ഒരു ‘സുവർണാവസര’ത്തിന്റെ ആവേശവും സന്തോഷവും തുളുമ്പുന്നുണ്ട് കേരളത്തിലെ ബിജെപിയിൽ. ആ അവസരം മുതലാക്കാനായി സെക്രട്ടേറിയറ്റിനു മുന്നിലാരംഭിച്ച സമരം എങ്ങനെയൊന്നവസാനിപ്പിക്കാൻ കഴിയുമെന്നു ചോദിച്ചാൽ അതിനുത്തരവുമില്ല. ആഗ്രഹങ്ങളുടെയും അങ്കലാപ്പിന്റെയും നടുവിലൂടെയാണു പാർട്ടി നീങ്ങുന്നത് എന്നതിന്റെ സാക്ഷ്യങ്ങളായി, ഇന്നലെ തിരുവനന്തപുരത്തു നടന്ന ബിജെപി നേതൃയോഗങ്ങളിലെ കൂടിയാലോചനകൾ.
ശബരിമല യുവതീപ്രവേശത്തിനെതിരെ തീർത്ത സന്നാഹം, കേരളത്തിലെ ഹൈന്ദവവിഭാഗങ്ങളിൽ കൂടുതൽ സ്വീകാര്യത പാർട്ടിക്കു നേടിക്കൊടുത്തുവെന്നാണ് യോഗങ്ങളിൽ നേതൃത്വം അവകാശപ്പെട്ടത്. ഈ അന്തരീക്ഷം എങ്ങനെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്നതിലാണു ചർച്ചകളാകെ കേന്ദ്രീകരിച്ചതും. രാഷ്ടീയപ്രചാരണാർഥം പ്രധാനമന്ത്രി കേരളത്തിലെത്തുന്നുവെന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിലേക്കു കാര്യങ്ങൾ കയറിക്കഴിഞ്ഞുവെന്നാണു മനസ്സിലാക്കേണ്ടത്. മറ്റെല്ലാം മാറ്റിവച്ച് അതിനൊരുങ്ങണം. എന്നാൽ, നിലപാടുകളിലെ മലക്കംമറിച്ചിലുകളും വിവാദങ്ങളും വിഭാഗീയതയും വേട്ടയാടുന്നതിന്റെ വ്യഥയുണ്ട് ബിജെപിയിൽ.
അയവില്ലാത്ത ഗ്രൂപ്പുകളി
ബിജെപിയിലെ പ്രബലമായ പി.കെ.കൃഷ്ണദാസ് – വി.മുരളീധരൻ വിഭാഗത്തിന് അനഭിമതനും ഗ്രൂപ്പു രഹിതനുമായിരുന്നു പി.എസ്. ശ്രീധരൻപിള്ളയെങ്കിൽ, ഇപ്പോൾ അദ്ദേഹം കൃഷ്ണദാസ് പക്ഷത്തേക്കു ചാഞ്ഞുനിൽക്കുന്നു. എബിവിപി കാലം മുതൽ ബദ്ധവൈരിയായ മുരളീധരനുമായി പിള്ള ഒരു സന്ധിക്കുമില്ല. പിള്ളയുടെ സ്ഥാനലബ്ധിയോടെ ആന്ധ്രയുടെ പ്രഭാരിയായി നിയോഗിക്കപ്പെട്ട മുരളീധരൻ ഏറെ സമയവും അവിടെയും ഡൽഹിയിലുമാണ്. കേരളത്തിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കുന്നതിലൊതുങ്ങുന്നു നേരിട്ടുള്ള ഇടപെടലുകൾ. പ്രധാനമന്ത്രിയുടെ ‘മൻകീ ബാത്’ പരിപാടിക്ക് എംപിമാർ പ്രചാരണം നൽകണമെന്ന നിർദേശം പാലിക്കാനായി, തലസ്ഥാനത്തു പാർട്ടിയുടെ പ്രാദേശിക പ്രവർത്തകരുടെ യോഗം മുരളി വിളിച്ചത് ബിജെപിയിലുണ്ടാക്കിയ വിവാദം ചെറുതല്ല. വിളിച്ചതു ഗ്രൂപ്പു യോഗമാണെന്ന ആക്ഷേപം മറുവിഭാഗം വ്യാപകമായി പ്രചരിപ്പിച്ചു, പരാതിയാക്കി.
ഇരുനേതാക്കൾക്കുമിടയിലെ ഈ അകൽച്ച കെ.സുരേന്ദ്രന്റെ അറസ്റ്റിനെത്തുടർന്നു രൂക്ഷമായി. മുരളിയുടെ വലംകൈയായ സുരേന്ദ്രൻ ജയിലിലായപ്പോൾ കൂടിയാലോചിച്ചുള്ള ആസൂത്രിത പ്രതിഷേധം ആദ്യ ദിവസങ്ങളിലുണ്ടായില്ല എന്നാണു പരാതി. സുരേന്ദ്രന്റെ വീട്ടിലെത്തി കുടുബാംഗങ്ങളെ ആദ്യം ആശ്വസിപ്പിച്ചത് ബിജെപി ഇപ്പോൾ അടുപ്പിക്കാത്ത മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.മുകുന്ദനാണ്. ചിലരോടു ചിറ്റമ്മനയമോ എന്ന ചോദ്യം കോഴിക്കോട്ടെ ഭാരവാഹിയോഗത്തിൽ മുരളീധരൻപക്ഷം ഉന്നയിച്ചതോടെയാണ് കുറെ മാറ്റമുണ്ടായത്. ജാമ്യം കിട്ടി പുറത്തിറങ്ങിയ സുരേന്ദ്രനു നൽകിയ സ്വീകരണത്തിലൂടെ തലസ്ഥാനത്തെ തങ്ങളുടെ സ്വാധീനം മുരളിപക്ഷം പിള്ളയ്ക്കു കാട്ടിക്കൊടുക്കുക കൂടിയായിരുന്നു. സുരേന്ദ്രനൊപ്പം ശ്രീധരൻപിള്ളയും തുറന്ന ജീപ്പിലുണ്ടായിരുന്നു.
സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിൽ മുരളിവിഭാഗത്തെ അവഗണിച്ചുകൊണ്ടാണ് ഇതിനു പിള്ള മറുപടി നൽകിയത്. പി.കെ.കൃഷണദാസ് പക്ഷത്തെ പ്രബലരായ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനെയും സെക്രട്ടറി വി.കെ. സജീവനെയും സമരത്തിന്റെ ചുമതലയേൽപിച്ചു. ആദ്യ ദിവസങ്ങളിൽ സമരവേദിയിൽ കൂടിയാലോചനകളുണ്ടായെങ്കിൽ, പിന്നെപ്പിന്നെ അതില്ലാതായി. അതിനിടയിലാണ് അർധരാത്രി ആ തീഗോളം സമരപ്പന്തലിലേക്കു പാഞ്ഞടുത്തത്. വേണുഗോപാലൻ നായരുടെ ആത്മഹത്യയും അതിനെത്തുടർന്നു പ്രഖ്യാപിച്ച ഹർത്താലുമായി അടുത്ത പുകിൽ. ‘സമരപ്പന്തലിൽ ഭക്തന്റെ ജീവത്യാഗത്തിനു’ പ്രതിവിധി ഹർത്താൽതന്നെയെന്ന നിർദേശം വച്ചതും നേതാക്കളുടെ അംഗീകാരത്തോടെ പ്രഖ്യാപിച്ചതും എം.ടി.രമേശാണ്. ഹർത്താലുകളിൽ പൊറുതിമുട്ടുന്നതിനിടെ വീണ്ടും അതിനിറങ്ങിത്തിരിച്ചത് അനവസരത്തിലായിപ്പോയെന്ന് എതിർചേരി വിശ്വസിക്കുന്നു; പ്രചരിപ്പിക്കുന്നു.
ഇതിലെല്ലാം ആർഎസ്എസ് അതൃപ്തരാണ്. തങ്ങളോടാലോചിക്കാതെ കുമ്മനം രാജശേഖരനെ ഗവർണറാക്കി ഇവിടെനിന്നു മാറ്റിയപ്പോൾ മുതൽ അവർക്കുള്ള നീരസം ഏറിയും കുറഞ്ഞും തുടരുന്നു. കുമ്മനം അമരത്തുണ്ടായിരുന്നപ്പോൾ അരങ്ങിലും അണിയറയിലും ‘സംഘം’ ആയിരുന്നുവെങ്കിൽ അതേതോതിലുള്ള ഇടപെടലുകൾ ഇപ്പോഴില്ല. ശബരിമല കർമസമിതിയുമായി ബന്ധപ്പെട്ട പോർമുഖങ്ങളിലും തിരഞ്ഞെടുപ്പു തയാറെടുപ്പുകളിലുമാണ് അവരുടെ ശ്രദ്ധ. സെക്രട്ടേറിയറ്റിനു മുന്നിലേക്കു സമരം മാറ്റുമ്പോൾത്തന്നെ, അതിന്റെ ഭാവിയിൽ ആർഎസ്എസിന് ആശങ്കയുണ്ടായിരുന്നു കൊച്ചിയിൽ കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ ബിജെപി നേതൃത്വത്തോട് അതു പങ്കുവയ്ക്കാനും അവർ മടിച്ചില്ല.
കണ്ണുകൾ ‘അയ്യപ്പജ്യോതി’യിലേക്ക്
പാർട്ടിക്ക് ഏറ്റവുമധികം പ്രതീക്ഷയുള്ള തിരുവനന്തപുരം ജില്ലയിലെ ഘടകം മാത്രമല്ല, സെക്രട്ടേറിയറ്റ് സമരം വിജയിപ്പിക്കാൻ ഇക്കഴിഞ്ഞ ദിവസങ്ങളിൽ അധ്വാനിച്ചത്. ഓരോ ദിവസവും സമരവേദി ഉഷാറാക്കേണ്ട ജോലി വിവിധ ജില്ലാ കമ്മിറ്റികളെയും മോർച്ചകളെയുമാണ് ഏൽപിച്ചത്. ശബരിമലയുണ്ടാക്കാനിടയുള്ള രാഷ്ട്രീയലാഭത്തെക്കുറിച്ചു പാർട്ടിക്കു പ്രതീക്ഷയുണ്ടെന്നതു ശരിതന്നെ. പക്ഷേ, ഊർജമെല്ലാം അതിനായി ചെലവാക്കുമ്പോൾ, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകൾ അവതാളത്തിലാകുന്നു. അതിൽനിന്നൊരു മാറ്റമുണ്ടാക്കാനായി പ്രധാനമന്ത്രിയെത്തന്നെ രംഗത്തിറക്കുകയാണ്.
മോദി നേരിട്ടു വരുന്നതിനു മുൻപായി അദ്ദേഹത്തിന്റെ വിഡിയോ കോൺഫറൻസ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും ലോക്സഭാ മണ്ഡലങ്ങളിൽ സംഘടിപ്പിച്ചു. കേന്ദ്രനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനായി സംസ്ഥാനമെമ്പാടും കോൾ സെന്ററുകളും തുറക്കുകയാണു പാർട്ടി. പക്ഷേ, ‘ശബരിമല’യിൽനിന്നു മുക്തമാകാൻ കഴിയുമോയെന്നു ചോദിച്ചാൽ ഒട്ടുമില്ല.
ആർഎസ്എസ് ചുക്കാൻ പിടിക്കുന്ന ശബരിമല കർമസമിതിയുടെ 26ലെ അയ്യപ്പജ്യോതിയുടെ ഒരുക്കങ്ങൾ നാടാകെ നടക്കുന്നു. വൈകിട്ട് 5.30നു പാറശാല മുതൽ മഞ്ചേശ്വരം വരെ ചിരാതുകൾ തെളിക്കുന്നതാണ് അയ്യപ്പജ്യോതി. ഓരോ കിലോമീറ്ററിന്റെയും ഉത്തരവാദിത്തം ഓരോ പ്രവർത്തകനാണ്. നേതാക്കളെല്ലാം മലയിറങ്ങിയാലും തിരിക്കുറ്റി അതുതന്നെ.