കേരളത്തിലെ ദലിതരുടെ ആത്മാഭിമാനത്തിന്റെ പ്രതീകവും ജനാധിപത്യ സമൂഹത്തിനു വെളിച്ചവുമായ അയ്യൻകാളി, ഇനിയും നടന്നുതീർക്കേണ്ട വഴികളെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ്. ഇതിനായി അദ്ദേഹം ജീവിച്ച കാലത്തിന്റെയും കർമജീവിതത്തിന്റെയും പുനർവായനയാണു നടത്തേണ്ടത്. എങ്കിൽ മാത്രമേ, വർത്തമാനകാലത്തിന്റെ പ്രതിസന്ധികളെ മറികടന്ന്, ദലിതർക്കു ജനാധിപത്യ കേരളത്തിന്റെ നിർമിതിയിൽ പങ്കുവഹിക്കാനും പരിഷ്കൃത സമൂഹമായി മാറാനും സാധിക്കൂ.
തിരുവനന്തപുരം അടുത്ത് വെങ്ങാനൂരിൽ 1863ൽ (കൊല്ലവർഷം 1039 ചിങ്ങം 14) പുലയ സമുദായത്തിലെ അംഗമായി പെരുങ്കാറ്റുവിളയിൽ വീട്ടിൽ അയ്യന്റെയും മാലയുടെയും 10 മക്കളിൽ മൂന്നാമനായാണു കാളിയെന്ന അയ്യൻകാളിയുടെ ജനനം. മൂത്ത സഹോദരങ്ങൾ രണ്ടും ചെറുപ്പത്തിൽ മരിച്ചു. തന്റെ ലക്ഷ്യം ജാതി ഉൻമൂലനം ആണെന്നു തിരിച്ചറിഞ്ഞ നിരക്ഷരനായ അദ്ദേഹം വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 1904ൽ വെങ്ങാനൂരിൽ ദലിത് വിദ്യാർഥികൾക്കു വേണ്ടി കുടിപ്പള്ളിക്കൂടം ആരംഭിച്ചു. ഏതാനും മാസം മാത്രം പ്രവർത്തിച്ച ആ സ്കൂൾ തീ വച്ചു നശിപ്പിക്കപ്പെട്ടു. ഇതോടെ വിദ്യാലയ പ്രവേശനത്തിനു വേണ്ടിയുള്ള സമരമാർഗം അദ്ദേഹം തിരഞ്ഞെടുത്തു.
അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളുടെ ഫലമായി 1907ൽ സർക്കാർ സ്കൂളുകളിൽ ദലിത് വിദ്യാർഥികളെ പ്രവേശിപ്പിക്കാനുള്ള ഉത്തരവുണ്ടായെങ്കിലും നടപ്പാക്കിയില്ല.
ഇതേത്തുടർന്നാണു ബഹുജനാടിസ്ഥാനത്തിൽ പ്രക്ഷോഭങ്ങൾ നയിക്കാനായി സാധുജനപരിപാലന സംഘം രൂപീകരിച്ചത്. വിദ്യാഭ്യാസത്തിനു മുഖ്യപ്രാധാന്യം നൽകുമ്പോൾത്തന്നെ സമുദായ പരിഷ്കരണത്തിനും സാധുജന പരിപാലന സംഘം മുൻകയ്യെടുത്തു.
വിദ്യാഭ്യാസ രംഗത്ത് ഫീസ് ആനുകൂല്യം, സ്കോളർഷിപ്, ഹോസ്റ്റൽ സൗകര്യം എന്നിവയ്ക്കൊപ്പം കുറെ വിദ്യാർഥികളെ വിദേശത്തേക്കു പഠനത്തിന് അയയ്ക്കണമെന്നും അയ്യൻകാളി സർക്കാരിനോട് ആവശ്യപ്പെട്ടു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും അദ്ദേഹം ഏറെ പ്രാധാന്യം കൽപിച്ചു. 1932 വരെ ദലിതരിൽ ഒരു ബിരുദധാരിപോലും ഇല്ലെന്നിരിക്കെ, അയ്യൻകാളി ആവശ്യപ്പെട്ടതു കൃഷി–കൈത്തൊഴിൽ മേഖലകളിലെ കൂലിവേലയല്ല.
താഴ്ന്ന വിദ്യാഭ്യാസ നിലവാരത്തിന് അനുസൃതമായി പൊതുമരാമത്ത്, പൊലീസ്, എക്സൈസ് എന്നിങ്ങനെയുള്ള സർക്കാർ വകുപ്പുകളിലെ ഉദ്യോഗങ്ങളായിരുന്നു. ദലിതർക്കു മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും സമൂഹത്തിൽ അന്തസ്സും ലഭ്യമാക്കുകയായിരുന്നു ഇതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത്. ദലിതരെ ആധുനിക പരിഷ്കൃത സമുദായമാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് അയ്യൻകാളി അക്ഷീണം പ്രയത്നിച്ചത്.