ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്കുണ്ടായ തിരിച്ചടി കോൺഗ്രസിനു മാത്രമല്ല, മഹാരാഷ്ട്രയിൽ ശിവസേനയ്ക്കും പുതുജീവനേകിയിരിക്കുകയാണ്. ശിവസേനയെ ഒതുക്കാൻ ലഭിച്ച അവസരങ്ങൾ ഒന്നും പാഴാക്കാതിരുന്ന ബിജെപിയുടെ നേതാക്കൾ, രാഷ്ട്രീയചിത്രം മാറുന്നതിന്റെ സൂചന ലഭിച്ചയുടൻ ശിവസേനയുടെ പുറകെയാണ്. സഖ്യത്തിനില്ലെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ നേരത്തെ വ്യക്തമാക്കിയിരിക്കെ, പൊതുതിരഞ്ഞെടുപ്പിൽ ശിവസേന തങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. എന്നാൽ ‘ചൗക്കിദാർ ചോർ ഹെ’ (കാവൽക്കാരൻ കള്ളനാണ്) എന്ന കോൺഗ്രസിന്റെ മോദി വിരുദ്ധ മുദ്രാവാക്യം പണ്ഡർപുരിലെ റാലിയിൽ ആവർത്തിച്ച് ഉദ്ധവ് ഇന്നലെ ആക്രമണം ശക്തമാക്കുകയാണു ചെയ്തത്.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ശിവസേനാ സഖ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം കണ്ടും കേട്ടുമിരിക്കുന്ന ഉദ്ധവ് ഉള്ളിൽ ചിരിക്കുകയാകും. ഒറ്റയ്ക്കു മൽസരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന തന്റെ പക്കലേക്ക് ബിജെപി നേതാക്കൾ സഖ്യചർച്ചകൾക്ക് എത്തുന്നതു കാത്തിരിക്കുകയാണ് അദ്ദേഹം.
ലോക്സഭ തിരഞ്ഞെടുപ്പിൽ 50:50 സീറ്റ് വിഭജനം, നിയമസഭ തിരഞ്ഞെടുപ്പിൽ ശിവസേനയ്ക്കു കൂടുതൽ സീറ്റുകൾ എന്നിങ്ങനെ മഹാരാഷ്ട്രയിൽ ബിജെപിയെ കാൽച്ചുവട്ടിലാക്കുന്നവിധമുള്ള ആവശ്യങ്ങളായിരിക്കും ഉദ്ധവ് മുന്നോട്ടുവയ്ക്കുക. ഇതെ തുടർന്നുള്ള വിലപേശൽ നാടകങ്ങളായിരിക്കും വരാനിരിക്കുന്ന നാളുകളിൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിനു കൊഴുപ്പേകുക. ന്യായമായ വിട്ടുവീഴ്ചകളാണ് സേനയെ ഒപ്പംനിർത്താൻ ബിജെപിക്കു മുന്നിലുള്ള വഴി. ഹൈന്ദവ വോട്ടുകൾ ഭിന്നിക്കുന്നത് ഇരുവർക്കും ഗുണം ചെയ്യില്ലെന്ന വസ്തുത ബിജെപി നേരിട്ടും അല്ലാതെയും പറഞ്ഞുകൊണ്ടിരിക്കുന്നു; കോൺഗ്രസും എൻസിപിയും കൈകോർത്തു നിൽക്കെ രണ്ടായി മൽസരിച്ചാൽ ശിവസേനയുടെ കപ്പലും മുങ്ങുമെന്ന് അവർ ഓർമിപ്പിക്കുന്നു.
കോൺഗ്രസിന്റെ ആത്മവിശ്വാസം
മറുവശത്ത് കോൺഗ്രസും എൻസിപിയും സീറ്റ് വിഭജന ചർച്ചകളുടെ ആദ്യഘട്ടം പൂർത്തിയാക്കിെയങ്കിലും ഏതാനും സീറ്റുകൾ ഇപ്പോഴും കീറാമുട്ടിയാണ്. കർഷകരും ഗ്രാമീണ ജനതയും തങ്ങൾക്കൊപ്പമാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. എന്നാൽ നഗരമേഖലകളിൽ ബിജെപിയുടെ കരുത്ത് വെല്ലുവിളിയാണ്. ഇതിനിടെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലുണ്ടായ വിജയം പ്രതിപക്ഷ ചേരിയിലുണ്ടാക്കിയിരിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. മൂന്നിടത്തും കർഷക കടം എഴുതിത്തള്ളിയതിന്റെ ഗുണഫലം മഹാരാഷ്ട്രയിലും പ്രതിഫലിക്കുമെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു.
അയൽസംസ്ഥാനങ്ങളിലെ നേട്ടം അതിർത്തിമേഖലയിൽ ഗുണം ചെയ്യുമെന്നാണ് അവരുടെ മറ്റൊരു പ്രതീക്ഷ. 10 ലോക്സഭ സീറ്റുകളുള്ള വിദർഭ മേഖലയോട് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളാണ് മധ്യപ്രദേശും ഛത്തീസ്ഗഡും. നിതിൻ ഗഡ്കരിയുടെയും ഫഡ്നാവിസിന്റെയും തട്ടകമായ വിദർഭയിൽ പത്തിടത്തും ബിജെപി (6)-സേന (4) സഖ്യമാണ് 2014ൽ വിജയിച്ചത്.
അന്നു മൂന്നു മന്ത്രിമാരടക്കം ഡസനിലേറെ ജനപ്രതിനിധികളാണ് കോൺഗ്രസ്-എൻസിപി പക്ഷത്തുനിന്നു ബിജെപിയിലേക്കു ചേക്കേറിയത്. ഇവരെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങളും അണിയറയിൽ പുരോഗമിക്കുന്നു. വിജയസാധ്യതയുള്ള കോൺഗ്രസ്, എൻസിപി നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ ബിജെപി നീക്കത്തിന് ഇപ്പോഴത്തെ തിരഞ്ഞെടുപ്പു ഫലങ്ങൾ തിരിച്ചടിയായിട്ടുണ്ട്. കർഷകരുടെയും യുവാക്കളുടെയും രോഷം, വാഗ്ദാനങ്ങൾ പാലിക്കുന്നതിലെ വീഴ്ച, നോട്ടു നിരോധനം, ജിഎസ്ടി നടപ്പാക്കിയതിലെ പാളിച്ചകൾ തുടങ്ങിയ വിഷയങ്ങളിൽ ജനം ബിജെപിയോടു മുഖം തിരിച്ചുനിൽക്കുമെന്നും പ്രതിപക്ഷം കണക്കാക്കുന്നു. മോദി തരംഗമില്ലെന്നതും രാഹുൽ ഗാന്ധിക്കു സ്വീകാര്യത വർധിക്കുന്നതുമാണ് മറ്റൊരു പ്രതീക്ഷ.
സ്വാഭിമാന പക്ഷ, പിഡബ്ല്യുപി, അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള ദലിത് പാർട്ടി, നാരായൺ റാണെയുടെ മഹാരാഷ്ട്ര സ്വാഭിമാന പാർട്ടി, ബഹുജൻ വികാസ് അഗാഡി എന്നീ പ്രാദേശിക പാർട്ടികൾക്കൊപ്പം ബിഎസ്പി, എസ്പി, ഇടതുപാർട്ടികൾ എന്നിവയുമായും കോൺഗ്രസും എൻസിപിയും സഖ്യനീക്കം നടത്തുന്നുണ്ട്. ഉവൈസി സഹോദരൻമാരുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മും പ്രകാശ് അംബേദ്കറും തമ്മിൽ നേരത്തേ സഖ്യം പ്രഖ്യാപിച്ചിരുന്നു. ഇതു പിളർത്തി പ്രകാശ് അംബേദ്കറെ ഒപ്പംനിർത്താനും കോൺഗ്രസ് ശ്രമിക്കുന്നു.
ഫഡ്നാവിസിന്റെ ‘നിക്ഷേപങ്ങൾ’
ദേവേന്ദ്ര ഫഡ്നാവിസിന്റെ രാഷ്ട്രീയ മായാജാലത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. 44-ാം വയസ്സിൽ മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ ഫഡ്നാവിസ് കർഷകരുടെ ലോങ് മാർച്ച്, മറാഠ പ്രക്ഷോഭം എന്നിങ്ങനെ ഇരമ്പിവന്ന പല വെല്ലുവിളികളെയും കാര്യമായ പരുക്കേൽക്കാതെ കൈകാര്യം ചെയ്തു. കാർഷിക കടം എഴുതിത്തള്ളിയതിന്റെ ആനുകൂല്യവും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കർഷക ദുരിതം കുറഞ്ഞിട്ടില്ല. ഫഡ്നാവിസിന്റെ പ്രതിഛായയ്ക്കൊപ്പം മോദിയെ ഇറക്കിയുള്ള പ്രചാരണവും അമിത് ഷായുടെ തന്ത്രങ്ങളും ചേർത്തുവച്ചാൽ മേൽക്കോയ്മ നിലനിർത്താമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ.
രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലുമെന്ന പോലെ ഭരണവിരുദ്ധ വികാരം മഹാരാഷ്ട്രയിലില്ല. താഴെത്തട്ടിൽ ബിജെപിയുടെ വേരോട്ടം കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പു കാലത്തേക്കാൾ ഏറെ മെച്ചമാണ്. നാലു വർഷത്തിനിടെ സംസ്ഥാനത്തെ 27 മുനിസിപ്പൽ കോർപറേഷനുകളിൽ 15 എണ്ണത്തിന്റെയും നിയന്ത്രണം ബിജെപി കൈപ്പിടിയിലാക്കി. ശിവസേനയെ അനുനയിപ്പിച്ച് നിർത്താനും പ്രാദേശിക പാർട്ടികളെ ഒപ്പം കൂട്ടാനുമായാൽ സഖ്യത്തിനു മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയും.
ജനസംഖ്യയുടെ 30 ശതമാനത്തിലേറെ വരുന്ന മറാഠകൾക്ക് നൽകിയ 16 % സംവരണമാണു ഫഡ്നാവിസ് നടത്തിയ വലിയ ‘നിക്ഷേപ’ങ്ങളിലൊന്ന്. അതേസമയം, മറാഠ സംവരണം തങ്ങളുടെ സംവരണത്തെ ബാധിക്കുമെന്ന് ആശങ്കപ്പെടുന്ന മറ്റു പിന്നാക്ക വിഭാഗക്കാരും, സംവരണം നിഷേധിക്കപ്പെട്ട വിവിധ മുസ്‌ലിം വിഭാഗങ്ങളും, ധൻകർ എന്ന ആട്ടിടയ സമുദായവുമെല്ലാം എങ്ങനെ പ്രതികരിക്കുമെന്നതു കാത്തിരുന്നു കാണണം.
ചില്ലറയല്ല ലോക്സഭ സീറ്റുകൾ
യുപി (80) കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്സഭ സീറ്റുകളുള്ള സംസ്ഥാനം എന്നതാണു മഹാരാഷ്ട്രയുടെ (48) രാഷ്ട്രീയ പ്രാധാന്യം. ഇതിൽ 42 സീറ്റിലും ബിജെപി-ശിവസേന സഖ്യമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. കോൺഗ്രസ്-എൻസിപി കൂട്ടുകെട്ട് കേവലം ആറു സീറ്റിൽ ഒതുങ്ങി.
മുൻകാല ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ, 2004ൽ ബിജെപി-സേന സഖ്യം 25 സീറ്റ് നേടിയപ്പോൾ കോൺഗ്രസ്-എൻസിപി സഖ്യത്തിന് 22 സീറ്റ് ലഭിച്ചു. 2009ൽ കോൺഗ്രസ്-എൻസിപി സഖ്യത്തിന് 25 സീറ്റ് ലഭിച്ചപ്പോൾ ബിജെപി-സേന സഖ്യം 20 സീറ്റ് നേടി. മോദി തരംഗമുണ്ടായിരുന്ന കഴിഞ്ഞ തവണ ഒഴികെ 1999നു ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്-എൻസിപി കൂട്ടുകെട്ട് 20-25 സീറ്റ് നിലനിർത്തുന്നുണ്ട്.
ഇത്തവണ ബിജെപിയും സേനയും ചേർന്നു മൽസരിച്ചാലും കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുക എളുപ്പമല്ല. സഖ്യമായി മൽസരിച്ചാൽ 34 സീറ്റ് വരെ കിട്ടുമെന്നാണ് കഴിഞ്ഞ ദിവസം ബിജെപി നടത്തിയ സർവേയിലെ കണ്ടെത്തൽ. ഒറ്റയ്ക്കു മൽസരിച്ചാൽ 15-18 സീറ്റിലേക്കു ബിജെപി ഒതുങ്ങുമെന്നും സർവേ പറയുന്നു. എന്നാൽ ഇന്നലെ പുറത്തുവന്ന റിപ്പബ്ലിക് ചാനൽ – സിവോട്ടർ പ്രീപോൾ സർവേ കോൺഗ്രസ്– എൻസിപി സഖ്യത്തിനു 30 സീറ്റും ബിജെപി – സേന സഖ്യത്തിനു 18 സീറ്റുമാണു പ്രവചിക്കുന്നത്.