രവർത്തിച്ച അയ്യങ്കാളിയെയും സാധുജന പരിപാലന യോഗത്തെയും ആദരവോടെ മാത്രമേ കാണാൻ കഴിയൂ.  പുലയരാദി അവശവിഭാഗങ്ങളുടെ അവകാശങ്ങൾ നിർവചിച്ച് ഉറപ്പിക്കുകയും അവയെല്ലാം യാഥാർഥ്യമാക്കുന്നതിനുവേണ്ടി നിയമപരമായ മാർഗത്തിലൂടെയും സംഘശക്തിയിലൂടെയും അയ്യങ്കാളി പരിശ്രമിച്ചു. അവശവിഭാഗങ്ങളുടെ വിദ്യാഭ്യാസാവകാശത്തിനു വേണ്ടി നടത്തിയ ഐതിഹാസിക സമരം സമാനതകളില്ലാത്ത ഒന്നാണ്. ജാതിവ്യത്യാസം ഇല്ലാതെ എല്ലാവർക്കും വിദ്യാലയപ്രവേശനം നൽകണമെന്ന് 1909 നവംബർ 19ന് അന്നത്തെ ദിവാൻ രാജഗോപാലാചാരി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. പക്ഷേ, ചില പ്രമാണിമാരുടെ എതിർപ്പുമൂലം അതു പ്രയോഗത്തിൽ എത്തിയില്ല. ഈ ഉത്തരവു നടപ്പിലാക്കുന്നതിനു വേണ്ടിയാണ് 1910ൽ അയ്യങ്കാളി പണിമുടക്കു സമരം നടത്തിയത്.

അയ്യങ്കാളി നടത്തിയിട്ടുള്ള സമരങ്ങൾ അനവധിയാണ്. അതിൽ എന്തുകൊണ്ടും സവിശേഷമാണു വില്ലുവണ്ടി യാത്ര. 1893ൽ നടത്തിയ വില്ലുവണ്ടി സമരയാത്രയ്ക്കു 125 വർഷം പൂർത്തിയാവുകയാണ്. സവർണാധിപത്യത്തിന്റെ കാട്ടുനീതിക്കെതിരെയായിരുന്നു ഈ യാത്ര.  1870 ജൂലൈ 9നു പൊതുവഴിയിലൂടെ ചക്രത്തിൽ ഓടുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നതിന് എല്ലാ വിഭാഗക്കാർക്കും അവകാശങ്ങൾ നൽകിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. എന്നാൽ, പ്രമാണിമാരുടെ എതിർപ്പുമൂലം ഈ ഉത്തരവു നടപ്പിലായിരുന്നില്ല. ഈ ഉത്തരവ് നടപ്പിൽ വരുത്തുന്നതിനു വേണ്ടിയാണ് ഇരട്ടക്കാളകൾ വലിച്ചിരുന്ന അലങ്കരിച്ച വില്ലുവണ്ടിയിൽ തലപ്പാവണിഞ്ഞു തിരുവനന്തപുരം വെങ്ങാനൂരിൽനിന്നു ബാലരാമപുരം ആറാലുംമൂട് വഴി പുത്തൻകടവ് ചന്തയിലേക്ക് അയ്യങ്കാളി യാത്രചെയ്തത്. അടിച്ചമർത്തപ്പെട്ട അധഃസ്ഥിതന്റെ ഐതിഹാസികമായ വിമോചന യാത്രയായിരുന്നു അത്. അയ്യങ്കാളി നടത്തിയിട്ടുള്ള മറ്റനേകം സമരങ്ങളുണ്ട്. കല്ലുമാല സമരവും പെരിനാട് സമരവുമെല്ലാം പെട്ടെന്നു മനസ്സിൽ ഓടിയെത്തുന്നു. ലോകത്തെവിടെയെല്ലാം നീതി നിഷേധിക്കപ്പെട്ട മനുഷ്യൻ അടിച്ചമർത്തപ്പെടുന്നുണ്ടോ അവിടെയെല്ലാം അയ്യങ്കാളിയുടെ സമരവും ശബ്ദവും അവർക്കുവേണ്ടി ഉയരും എന്ന കാര്യത്തിൽ സംശയമേ ഇല്ല.

(സംസ്കൃത സർവകലാശാലാ  മുൻ വൈസ് ചാൻസലറും പിഎസ്‌സി മുൻ ചെയർമാനുമാണ് ലേഖകൻ)