വികസനജ്വാലയുടെ സമർപ്പണം
ഇന്ത്യയുടെ പ്രകൃതിവാതക (എൽഎൻജി) പൈപ്‌ലൈൻ ശൃംഖലയിൽ കൊച്ചി – കൂറ്റനാട് – മംഗളൂരു പൈപ്‌ലൈൻ കമ്മിഷനിങ്ങിലൂടെ കേരളം ഇന്ന് ഔദ്യോഗികമായി ഇടം പിടിക്കുകയാണ്. കേരളത്തിലെ വ്യവസായ – ഗാർഹിക മേഖലകളിൽ ഇന്ധന വിപ്ലവം | LNG Pipeline Project | Manorama News
ഇന്ത്യയുടെ പ്രകൃതിവാതക (എൽഎൻജി) പൈപ്‌ലൈൻ ശൃംഖലയിൽ കൊച്ചി – കൂറ്റനാട് – മംഗളൂരു പൈപ്‌ലൈൻ കമ്മിഷനിങ്ങിലൂടെ കേരളം ഇന്ന് ഔദ്യോഗികമായി ഇടം പിടിക്കുകയാണ്. കേരളത്തിലെ വ്യവസായ – ഗാർഹിക മേഖലകളിൽ ഇന്ധന വിപ്ലവം | LNG Pipeline Project | Manorama News
ഇന്ത്യയുടെ പ്രകൃതിവാതക (എൽഎൻജി) പൈപ്‌ലൈൻ ശൃംഖലയിൽ കൊച്ചി – കൂറ്റനാട് – മംഗളൂരു പൈപ്‌ലൈൻ കമ്മിഷനിങ്ങിലൂടെ കേരളം ഇന്ന് ഔദ്യോഗികമായി ഇടം പിടിക്കുകയാണ്. കേരളത്തിലെ വ്യവസായ – ഗാർഹിക മേഖലകളിൽ ഇന്ധന വിപ്ലവം | LNG Pipeline Project | Manorama News
ഇന്ത്യയുടെ പ്രകൃതിവാതക (എൽഎൻജി) പൈപ്‌ലൈൻ ശൃംഖലയിൽ കൊച്ചി – കൂറ്റനാട് – മംഗളൂരു പൈപ്‌ലൈൻ കമ്മിഷനിങ്ങിലൂടെ കേരളം ഇന്ന് ഔദ്യോഗികമായി ഇടം പിടിക്കുകയാണ്. കേരളത്തിലെ വ്യവസായ – ഗാർഹിക മേഖലകളിൽ ഇന്ധന വിപ്ലവം സൃഷ്ടിക്കാൻ ശേഷിയുള്ളതാണ് 7 ജില്ലകളിലൂടെ കടന്നുപോകുന്ന പൈപ്‌ലൈൻ.
പദ്ധതിയുടെ ഔദ്യോഗിക കമ്മിഷനിങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നാണു നിർവഹിക്കുന്നതെങ്കിലും ആദ്യ ഗുണഫലങ്ങൾ വർഷങ്ങൾക്കുമുൻപേ കേരളത്തിനു ലഭിച്ചുതുടങ്ങിയിരുന്നു. കൊച്ചി മേഖലയിൽ വ്യവസായങ്ങൾക്ക് 2014 മുതലും പരിമിതമായ തോതിലാണെങ്കിലും പൈപ്പുകളിലൂടെയെത്തുന്ന പാചക വാതകമായും (പിഎൻജി), വാഹന ഇന്ധനമായും (സിഎൻജി) 2016 മുതലും പ്രകൃതിവാതകം ലഭിക്കുന്നുണ്ട്.
ചെലവു കുറഞ്ഞ, അപകട സാധ്യത തീർത്തും കുറഞ്ഞ, പരിസ്ഥിതി സൗഹൃദ ഇന്ധനമെന്ന വിശേഷണമുള്ള എൽഎൻജി കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വ്യവസായങ്ങൾക്കും വീടുകൾക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒന്നര ദശാബ്ദം മുൻപു പദ്ധതി ആവിഷ്കരിച്ചത്. കൊച്ചി പുതുവൈപ്പിൽ എൽഎൻജി ടെർമിനൽ നിർമാണവും ടെർമിനലിൽനിന്ന് കൊച്ചി വ്യവസായ മേഖലയിലേക്കുള്ള പൈപ്പിടലും 2010ൽ ആരംഭിച്ചു. ടെർമിനൽ 2014 ജനുവരിയിൽ കമ്മിഷൻ ചെയ്തു. ടെർമിനൽ നിർമാണച്ചെലവ് 4,200 കോടി രൂപയും പൈപ്‌ലൈൻ ചെലവ് 3,300 കോടി രൂപയും. ഈ വികസനപദ്ധതിയിൽനിന്ന് ഇനിയെങ്കിലും പ്രയോജനം നേടിയില്ലെങ്കിൽ നാം നഷ്ടപ്പെടുത്തുന്നത് ഒന്നും രണ്ടുമല്ല, 7500 കോടി രൂപയുടെ ഭീമമായ മുതൽമുടക്കായിരിക്കും.
ബിപിസിഎൽ കൊച്ചി റിഫൈനറിയും ഫാക്ടും ഉൾപ്പെടെ ഏതാനും വ്യവസായ ശാലകളാണ് ആദ്യം വാതകം സ്വീകരിച്ചത്. വിലകൂടിയ ഇന്ധനമായ നാഫ്തയുടെ ഉപയോഗം മൂലം സാമ്പത്തിക തകർച്ചയിലേക്കു നീങ്ങിയ ഫാക്ടിന് എൽഎൻജി മെല്ലെയെങ്കിലും ആശ്വാസ വാതകമായി മാറി. പ്രവർത്തനച്ചെലവു കുറയ്ക്കാനും 20 – 25 ശതമാനം ഉൽപാദന വളർച്ച കൈവരിക്കാനും ഫാക്ടിനു കഴിഞ്ഞതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് എൽഎൻജിയിലേക്കുള്ള മാറ്റമായിരുന്നു. കാർബൺ നിർഗമനം 20% കുറയ്ക്കാനായതും മറ്റൊരു നേട്ടം. ബിപിസിഎല്ലിനും എൽഎൻജി ലാഭം സമ്മാനിച്ചു.
പക്ഷേ, കൊച്ചിയിൽ നിന്നു കേരളത്തിലെ വിവിധ ജില്ലകളിലൂടെ കർണാടകയിലെ മംഗളൂരുവിലേക്കു വാതകം എത്തിക്കുന്നതിനുള്ള പൈപ്‌ലൈൻ സ്ഥാപിക്കൽ അങ്ങേയറ്റം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. പ്രശ്നങ്ങൾ വഴിമുടക്കിയപ്പോൾ പൈപ്പിടൽ സ്തംഭിച്ചു. 2016 ലാണു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശക്തമായ പിന്തുണയോടെ ജോലികൾ പുനരാരംഭിക്കാനായത്. പദ്ധതി നടപ്പാക്കിയ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ൽ) ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം കഠിനാധ്വാനത്തിന്റെ 10 വർഷങ്ങളാണു പിന്നിടുന്നത്. എതിർപ്പുകളും മഴക്കെടുതികളും 2018 ലെ മഹാപ്രളയവുമൊക്കെ അതിജീവിച്ചു പൈപ്പിടൽ പൂർത്തിയാക്കിയ അവർ കഴിഞ്ഞ നവംബർ രണ്ടാംവാരം വാതകം മംഗളൂരുവിലെത്തിച്ചു ചരിത്രം കുറിച്ചു.
പക്ഷേ, വാതക വിപ്ലവമെന്ന പ്രയോഗം തേഞ്ഞുമാഞ്ഞു പോകാതിരിക്കണമെങ്കിൽ ഇനിയെങ്കിലും കേരളം ഉണർന്നു പ്രവർത്തിക്കണം. വ്യവസായ മേഖല എൽഎൻജിയുടെ നേട്ടമെടുക്കാൻ മുൻകയ്യെടുക്കുകയും വേണം. ജനങ്ങളെ നേരിട്ട് എൽഎൻജിയുമായി ബന്ധിപ്പിക്കുന്നതു സിറ്റി ഗ്യാസ് പദ്ധതിയാണ്. പൈപ്പിലൂടെ അടുക്കളകളിലെത്തുന്ന പിഎൻജി 24 മണിക്കൂറും ലഭ്യമാണ്. നിലവിലെ എൽപിജി സിലിണ്ടറുകളേക്കാൾ ചെലവും കുറവ്. സിഎൻജിക്കാകട്ടെ, പെട്രോൾ – ഡീസൽ ഇന്ധനങ്ങളെക്കാൾ ചെലവു കുറവാണ്. 25 – 30 % അധിക മൈലേജാണു മറ്റൊരു സവിശേഷത.
കേരളം ഇനി ആഞ്ഞുപിടിക്കേണ്ടതു സിറ്റി ഗ്യാസ് പദ്ധതി അതിവേഗം കേരളത്തിലുടനീളം വ്യാപിപ്പിക്കുന്നതിനാണ്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അനുമതികൾ വൈകിയതാണു പലയിടത്തും പദ്ധതി ഇഴഞ്ഞതിനു കാരണമെന്നതിനാൽ സർക്കാരിന്റെ തുടർച്ചയായ ഇടപെടൽ അത്യാവശ്യം തന്നെ. എൽഎൻജി പൈപ്‌ലൈൻ കൊളുത്തിയ വികസന ജ്വാല കേരളം മുഴുവൻ വ്യാപിപ്പിക്കുകയെന്ന വലിയ ദൗത്യമാണു സർക്കാരിനും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും വ്യവസായ മേഖലയ്ക്കും മുന്നിലുള്ളത്.
English Summary: LNG pipeline project inauguration - editorial