Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകരുടെ ചോര തളംകെട്ടിയ മണ്ണ്; മനസ്സുടച്ച മൻസോർ

VISAKHA-BHAI ശത്രുഘ്നൻ മീണയുടെ ചിത്രവുമായി ഭാര്യ വിശാഖ ബായ്

ഓപ്പിയവും വെളുത്തുള്ളിയും വിളയുന്ന മൻസോർ ബിജെപിയുടെ 15 വർഷത്തെ തേരോട്ടത്തിനു കടിഞ്ഞാണിടുമോ? മധ്യപ്രദേശ് തിരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തിലെത്തിയപ്പോൾ, പ്രധാന തിരഞ്ഞെടുപ്പു വിഷയങ്ങളിലൊന്ന് കർഷകരോഷവും മൻസോറിലെ പൊലീസ് വെടിവയ്പുമാണ്. സമരം ചെയ്ത 6 കർഷകരാണ് കഴിഞ്ഞവർഷം ജൂണിൽ നടന്ന വെടിവയ്പിൽ മരിച്ചത്. മൻസോറിൽ നിന്നാരംഭിച്ച കലാപം മധ്യപ്രദേശിന്റെ ഗ്രാമീണമേഖലകളെ പിടിച്ചുകുലുക്കി. കേന്ദ്രസേനയെ ഇറക്കിയാണ് അന്ന് സർക്കാർ സമരത്തെ നേരിട്ടത്.

പൊതുവെ സൗമ്യനെന്ന് അറിയപ്പെടുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനു മുന്നിലെ പ്രധാന വെല്ലുവിളിയും കർഷകരുടെ അതൃപ്തിയാണ്. ഗ്രാമീണമേഖല എങ്ങനെ വോട്ട് ചെയ്യുമെന്നത് ബിജെപിയെയും അലട്ടുന്നുണ്ട്. പഴയ തലമുറ രാഷ്ട്രീയക്കാരെപ്പോലെ, എല്ലാവരുമായും നല്ലബന്ധം പുലർത്തുന്ന, ‘മാമാജി’ എന്ന് നാട്ടുകാർ വിളിക്കുന്ന, ശിവരാജ് സിങ് ചൗഹാൻ മൻസോറിന്റെ മുറിവുണക്കാൻ നേരിട്ടെത്തിയെങ്കിലും കർഷകരോഷം തണുപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

കടാശ്വാസവും വിളകൾക്കു ന്യായവിലയും ആവശ്യപ്പെട്ട് സമരം ചെയ്ത കർഷകർക്കു നേരെയാണ് മൻസോറിൽ വെടിവയ്പുണ്ടായത്. കർഷക പ്രക്ഷോഭം ആളിക്കത്തിയപ്പോൾ രണ്ടായിരത്തോളം കേന്ദ്ര സേനാംഗങ്ങളെ ഇറക്കിയിരുന്നു. 

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മധ്യപ്രദേശ് തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അനൗപചാരിക ഉദ്ഘാടനം നടത്തിയത് മൻസോറിലായിരുന്നു. മൻസോർ ശഹീദ് കിസാൻ സ്മൃതി ദിവസ് എന്ന ചടങ്ങിൽ രാഹുൽ നേരിട്ടെത്തി, കൊല്ലപ്പെട്ട കർഷകർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. കർഷകരുടെ കുടുംബാംഗങ്ങളെ കാണാനെത്തിയ രാഹുലിനെയും മറ്റു നേതാക്കളെയും മൻസോറിൽ പ്രവേശിക്കുംമുൻപു പൊലീസ് അറസ്റ്റ് ചെയ്തതു വിവാദമായിരുന്നു. ഏറെനേരത്തെ തർക്കങ്ങൾക്കൊടുവിലാണ് കർഷക കുടുംബങ്ങളെ കാണാൻ അനുമതി നൽകിയത്. 

തിരഞ്ഞെടുപ്പു പ്രചാരണവേദികളിൽ രാഹുൽ ഉന്നയിക്കുന്ന പ്രധാന വിഷയം കർഷകരുടെ പ്രശ്നങ്ങളാണ്. അധികാരത്തിലെത്തിയാൽ രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 

കോൺഗ്രസ് അധികാരത്തിലെത്തുമെന്ന പ്രതീക്ഷമൂലം ആയിരക്കണക്കിനു കർഷകർ വായ്പാ തിരിച്ചടവ് നിർത്തിയിരിക്കുകയാണ്. മുൻ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വായ്പാ തിരിച്ചടവിൽ 10 ശതമാനം കുറവാണുണ്ടായതെന്നു ബാങ്കുകൾ പറയുന്നു.

ഞെട്ടിക്കുന്ന മരണക്കണക്ക് 

മധ്യപ്രദേശിൽ ഓരോ എട്ടുമണിക്കൂറിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്നുവെന്നാണു കണക്ക്. 1321 കർഷകരാണ് 2016ൽ ആത്മഹത്യ ചെയ്തത്. 2014-16 കാലയളവിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കർഷക ആത്മഹത്യയിൽ 10% കുറവുണ്ടായപ്പോൾ, മധ്യപ്രദേശിൽ 21 ശതമാനം വർധിച്ചതായി കേന്ദ്ര കൃഷിമന്ത്രി മാർച്ചിൽ ലോക്സഭയിൽ നൽകിയ കണക്കുകൾ വ്യ‌ക്തമാക്കുന്നു. 

കൃഷിമന്ത്രിയുടെ കണക്കു പ്രകാരം, കർഷക ആത്മഹത്യയിൽ ഇന്ത്യയിൽ നാലാം സ്ഥാനത്താണ് മധ്യപ്രദേശ്. അഞ്ചു വർഷത്തിനിടെ 6071 കർഷക ആത്മഹത്യകളാണ് അവിടെ നടന്നത്. കാർഷികോൽപാദനത്തിൽ സംസ്ഥാനം റെക്കോർഡ് നേട്ടം സ്വന്തമാക്കിയപ്പോഴായിരുന്നു ഇത് എന്നതാണു വൈരുധ്യം. കാർഷികോൽപാദന വളർച്ചയിൽ രാജ്യത്ത് ഒന്നാമതാണ് മധ്യപ്രദേശ് എന്നാണ് സർക്കാരിന്റെ അവകാശവാദം. 20- 29 ശതമാനം വരെയാണ് വളർച്ച. 

കോരന് കഞ്ഞി...

കഴിഞ്ഞ വർഷത്തെ കർഷക പ്രക്ഷോഭങ്ങളുടെ സിരാകേന്ദ്രമായ മാൾവാ - നിമാർ മേഖലയിൽ കർഷകർ വെളുത്തുള്ളി വിൽക്കുന്നത് കിലോയ്ക്ക് 4 രൂപ നിരക്കിലാണ്. നഗരത്തിൽ കിലോയ്ക്ക് വില 80നു മുകളിലാണ്. കർഷകർക്കു ന്യായവില ലഭ്യമാക്കുന്നതിനുള്ള ഭവന്തർ ബുഗ്താൻ യോജന (ബിബിവൈ) എന്ന പദ്ധതി സർക്കാർ കൊണ്ടുവന്നെങ്കിലും, ഇടനിലക്കാരാണ് പണം തട്ടുന്നത്. ഒപ്പം ഒട്ടേറെ സാങ്കേതിക നൂലമാലകളുമുണ്ട്. 

തുടക്കമല്ല, ഒടുക്കവുമല്ല 

‘‘മൻസോറിലെ കലാപവും വെടിവയ്പും കർഷകരോഷത്തിന്റെ തുടക്കമോ ഒടുക്കമോ അല്ല. കർഷകരുടെ അതൃപ്തിക്ക് സർക്കാരുകളെ സൃഷ്ടിക്കാനും മറിച്ചിടാനും കഴിയും’’– . ഭാരതീയ കിസാൻ യൂണിയൻ നേതാവായ ഭഗതി സിങ് പറയുന്നു. 

ഓപ്പിയം കർഷകരുടെമേൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലും അസംതൃപ്തി പുകയുകയാണ്. നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ കർശന നിയന്ത്രണത്തിൽ മൻസോർ, രത്‌ലാം, ഉജ്ജയിൻ, രാജാപർ, ജാബുവ, അഗാർ മാൾവാ മേഖലയിലാണ് ഓപ്പിയം കൃഷിചെയ്യുന്നത്.

വാഗ്ദാനത്തിൽ കുടുങ്ങി കോൺഗ്രസ്

അധികാരത്തിലെത്തിയാൽ സർക്കാർ ഓഫിസുകളിൽ ആർഎസ്എസിനെ നിരോധിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനത്തിൽ കുരുങ്ങി കോൺഗ്രസ്. ഇതു ബിജെപി ആയുധമാക്കിയതോടെ, കമൽനാഥ് ഉൾപ്പെടെയുള്ളവർ പ്രഖ്യാപനം മയപ്പെടുത്തി. ആർഎസ്എസിനെ നിരോധിക്കുമെന്നല്ല, കേന്ദ്ര നിയമം നടപ്പിലാക്കുമെന്നാണ് ഉദ്ദേശിച്ചതെന്നും ബിജെപി മുഖ്യമന്ത്രിമാരായിരുന്ന ഉമാഭാരതിയും ബാബുലാൽ ഗൗറും കൈക്കൊണ്ട നിലപാടായിരിക്കും, കോൺഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിൽ നൂറുകണക്കിന് ആർഎസ്എസ് ശാഖകൾ നടക്കുന്നത് സർക്കാർ സ്കൂൾ ഗ്രൗണ്ടുകളിലാണ്. 

ജനാധിപത്യവിരുദ്ധമായ വാഗ്ദാനമാണ് കോൺഗ്രസ് നടത്തിയതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ ആരോപിച്ചു.

മീണ, വീണുപോയവരിൽ ഒരാൾ മാത്രം

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടന്ന ജില്ലകളിലൊന്നാണ് സെഹോർ. ശിവരാജ് സിങ് ചൗഹാന്റെ മണ്ഡലമായ ബുധ്നി ഉൾപ്പെട്ട ജില്ല. ഭോപാലിൽനിന്ന് 100 കിലോമീറ്റർ മാത്രം അകലെയുള്ള ഗ്വാളിയ ഗ്രാമത്തിലെ ശത്രുഘ്നൻ മീണ കടക്കെണിമൂലം ജീവനൊടുക്കിയ അനവധി കർഷകരിൽ ഒരാൾമാത്രം. 

സ്ഥലത്തെ പ്രധാന കർഷകരിൽ ഒരാളായിരുന്നു അദ്ദേഹം. വിളവു വർധിച്ചെങ്കിലും വില കുത്തനെ കുറഞ്ഞതിനാൽ വായ്പ തിരിച്ചടയ്ക്കാനായില്ല. രാഷ്ട്രീയനേതാക്കളുടെ ബെനാമികളായ പലിശക്കാരുടെ പീഡനം സഹിക്കവയ്യാതെ മീണ ആത്മഹത്യ ചെയ്തു. ഭാര്യയും മൂന്നു മക്കളും ഇപ്പോഴും കടക്കെണിയിലാണ്. മുഖ്യമന്ത്രിക്കോ ഭരിക്കുന്ന പാർട്ടിക്കോ കർഷകരുടെ ദുഃഖം മനസ്സിലാകുന്നില്ലെന്ന് മീണയുടെ ഭാര്യ വിശാഖ ബായ് പറയുന്നു.