Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിയോടു പ്രതികരിക്കാനില്ല; എല്ലാം ഹൈക്കോടതിയെ ബോധിപ്പിച്ചോളാം

മുഖദാവിൽ ∙ അനീഷ് നായർ
justice-raman ജസ്റ്റിസ് പി.ആർ. രാമൻ

ശബരിമലയിൽ യുവതീപ്രവേശശ്രമങ്ങൾ വീണ്ടും വിവാദം സൃഷ്ടിക്കുമ്പോൾ, ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയെ പഴിചാരുകയാണ് സംസ്ഥാന സർക്കാർ. യുവതികൾ എത്തിയതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളിൽ എന്തു ചെയ്യണം എന്ന കാര്യത്തിൽ സമിതി ഉത്തരവാദിത്തം കാട്ടിയില്ലെന്നും നിർദേശം നൽകിയില്ലെന്നുമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിമർശനം. ഈ പശ്ചാത്തലത്തിൽ നിരീക്ഷണ സമിതി അധ്യക്ഷനും ദേവസ്വം ഓംബുഡ്സ്മാനുമായ ജസ്റ്റിസ് പി.ആർ. രാമൻ പ്രതികരിക്കുന്നു

? ‘കക്കൂസിന്റെയും കുളിമുറിയുടെയും കണക്കെടുക്കാനല്ല നിരീക്ഷണസമിതി’ എന്നാണു ദേവസ്വം മന്ത്രി പറഞ്ഞത്

മന്ത്രിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനൊന്നും അതേ രീതിയിൽ പ്രതികരിക്കാനാവില്ല. കാര്യങ്ങൾ ഹൈക്കോടതിയെ ബോധിപ്പിക്കുകയാണ് ഞങ്ങളുടെ ചുമതല.

? മണ്ഡലകാലം സംഘർഷഭരിതമാക്കുന്ന തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവുമ്പോൾ സമിതിക്ക് ഇടപെടാവുന്നതല്ലേ?

ഞങ്ങൾ സന്നിധാനത്ത് ആദ്യം വിളിച്ചുചേർത്ത അവലോകനയോഗത്തിൽത്തന്നെ ക്രമസമാധാന കാര്യങ്ങളിൽ ഇടപെടില്ലെന്നു വ്യക്തമാക്കിയിരുന്നു. അതു സർക്കാരിന്റെ ചുമതലയാണ്. അനാവശ്യമായ എന്തെങ്കിലും നിയന്ത്രണങ്ങളുണ്ടെന്നു കണ്ടാൽ, അതൊഴിവാക്കാൻ മാത്രമേ സമിതി ഇടപെടാറുള്ളു. ഹൈക്കോടതിയിലെ കേസുമായി ബന്ധപ്പെട്ട് ശബരിമല യുവതീപ്രവേശ വിഷയത്തിൽ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ സീൽ ചെയ്ത കവറിലിട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. അതു തുറന്നുപോലും നോക്കാതെ തിരിച്ചുകൊടുക്കുകയാണു കോടതി ചെയ്തത്. ഹൈക്കോടതി പോലും സർക്കാരിന്റെ ആ ഉത്തരവാദിത്തത്തിൽ ഇടപെടാൻ തയാറാകാത്തപ്പോൾ, കോടതി നിയോഗിച്ച സമിതിക്ക് എങ്ങനെ ഇടപെടാനാവും.

? ഉന്നതതല സമിതിയിൽനിന്നു പ്രതിസന്ധിഘട്ടത്തിൽ സർക്കാർ ഉപദേശം പ്രതീക്ഷിക്കുന്നതു തെറ്റാണോ?

ഈ വിഷയത്തിൽ ആരും സമിതിയോട് ഉപദേശം തേടിയിട്ടില്ലല്ലോ. മൂന്നംഗ സമിതിയുടെ കോ ഓർഡിനേറ്റർ ശബരിമല സ്പെഷൽ കമ്മിഷണറായി നിയമിച്ചിട്ടുള്ള ജില്ലാ ജഡ്ജിയാണ്. സർക്കാരിന് ഏതെങ്കിലും കാര്യത്തിൽ ഉപദേശമോ നിർദേശമോ ആവശ്യമാണെങ്കിൽ അദ്ദേഹത്തോടു രേഖാമൂലം ചോദിച്ചാൽ അത് സമിതിയുടെ ശ്രദ്ധയിൽപെടുത്തും. ഞങ്ങളുടെ പരിധിയിൽ വരുന്ന കാര്യമാണെങ്കിൽ, പരിശോധിച്ചു മറുപടിയും നൽകും.

ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ മുഖ്യ പരിഗണന. അതിനായുള്ള നിർദേശങ്ങൾ യഥാസമയം നൽകുന്നുണ്ട്. പാലിച്ചില്ലെങ്കിൽ അതു ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്യും. ദേവസ്വം ബോർഡും സന്നിധാനത്തെ പൊലീസും നന്നായി സഹകരിക്കുന്നുണ്ട്.

? യുവതീപ്രവേശവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങൾ ഭക്തർക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ടല്ലോ?

കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങൾ അടുത്ത റിപ്പോർട്ടിൽ ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. ഭക്തർക്കും തീർഥാടനത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നതാവരുത് ഒരു നടപടിയും നിയന്ത്രണവും.

? ‘മണ്ഡലകാലം അവസാനിക്കുമ്പോൾ ശബരിമലയിലെ സൗകര്യങ്ങളിൽ സമിതിക്കു തൃപ്തിയുണ്ടോ?

സന്നിധാനത്ത് കുടിവെള്ളവും ശുചിമുറി സൗകര്യങ്ങളുമെല്ലാം ഇപ്പോൾ ആവശ്യത്തിനുണ്ട്. ചില സ്ഥലത്തെ പൊലീസ് ബാരിക്കേഡുകൾ ഉൾപ്പെടെ അനാവശ്യ നിയന്ത്രണങ്ങളും നീക്കി. പക്ഷേ, പ്രളയത്തിൽ തകർന്ന പമ്പയിൽ ശുചിമുറി സൗകര്യമടക്കം ഇനിയും വേണ്ടത്ര ലഭ്യമല്ല. 100 ബയോ ടോയ്‌ലറ്റുകൾ കൂടി ഒരുക്കാമെന്നു കലക്ടർ പറഞ്ഞിട്ടുണ്ട്.

നിലയ്ക്കലിൽ പാർക്കിങ് സൗകര്യം ഇനിയും വർധിപ്പിക്കണം. 400 വാഹനങ്ങൾക്കു കൂടിയുള്ള പാർക്കിങ് ദിവസങ്ങൾക്കുള്ളിൽ ഒരുങ്ങും. നിലയ്ക്കലിനും പമ്പയ്ക്കുമിടയിൽ ചാലക്കയത്തു കൂടി പാർക്കിങ് ഒരുക്കുന്നതു പരിഗണനയിലുണ്ട്.

മരക്കൂട്ടത്തുനിന്ന് രാത്രി 11നു ശേഷം ഭക്തരെ സന്നിധാനത്തേക്കു കടത്തിവിട്ടു തുടങ്ങിയതും പമ്പ-നിലയ്ക്കൽ റൂട്ടിൽ കെഎസ്ആർടിസി ബസിൽ കുട്ടികൾക്കും മുതിർന്നവരുടെ നിരക്ക് ഈടാക്കിയിരുന്നതു പകുതിയാക്കി കുറച്ചതും മടക്ക ടിക്കറ്റ് അടക്കം എടുക്കണമെന്നത് ഭക്തരുടെ സൗകര്യം പോലെയാക്കിയതും സമിതിയുടെ ഇടപെടലിലൂടെയാണ്.

? ശബരിമലയിലേക്കെത്തുന്ന ഭക്തരുടെ വാഹനങ്ങളെല്ലാം നിലയ്ക്കലിൽ തടയുമ്പോൾ തമിഴ്നാട്ടിൽനിന്നു യുവതികളുമായി എത്തിയ മനിതി സംഘത്തിന്റെ വാഹനം മാത്രം പമ്പയിലേക്കു കടത്തിവിട്ടതിനെ അവലോകന യോഗത്തിൽ വിമർശിച്ചിരുന്നല്ലോ?

അതു സുരക്ഷയുടെ ഭാഗമാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ മറുപടി. അക്കാര്യവും ഹൈക്കോടതിക്കു നൽകുന്ന റിപ്പോർട്ടിലുണ്ടാവും.