അയ്യൻകാളിയുടെ ദേഹവിയോഗത്തിനും ആറു വർഷത്തിനു ശേഷമായിരുന്നു എന്റെ ജനനം. എന്നാൽ അമ്മ പകർന്നുതന്ന മുത്തച്ഛന്റെ പോരാട്ട വീര്യം ഇന്നും കെടാതെ മനസ്സിലുണ്ട്. നാലു മക്കളാണ് അയ്യൻകാളിക്കുള്ളത്. പൊന്നു, ചെല്ലപ്പൻ, ശിവതാണു എന്നിവരാണ് ആൺ മക്കൾ. എന്റെ അമ്മ കെ.തങ്കമ്മയാണ് ഏക മകൾ.
എന്റെ മൂത്ത സഹോദരങ്ങൾക്കു മാത്രമേ മുത്തച്ഛനെ നേരിട്ടു കാണാൻ കഴിഞ്ഞിട്ടുള്ളൂ. എന്നാൽ മുത്തച്ഛനെക്കുറിച്ച് അമ്മ പറഞ്ഞുതന്ന കഥകൾ എന്റെ മനസ്സിൽ മുത്തച്ഛന്റെ ചിത്രമായി നിലകൊണ്ടു. പിന്നീടു വായിച്ചറിഞ്ഞപ്പോഴാണ് അമ്മ പറഞ്ഞു തന്നതിനെക്കാൾ എത്രയോ വലുതായിരുന്നു മുത്തച്ഛന്റെ പ്രവർത്തന മേഖലയെന്നു മനസിലായത്. സാധുജന പരിപാലന സംഘത്തെ കുറിച്ചും കണ്ടള ലഹള, വിദ്യാഭ്യാസ പോരാട്ടങ്ങൾ, നെടുമങ്ങാട് ലഹള, പെരിനാടു ലഹള, കല്ലുമല ബഹിഷ്കരണം തുടങ്ങിയ സംഭവ പരമ്പരകളെക്കുറിച്ചുമെല്ലാം മനസ്സിലാക്കിയതു വായനയിലൂടെയാണ്.
അധഃസ്ഥിതരായി കണക്കാക്കിയിരുന്ന സമുദായാംഗങ്ങളെ സമൂഹത്തിന്റെ മുൻ നിരയിലേക്കു കൊണ്ടുവരാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളെ ആരാധനയൊടെയല്ലാതെ കാണാൻ കഴിയില്ല. കുപ്പപ്പുറത്തു വള്ളംകളിക്കിടെ ഒരിക്കൽ അദ്ദേഹത്തിനു ലഭിച്ച സ്വീകരണം എന്റെ മനസിനെ വല്ലാതെ സ്പർശിച്ചു.
വാദ്യഘോഷങ്ങളെല്ലാം നിർത്താൻ ആവശ്യപ്പെട്ട അയ്യൻകാളി ഒരു പാട്ടു പാടി. ‘വണ്ടു വന്നു തേൻ കുടിച്ചു, കണ്ടു നിന്നു മടിയൻമാർ’. പിന്നാലെ പറഞ്ഞു: നിങ്ങളെല്ലാം മടിയൻമാരാണ്. നിങ്ങളുടെ തേൻ മറ്റുള്ളവർ കുടിച്ചുകൊണ്ടു പോകുന്നു. അതുകൊണ്ടു നിങ്ങളാരും ഇനി കള്ളുകുടിക്കില്ലെന്നു സത്യം ചെയ്യണം.
അങ്ങനെ സത്യം ചെയ്യുന്നവർ കൈ പൊക്കൂ എന്ന് ആഹ്വാനം ചെയ്തപ്പോൾ ഒരാൾ ഒഴികെ അവിടെ തടിച്ചുകൂടിയിരുന്നവരെല്ലം കൈ പൊക്കി. കൈ പൊക്കാതെ ഒരാൾ ഇരിക്കുന്നുണ്ടല്ലോ എന്ന് വിളിച്ചു പറഞ്ഞപ്പോൾ അതുവരെ ശ്രദ്ധിക്കാതിരുന്ന യുവാവ് രണ്ടു കൈയും പൊക്കി. ഇന്നുമുതൽ കള്ളു കുടിച്ചു വരുന്ന ആണുങ്ങൾക്ക് ചോറു കൊടുക്കില്ലെന്നു സ്ത്രീകളെക്കൊണ്ടു ശപഥം ചെയ്യിച്ച ശേഷമാണു മുത്തച്ഛൻ പ്രസംഗം അവസാനിപ്പിച്ചത്.
ചിങ്ങമാസത്തിലെ അവിട്ടം നാളിലാണ് മുത്തച്ഛൻ ജനിച്ചത്. ജന്മ വാർഷികത്തോടനുബന്ധിച്ചു മഹാത്മാ അയ്യൻകാളി നാടകവും പ്രമുഖ കവികൾ അദ്ദേഹത്തെക്കുറിച്ച് എഴുതിയ കവിതകൾ സമാഹരിച്ച് അയ്യൻകാളിക്ക് ഒരു കാവ്യോപാസന എന്നിങ്ങനെ രണ്ടു പുസ്തകങ്ങൾ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണു ഞാൻ – മുത്തച്ഛന്റെ ഓർമയ്ക്കുള്ള ആദരം.
(അയ്യൻകാളിയുടെ ഏക മകൾ കെ.തങ്കമ്മയുടെയും തിരുക്കൊച്ചി നിയമസഭ മുൻ സ്പീക്കർ ടി.ടി.കേശവൻ ശാസ്ത്രികളുടെയും മകനാണ് ലേഖകൻ)