കാസർകോട്ടെ എൻഡോസൾഫാൻ ദുരിതം 4 പതിറ്റാണ്ടു പിന്നിടുന്നു. ദുരിതപ്പെയ്ത്തിന്റെ ആദ്യനാളുകളിൽ ജനിച്ചവർക്ക് ഇപ്പോൾ 40 വയസ്സു കടന്നിരിക്കുന്നു. അവരിൽ ചില മക്കളെത്തേടി കാസർകോടിന്റെ മണ്ണിലൂടെ സഞ്ചരിച്ച ഗോപിനാഥ് മുതുകാട് എഴുതുന്നു

കാസർകോട്ടെ എൻഡോസൾഫാൻ ദുരിതം 4 പതിറ്റാണ്ടു പിന്നിടുന്നു. ദുരിതപ്പെയ്ത്തിന്റെ ആദ്യനാളുകളിൽ ജനിച്ചവർക്ക് ഇപ്പോൾ 40 വയസ്സു കടന്നിരിക്കുന്നു. അവരിൽ ചില മക്കളെത്തേടി കാസർകോടിന്റെ മണ്ണിലൂടെ സഞ്ചരിച്ച ഗോപിനാഥ് മുതുകാട് എഴുതുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്ടെ എൻഡോസൾഫാൻ ദുരിതം 4 പതിറ്റാണ്ടു പിന്നിടുന്നു. ദുരിതപ്പെയ്ത്തിന്റെ ആദ്യനാളുകളിൽ ജനിച്ചവർക്ക് ഇപ്പോൾ 40 വയസ്സു കടന്നിരിക്കുന്നു. അവരിൽ ചില മക്കളെത്തേടി കാസർകോടിന്റെ മണ്ണിലൂടെ സഞ്ചരിച്ച ഗോപിനാഥ് മുതുകാട് എഴുതുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഉദ്ദേശ്കുമാർ ഉറങ്ങുകയാണ്’’ – അവന്റെ അമ്മ പറഞ്ഞു. കട്ടിലിനു കൊതുകുവലയുണ്ട്. അകത്താരെയും കാണാനില്ല. സൂക്ഷിച്ചു നോക്കിയപ്പോൾ ഉള്ളിലൊരു കുട്ടി പുതച്ചുകിടക്കുന്നു. കൊച്ചുകുഞ്ഞിന്റെ മുഖം. ഒന്നര വയസ്സിന്റെ വലുപ്പം. 9 കിലോഗ്രാം തൂക്കം. അമ്മ വിളിച്ചിട്ടും എഴുന്നേൽക്കാതെ കൊച്ചുകുട്ടിയെപ്പോലെ ഉറങ്ങുകയാണ്. ഉദ്ദേശ്കുമാർ ‘കുഞ്ഞാ’ണ്. 32 വയസ്സുള്ള കുഞ്ഞ്!

കാസർകോട് കാഞ്ഞങ്ങാട് മേഖലയിൽ എൻഡോസൾഫാൻ ദുരിതപ്പെയ്ത്തിൽ വളർച്ച നിലച്ചുപോയ മക്കൾ എത്രയോ പേർ. കൈവളരുന്നുണ്ടോ കാൽ വളരുന്നുണ്ടോ എന്നു നോക്കി കുട്ടികളെ വളർത്തുന്ന, കുട്ടികൾക്കു വേണ്ടി മത്സരിക്കുന്ന എല്ലാ മാതാപിതാക്കളെയും സ്വന്തം ജീവിതത്തിലെ സൗഭാഗ്യങ്ങളെക്കുറിച്ച് ഓർമിപ്പിക്കാൻ ജനിച്ചവർ.

ADVERTISEMENT

‘‘അവനെ ഇപ്പോഴും കുട്ടികളുടെ ഡോക്ടറാണു നോക്കുന്നത്. സർക്കാർ ആശുപത്രിയിലെ...’’ – അമ്മ ശാരദയുടെ വാക്കുകൾ ഇടറി മുറിഞ്ഞു. 32 വർഷമായിട്ടും മകനെ കൈക്കുഞ്ഞിനെപ്പോലെ വളർത്താൻ വിധിക്കപ്പെട്ട അമ്മ കൊതുകുവല നീക്കി, പുതപ്പിച്ചിരുന്ന തുണി മാറ്റി തിരിച്ചുകിടത്തി. ശോഷിച്ചുപോയ കാലുകൾ നിവർത്താനാകാത്തവിധം മടങ്ങി നെഞ്ചോടു ചേർന്ന്...
അമ്മ പറഞ്ഞുകൊണ്ടേയിരുന്നു: ‘‘എഴുന്നേറ്റാൽ അവന് ആകെ അസ്വസ്ഥതയാണ്. എന്റെ ശബ്ദം കേട്ടാൽ പിന്നെ എപ്പോഴും ഞാൻ അടുത്തു വേണം. എന്നെ കണ്ടുകൊണ്ടേയിരിക്കണം. 32 വർഷമായി ഞാൻ എങ്ങോട്ടും പോകാറില്ല.’’
അവനെ എഴുന്നേൽപിക്കേണ്ട എന്നു ഞാൻ പറഞ്ഞു.

ഇതു വായിക്കുന്ന അമ്മമാരോടും കുട്ടികളോടുമാണ് എനിക്കു പറയാനുള്ളത്. നിങ്ങൾ കാണാത്ത ഒത്തിരി അമ്മമാരുണ്ട് ഈ ലോകത്ത്; പുറംലോകം കാണാത്ത മക്കളും. ഇടയ്ക്കെങ്കിലും നമ്മൾ അവരെക്കുറിച്ച് ഓർക്കണം. ഉദ്ദേശിന് മാസം 4500 രൂപയുടെ മരുന്നു വേണം. ദേശീയ ആരോഗ്യദൗത്യം പദ്ധതിയിലൂടെ (എൻഎച്ച്എം) ലഭിച്ചിരുന്ന ധനസഹായവും മരുന്നുമൊന്നും ഇപ്പോൾ കിട്ടാറില്ല. അവന്റെ കട്ടിലിനു ചുറ്റും വിരിച്ചിരിക്കുന്ന വലയിൽ കുടുങ്ങിക്കിടക്കുകയാണ് അമ്മ ശാരദയുടെ ജീവിതം.

അണങ്കൂർ പ്രീമെട്രിക് ഹോസ്റ്റൽ റോഡിൽ, ആ പഴയ ഓടിട്ട വീട്ടിൽനിന്നു നൊമ്പരത്തോടെ ഞങ്ങളിറങ്ങുമ്പോൾ വരാന്തയിൽ കൊച്ചു കിളിക്കൂട്. അവന്റെ കൊതുകുവലക്കൂട് പോലൊന്ന്. ആ കൂട്ടിനുള്ളിൽ 2 കൊച്ചുതത്തകൾ. ഈ വേദനകൾക്കും പ്രാരാബ്ധങ്ങൾക്കുമിടയിലും അവർ 2 തത്തകളെ പോറ്റിവളർത്തുന്നു. നമ്മൾ ഇവരിൽനിന്ന് ഇനിയും ഒത്തിരി പഠിക്കാനുണ്ട്.

ആ മായാജാലക്കാരൻ എവിടെ

ADVERTISEMENT

കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ ജീവിതം തുറന്നുകാട്ടി മനോരമ എട്ടുവർഷം മുൻപു പ്രസിദ്ധീകരിച്ച പരമ്പരയ്ക്ക് ഒരു തുടർച്ചയുണ്ടായി. ‘ഈ പൂക്കളും വിരിയട്ടെ’ എന്നതു വലിയ ക്യാംപെയ്നായി മാറി. രാജ്യാന്തര നിലവാരത്തോടെ പെരിയ ബഡ്സ് സ്കൂളിനെ മാറ്റിയെടുത്തു മാതൃക കാട്ടാൻ അന്നു മനോരമ ധനസമാഹരണ പരിപാടി നടത്തി. അതിന്റെ ഭാഗമായി കാസർകോട് ടൗൺഹാളിൽ മാജിക് അവതരിപ്പിക്കാനെത്തിയതായിരുന്നു ഞാൻ. വേദിയിൽനിന്നു ഞാൻ കണ്ടത് എൻഡോസൾഫാൻ ഇരയായ ഒരു ഭിന്നശേഷിക്കുട്ടിക്ക് അമ്മ ഭക്ഷണം ചവച്ചു വായിൽ വച്ചു നൽകുന്ന കാഴ്ചയാണ്. സ്വയം ഭക്ഷണം ചവയ്ക്കാൻ അറിയാത്തൊരു കുഞ്ഞിന്റെ വിശപ്പകറ്റാൻ ആ പാവം അമ്മ കണ്ടെത്തിയ വഴി!

കണ്ണുനിറഞ്ഞ്, കാഴ്ച മറഞ്ഞാണു ഞാൻ ആ വേദിയിൽ നിന്നത്. ഏഴാം വയസ്സിൽ ആരംഭിച്ച്, 45 വർഷം, 54 രാജ്യങ്ങളിൽ മാജിക് അവതരിപ്പിച്ച എന്റെ ജീവിതം ഒന്നുമല്ലല്ലോ എന്നു തോന്നി. അന്ന്, ആ നിമിഷം എന്റെ ജീവിതത്തിൽനിന്നു പ്രഫഷനൽ മാജിക് ‘അപ്രത്യക്ഷമായി’. പകരം ഇത്തരം കുഞ്ഞുങ്ങളിലും അമ്മമാരിലും പുഞ്ചിരി വിരിയിക്കാൻ ജീവിതം മാറ്റിവച്ചു. നല്ല ‘മജിഷ്യൻ’ ആകുക എന്ന ലക്ഷ്യം മാറി, നല്ല ‘മനുഷ്യൻ’ ആകുക എന്നായി!

പിന്നീടിങ്ങോട്ട് ഇത്തരം നൂറുകണക്കിനു കുട്ടികളെയും അമ്മമാരെയും കാണുന്നു. അവരിൽ ചിലരുടെയെങ്കിലും ജീവിതം മാറ്റിമറിക്കാൻ കഴിയുന്നു. ആയിരം മായാജാലവേദികളിലെ കയ്യടിയിൽനിന്നു കിട്ടാത്തത്ര സംതൃപ്തിയിലേക്ക് എന്റെ ജീവിതം മാറ്റിവിട്ട ആ മായാജാലക്കാരൻ ആരാണ്?

ഒരു വീട്, നാലുപേർ!

ADVERTISEMENT

കാസർകോട് എടനീർ മഠത്തിനു സമീപമുള്ള വീടിന് അടുത്തെത്തിയപ്പോൾ അബ്ദുൽ ഖാദർ കാത്തുനിൽക്കുന്നു. 30 വയസ്സുള്ള ഭിന്നശേഷിക്കാരൻ. അവൻ ഞങ്ങളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. പ്രായാധിക്യമുള്ള ഉപ്പയ്ക്ക് ഉമ്മ കഞ്ഞി കോരിക്കൊടുക്കുന്നുണ്ട് ഒരു മുറിയിൽ. അബ്ദുൽ ഖാദറിനടക്കം കസേരകളെടുത്തിട്ടു. അതിൽ ഒന്നിൽ അവനിരുന്നു. പിന്നെയും 3 കസേരകൾ. അതിലേക്ക് അവർ ഓരോരുത്തരായി വന്നിരുന്നു. ഹമീദ്, റഹ്മാൻ, കബീർ. എല്ലാം ഒരേ വീട്ടിലെ എൻഡോസൾഫാൻ ഇരകൾ. ബൗദ്ധികഭിന്നശേഷിക്കാർ.

ഒന്നിനുപിറകെ ഒന്നായി പെറ്റിട്ട നാലുകുഞ്ഞുങ്ങളും ദുരിതബാധിതരാണെന്നു തിരിച്ചറിഞ്ഞ, ആ കാലത്തെ ആ ഉമ്മ എങ്ങനെ അതിജീവിച്ചിട്ടുണ്ടാകുമെന്ന് കണ്ണീരു വറ്റിപ്പോയ ആ കണ്ണിലേക്കു നോക്കി ഞാൻ ആലോചിച്ചു. അപ്പോഴാണു സഹോദരി ഫാത്തിമയുടെ വാക്കുകൾ ഞെട്ടലോടെ ഞാൻ കേട്ടത്. ‘‘വേറെയും രണ്ട് ആൺകുട്ടികളെ ഉമ്മ പ്രസവിച്ചിരുന്നു. മരിച്ചുപോയി; ഒരാൾ പത്താം മാസത്തിലും ഒരാൾ മൂന്നാം വയസ്സിലും. അവർക്കും ഇതുതന്നെയായിരുന്നു പ്രശ്നം’’.

ആറുമക്കൾ എൻഡോസൾഫാൻ ഇരകളായൊരു വീട്! മറ്റൊരു തരത്തിൽ ചിന്തിച്ചാൽ ഉപ്പയും ഉമ്മയും സഹോദരിമാരുമടക്കം എല്ലാവരും ഇരകളല്ലേയെന്നു തോന്നി. നാലുപേരെയും വയസ്സായ ഉപ്പയെയും ഉമ്മയെയും നോക്കാനായി സ്വന്തം ജീവിതം വേണ്ടെന്നു വച്ചവളാണ് ഫാത്തിമ. മറ്റൊരു മകൾ ഖദീജയും വീട്ടിലുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതർക്കു ലഭിച്ച സഹായധനം കൊണ്ടും പിന്നെ വായ്പയെടുത്ത തുക കൊണ്ടും നിർമിച്ച വീട്, അംഗപരിമിത പെൻഷൻ പോലുള്ള ചെറിയ സഹായങ്ങൾ, ബോവിക്കാനം തണൽ ബഡ്സ് സ്കൂളിൽ രണ്ടുപേർക്കെങ്കിലും പോകാൻ കഴിയുന്നു.

കബീർ ബഡ്സ് സ്കൂളിൽ വച്ചു വരച്ച ചിത്രങ്ങൾ കൊണ്ടുവന്ന് എന്നെ കാണിച്ചു. മരങ്ങളും മലയും സൂര്യനുമൊക്കെ അവന്റേതായ രൂപത്തിൽ വരച്ചിരിക്കുന്നു. അവരുടെ ലോകം! അത് ആ വീട്ടിൽ വിരിയിക്കുന്ന ചെറുപുഞ്ചിരികൾ. മൂന്നു പതിറ്റാണ്ടുകൊണ്ട് ആ ജീവിതത്തോടു പൊരുത്തപ്പെട്ടു. ഇങ്ങനൊരു ദുരിതം ജീവിതത്തിൽ ഇല്ലെന്നു തോന്നിപ്പിക്കും വിധം അവർ പെരുമാറുന്നു. ഉള്ളതിനെ ഇല്ലാതാക്കുകയും ഇല്ലാത്തതിനെ കാണിക്കുകയും ചെയ്യുന്ന ഇല്യൂഷൻ – അതാണ് മാജിക്കിന്റെ അടിസ്ഥാന തത്വം.

അങ്ങനെയെങ്കിൽ അവരും മായാജാലക്കാരല്ലേ?

കാസർകോട് എടനീർ മഠത്തിനു സമീപത്തെ വീട്ടിൽ എൻഡോസൾഫാൻ ദുരിതം ബാധിച്ച സഹോദരങ്ങളായ ഹമീദ്, കബീർ, റഹ്മാൻ, അബ്ദുൽ ഖാദർ എന്നിവരോടൊപ്പം ഗോപിനാഥ് മുതുകാട്. സഹോദരി ഫാത്തിമ സമീപം.

എൻഡോസൾഫാൻ ദുരിതം ഇങ്ങനെ

1976: കാസർകോട് ജില്ലയിലെ മലയോരത്തെ കശുമാവ് പ്ലാന്റേഷനുകൾക്കു മീതെ ഹെലികോപ്റ്ററിൽ എൻഡോസൾഫാൻ കീടനാശിനി (വിളവു നശിപ്പിക്കുന്ന കൊതുകിനെ കൊല്ലാനുള്ള മരുന്ന്) തളിച്ചുതുടങ്ങി. 11 പഞ്ചായത്തുകളിലായി 4696 ഏക്കറിൽ വിഷമഴ പെയ്തു. പരിസരത്തെ കിണറുകളിലും വീടുകളിലും എൻഡോസൾഫാൻ പടർന്നു.

1982: അഞ്ചുകാലുകളുമായി പശുക്കുട്ടി പിറന്നു. പിന്നീട് കാസർകോട്ടെ അമ്മമാർ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ പ്രസവിക്കാൻ തുടങ്ങി. രക്തത്തിലും മുലപ്പാലിലും വരെ എൻഡോസൾഫാൻ വില്ലനായി.

2001: എൻഡോസൾഫാൻ മരുന്നു തളിക്കൽ നിരോധിച്ചു. എന്നാൽ, ദുരിതബാധിതരായ കുട്ടികൾ പിറന്നിട്ടും അത്ര കാലം വിഷമഴ തുടരാൻ അനുവദിച്ചു എന്നതു ഞെട്ടിപ്പിക്കുന്ന സത്യം.

2023: ബൗദ്ധികഭിന്നശേഷിയും മറ്റുമായി പിറന്ന തലമുറയ്ക്ക് 40 വയസ്സ്. ഇക്കാലയളവിൽ സന്നദ്ധപ്രവർത്തകരും മാധ്യമങ്ങളും നടത്തിയ ഇടപെടലിലൂടെ കോടതികളുടെ അനുകൂലവിധികളെത്തി. ബഡ്സ് സ്കൂളുകൾ പിറന്നു. പക്ഷേ, ഇപ്പോഴും വീടിനുള്ളിൽ തടവിലുണ്ട് എത്രയോ കുടുംബങ്ങൾ.

നാളെ: അമ്മാരുടെ, തടവിലാക്കപ്പെട്ട ജീവിതം

English Summary: Writeup about Endosulfan victims