അന്നം തരുന്ന കൈക്കുതന്നെ കടിക്കുക – പാലക്കാട്ടെ നെൽകർഷകരോടുള്ള സർക്കാരിന്റെ സമീപനത്തെ അങ്ങനെയേ വിശേഷിപ്പിക്കാനാവൂ. ഒരു വിഭാഗം കർഷകർക്കു കൃഷിയോടുള്ള സമർപ്പണം തന്നെയാണ് പാലക്കാട്ടെ വയലുകളെ നികന്നുപോകാതെ ഇന്നും നെല്ലറയായി നിലനിർത്തുന്നത്. എന്നാൽ, കൃഷിക്കു പ്രോൽസാഹനം നൽകാതെയും വിളവു കൃത്യമായി സംഭരിക്കാതെയും പ്രകൃതിദുരന്തം പോലുള്ള വെല്ലുവിളികളിൽ സമയത്തു നഷ്ടപരിഹാരം നൽകാതെയും കർഷകനെ അകറ്റുന്ന മനോഭാവം നിർഭാഗ്യകരംതന്നെ.
ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ്, പാലക്കാട്ടെ കാൽലക്ഷത്തോളം നെൽകർഷകരുടെ ആറരക്കോടിയോളം രൂപ ഇൻഷുറൻസ് ആനുകൂല്യം നഷ്ടമാക്കിയ കെടുകാര്യസ്ഥത. പ്രളയക്കെടുതിയിൽ മണ്ണും കൃഷിയും നഷ്ടമായതിനു പിന്നാലെയാണു നെല്ലു സംഭരണത്തിലെ അപാകതയും ഇൻഷുറൻസ് നിഷേധവും കർഷകനെ വെല്ലുവിളിക്കുന്നത്.
പ്രളയത്തെ നേരിട്ട കേരളത്തിലെ കർഷകർക്ക് കേന്ദ്ര സർക്കാരിന്റെ കാലാവസ്ഥാ വ്യതിയാന ഇൻഷുറൻസ് ആനുകൂല്യമാണ് ആദ്യം നഷ്ടപ്പെട്ടത്. ബാങ്കുകളിൽനിന്നു കാർഷികവായ്പ നൽകുമ്പോൾ പ്രീമിയം ഈടാക്കുന്നുണ്ടെങ്കിലും ആനുകൂല്യം അനുവദിക്കാനുള്ള മാനദണ്ഡങ്ങളുടെ പട്ടികയിൽ അതിവർഷവും പ്രളയവും അനുബന്ധക്കെടുതികളും ഉൾപ്പെടുത്തിയിട്ടില്ല. മാനദണ്ഡങ്ങൾ തയാറാക്കിയ സംസ്ഥാന കൃഷിവകുപ്പിന്റെ സാങ്കേതികസമിതിക്കു സംഭവിച്ച വീഴ്ചയാണിത്. കേന്ദ്ര ഇൻഷുറൻസ് പദ്ധതിയിലെ സഹായം നഷ്ടമായതിനു പിന്നാലെയാണ് പാലക്കാട്ടെ നെൽകർഷകർക്കു സംസ്ഥാന ഇൻഷുറൻസും നഷ്ടമാകാനിടയായത്. 2016–17, 2017–18 വർഷങ്ങളിലെ നാലു വിളകളുടെയും ഈ വർഷത്തെ ഒന്നാം വിളയുടെയും ഇൻഷുറൻസ് തുകയാണു കർഷകർക്കു നഷ്ടമായത്.
കർഷകർ പ്രീമിയം അടച്ച് ഇൻഷുറൻസിൽ ചേർന്നെങ്കിലും കൃഷി ഉദ്യോഗസ്ഥർ പോളിസി രേഖ ലഭ്യമാക്കിയില്ല. കൃഷി പൂർണമായി നശിച്ചതായി സാക്ഷ്യപ്പെടുത്തി വകുപ്പു നൽകേണ്ട റിപ്പോർട്ടും സമർപ്പിച്ചില്ല. പ്രീമിയം അടച്ചതിന്റെ മുപ്പതാം ദിവസം പോളിസി നൽകണമെന്നാണു വ്യവസ്ഥയെങ്കിലും അതുണ്ടായില്ലെന്നു കർഷകർ പറയുന്നു. രണ്ടു വർഷത്തെ ഇൻഷുറൻസ് ആനുകൂല്യം ഒന്നിച്ചു ലഭിക്കുന്നതോടെ ബാങ്കുകളിലെ വായ്പാബാധ്യത കുറയുമെന്നു പ്രതീക്ഷിച്ചിരുന്നവരുടെ തലയിലേക്കാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമുള്ള ഇടിത്തീ വീണത്.
ആദ്യ നാലു വിളകൾക്കു വരൾച്ച മൂലമാണു നഷ്ടമുണ്ടായത്. ഇക്കൊല്ലമാകട്ടെ പ്രളയം മൂലവും. സംസ്ഥാനത്തെ മറ്റു ജില്ലകളിലെ നെൽകൃഷിക്കാരിൽ ഭൂരിഭാഗത്തിനും ആനുകൂല്യം നേരത്തേ ലഭിച്ചെങ്കിലും മറ്റു വിളകളുടെ ഇൻഷുറൻസ് സാങ്കേതികക്കുരുക്കിലാണെന്നാണു വിവരം. ഇൻഷുറൻസ് തുകയ്ക്കായി കൃഷിക്കാർ ജില്ലാ കൃഷി ഒാഫിസും കൃഷിഭവനുകളും ദിനംപ്രതി കയറിയിറങ്ങുകയാണെങ്കിലും കൃത്യമായ മറുപടി നൽകാൻ അധികൃതർക്കു കഴിയുന്നില്ല.
പ്രകൃതിദുരന്തം മൂലം വിള നഷ്ടമാകുന്ന കർഷകന് ഇൻഷുറൻസ് മാത്രമാണ് ആശ്വാസം. സർക്കാർ ധനസഹായം പ്രഖ്യാപിക്കാറുണ്ടെങ്കിലും അതു നാമമാത്രമാണ്. വിള ഇൻഷുറൻസിലും ഉൽപാദനക്ഷമത അനുസരിച്ചു സഹായമില്ല. ചില സീസണുകളിൽ സർക്കാർ പ്രത്യേക പദ്ധതിയായി സൗജന്യ വിത്തും വളവും നൽകുന്നതാണു കൂടുതലായി ലഭിക്കുന്ന സഹായം.
കർഷകർക്ക് ഇൻഷുറൻസ് ആനുകൂല്യം കാലതാമസമില്ലാതെ ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന്, പാലക്കാട്ടെ കർഷകദുരിതം സംബന്ധിച്ച മലയാള മനോരമ വാർത്തയോടു പ്രതികരിച്ച് മന്ത്രി
വി.എസ്.സുനിൽകുമാർ അറിയിച്ചത് ആശ്വാസം നൽകുന്നു. എല്ലാം വിറ്റുപെറുക്കിയും പണയപ്പെടുത്തിയും വായ്പയ്ക്കുമേൽ വായ്പയെടുത്തും നഷ്ടത്തിനിടയിലും ചിലർ കൃഷിയിറക്കുന്നതുകൊണ്ടാണ് ഭക്ഷ്യസുരക്ഷ നിലനിൽക്കുന്നതെന്നു നാം ഓർക്കാതെപോകരുത്.