മുംബൈ ∙ മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നാൾ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നവരുടെ ഗണത്തിൽ രണ്ടാമനായി ദേവേന്ദ്ര ഫഡ്നാവിസ്. മുഖ്യമന്ത്രിക്കസേരയിൽ 1499 ദിവസം ഇന്നലെ ഫഡ്നാവിസ് പൂർത്തിയാക്കി. 1495 ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന വിലാസ് റാവു ദേശ്മുഖിന്റെ റെക്കോർഡാണു ഫഡ്നാവിസ് മറികടന്നിരിക്കുന്നത്.
1960 ൽ മഹാരാഷ്ട്ര രൂപീകരിച്ച ശേഷം വസന്ത് റാവു നായിക്കാണ് അഞ്ചുവർഷ കാലാവധി പൂർത്തിയാക്കിയ ഏക മുഖ്യമന്ത്രി. കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം 1963-1975 കാലയളവിൽ 4097 ദിവസം മുഖ്യമന്ത്രി പദത്തിലിരുന്നു. അഞ്ചുവർഷത്തെ കാലാവധി തികയ്ക്കാൻ മറ്റു വെല്ലുവിളികൾ ഒന്നുമില്ലാത്തതിനാൽ ഫഡ്നാവിസും വസന്ത് റാവു നായിക്കിന്റെ നേട്ടത്തിനൊപ്പം എത്തിയേക്കും.
മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മുഖ്യമന്ത്രിയുമാണ് ഫഡ്നാവിസ്. 44-ാം വയസ്സിലാണ് മുഖ്യമന്ത്രിയായത്. 37 വയസ്സിൽ മുഖ്യമന്ത്രി പദവിയിലെത്തിയ ശരദ് പവാറാണ് ഈ ഗണത്തിലെ ഒന്നാമൻ. 1995ൽ ശിവസേന-ബിജെപി സർക്കാർ മഹാരാഷ്ട്രയിൽ അധികാരമേറ്റപ്പോൾ ശിവസേനയുടെ മനോഹർ ജോഷിയായിരുന്നു മുഖ്യമന്ത്രി. തുടർന്ന് ഭൂമിവിവാദത്തിൽ ഉൾപെട്ടു രാജിവച്ചു. നാരായൺ റാണെ (അന്നു ശിവസേന) പകരക്കാനായി. തുടർന്ന് വിലാസ്റാവു ദേശ്മുഖ് മുഖ്യമന്ത്രിയായി. അതിനു പിന്നാലെ സുശീൽകുമാർ ഷിൻഡെ മുഖ്യമന്ത്രിയായെങ്കിലും ദേശ്മുഖ് വീണ്ടും അധികാരത്തിലെത്തി.
2008 മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേശ്മുഖ് രാജിവച്ചപ്പോൾ അശോക് ചവാൻ പകരമെത്തി. ആദർശ് കുംഭകോണത്തിൽ ആരോപണ വിധേയനായി അശോക് ചവാൻ പടിയിറങ്ങിയപ്പോൾ പൃഥ്വിരാജ് ചവാൻ മുഖ്യമന്ത്രിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-എൻസിപി സഖ്യം പരാജയപ്പെട്ടപ്പോൾ വൻഭൂരിപക്ഷം നേടിയ ബിജെപിയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ ആദ്യമായി രൂപീകരിച്ച സർക്കാരിന്റെ അമരത്താണ് ഫഡ്നാവിസ് ഇപ്പോഴുള്ളത്.
സംസ്ഥാനത്തു ബിജെപിയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുള്ള അപ്പോഴത്തെ പ്രതിപക്ഷ നേതാവ് ഏക്നാഥ് ഖഡ്സെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി സംസ്ഥാന നേതാക്കൾ കരുതിയിരിക്കെ, നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് അപ്രതീക്ഷിതമായി ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രി പദത്തിൽ അവരോധിക്കുകയായിരുന്നു.