മൻമോഹൻ സിങ്ങിന്റെ രാഷ്ട്രീയജീവിതം പ്രമേയമായ സിനിമ, പ്രതീക്ഷിച്ച പോലെ കോൺഗ്രസും ബിജെപിയും തമ്മിലുള്ള വിവാദമായി മാറിക്കഴിഞ്ഞു. അനുപം ഖേർ, മൻമോഹൻ സിങ്ങായി വേഷമിടുന്ന ‘ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’ക്ക് കേന്ദ്ര സർക്കാർ ശക്തമായ പ്രചാരമാണു നൽകിയത്. സിങ്ങിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാതെ വിദൂരനിയന്ത്രിത ഭരണം നടത്തിയെന്നാരോപിച്ച് സോണിയ ഗാന്ധിയെയും മക്കളെയും ആക്രമിക്കാനാണു സിനിമയെ ബിജെപി ഉപയോഗിച്ചത്.
റിലീസിനു മുൻപേ ഒരു പ്രദർശനം നടത്താൻ നിർമാതാവിനുമേൽ സമ്മർദത്തിനു ചില കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചിരുന്നു. പക്ഷേ, സെൻസർഷിപ്പിനുള്ള അത്തരം ശ്രമങ്ങൾ സിനിമയ്ക്കു കൂടുതൽ പ്രചാരം ഉണ്ടാക്കിക്കൊടുക്കുമെന്നു കോൺഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞു. യുപിഎ ഭരണകാല അണിയറക്കഥകൾ എന്ന നിലയിൽ, മൻമോഹൻ സിങ്ങിന്റെ മാധ്യമ ഉപദേശകനായിരുന്ന സഞ്ജയ് ബാരു എഴുതിയ പുസ്തകമാണു സിനിമയ്ക്ക് ആധാരമായത്. പുസ്തകത്തിൽ സോണിയ ഗാന്ധിയെ ഗ്രന്ഥകർത്താവ് കുറ്റപ്പെടുത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാകാൻ മോഹിച്ചിട്ടു നടക്കാതെ പോയതിന്റെ നൈരാശ്യത്തിൽനിന്നാണ് ബാരു പുസ്തകമെഴുതിയതെന്നാണു കോൺഗ്രസ് അനുകൂലികൾ വാദിക്കുന്നത്. സിനിമയിൽ ബാരുവിന്റെ വേഷത്തിലെത്തിയത് അക്ഷയ് ഖന്ന.
രാജ്യത്ത് രാഷ്ട്രീയ ജീവചരിത്ര സിനിമകളുടെ കാലമാണിത്. ബാൽ താക്കറെയുടെ ജീവിതകഥയായ ‘താക്കറെ’ എന്ന സിനിമയുടെ ട്രെയിലർ ശിവസേന പുറത്തിറക്കിക്കഴിഞ്ഞു. ശിവസേനയുടെ സ്ഥാപകനായ ബാൽ താക്കറെ, ദശകങ്ങളോളം മുംബൈ രാഷ്ട്രീയത്തിലും അവിടത്തെ ദൈനംദിന ജീവിതത്തിലും ആധിപത്യമുണ്ടായിരുന്ന നേതാവാണ്. പാർലമെന്റിൽ ശിവസേനാ നേതാവായ സഞ്ജയ് റൗത്താണു സിനിമയുടെ നിർമാതാവ്. തിരക്കഥയ്ക്ക് താക്കറെയുടെ മകനും നിലവിൽ സേനയുടെ പ്രസിഡന്റുമായ ഉദ്ധവ് താക്കറെ അനുമതി നൽകിയതാണ്.
കൗതുകകരമായ ഒരു സംഗതി, മുംബൈയിലെ ദക്ഷിണേന്ത്യക്കാർക്കും മുസ്‍ലിംകൾക്കും ഹിന്ദിക്കാരായ കുടിയേറ്റ തൊഴിലാളികൾക്കും എതിരായ നിലപാടു സ്വീകരിച്ചിരുന്ന താക്കറെയെ സിനിമയിൽ സാക്ഷാത്കരിക്കുന്നതു നവാസുദ്ദീൻ സിദ്ധിഖിയാണ്. അദ്ദേഹമാകട്ടെ, യുപിയിൽ നിന്നു മുംബൈയിലേക്കു കുടിയേറിയ നടനും. സിനിമയിൽ താക്കറെ നടത്തുന്ന പ്രകോപനപരമായ ചില സംഭാഷണങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
അതിനിടെ, തന്റെ ജീവിതകഥ സിനിമയാക്കാൻ സംവിധായകൻ ഒമുങ് കുമാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകി. (ഒമുങ് കുമാറാണ് ബോക്സിങ് താരം മേരി കോമിന്റെ കഥ അതേ പേരിൽ സിനിമയാക്കിയത്) മോദിയുടെ വിശ്വസ്തരാണു തിരക്കഥ മുഴുവനും പരിശോധിച്ചത്. മോദിയുടെ അനുയായിയും ഹിന്ദി നടനുമായ വിവേക് ഒബ്‌റോയിയാണ് പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുക. ഈ സിനിമയ്ക്കുവേണ്ടി വിവേക് ഒബ്‌റോയ്, തന്റെ യഥാർഥ പേരായ ‘വിവേകാനന്ദ് ഒബ്‌റോയി’യിലേക്കു മാറിയിട്ടുണ്ട്. സ്വാമി വിവേകാനന്ദനെ ഓർമിപ്പിക്കുന്ന പേര് ചെറുതാക്കാതെ പൂർണരൂപത്തിൽ വേണമെന്നു മോദിയുടെ വിശ്വസ്തർക്കു തോന്നിയത്രേ. നരേന്ദ്ര മോദിയുടെ വലിയ പ്രചോദനമാണു സ്വാമി വിവേകാനന്ദൻ. പൊതുതിരഞ്ഞെടുപ്പിനു മുൻപ് ജനുവരിയിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഇപ്പോൾ അത് ഒക്ടോബറിലേക്കു നീട്ടിയിട്ടുണ്ട്. മോദിയെക്കുറിച്ച് ഒരു സിനിമകൂടി ഒരുങ്ങുന്നുണ്ട്. പാക്കിസ്ഥാനു മിന്നലാക്രമണത്തിലൂടെ ഇന്ത്യ നൽകിയ ധീരമായ തിരിച്ചടിയിൽ മോദി വഹിച്ച പങ്കാണ് ഇതിവൃത്തം.
സിനിമാതാരം കൂടിയായിരുന്ന ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി എൻ.ടി.രാമറാവുവിന്റെ ജീവിതകഥ ‘ലക്ഷ്മിയുടെ എൻടിആർ’ സംവിധാനം ചെയ്തിരിക്കുന്നത് രാം ഗോപാൽ വർമയാണ്. ഇതിലെ ഒരു ഗാനം ഇപ്പോഴത്തെ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിനെ വിമർശിക്കുന്നതാണ്. ലക്ഷ്മിപാർവതിയെ വിവാഹം ചെയ്തതിൽ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ എൻടിആറിനെ അധികാരഭ്രഷ്ടനാക്കുകയായിരുന്നു. രാഷ്ട്രീയക്കാരും അവരുടെ വിശ്വസ്തരും മാധ്യമപ്രവർത്തകരും കൂടുതൽ കൂടുതൽ പുസ്തകങ്ങൾ എഴുതുന്നതോടെ, സിനിമയിൽ ജീവചരിത്രാഖ്യാന സംരംഭങ്ങൾ ഇനിയും വ്യാപകമാകുമെന്നു വേണം കരുതാൻ.