തൃശൂർ∙ വേഗം പോരാത്ത സർക്കാർ പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കാൻ സിപിഎം. ലൈഫ് ഭവനപദ്ധതി, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ആർദ്രം തുടങ്ങിയ പദ്ധതികൾ പാർട്ടി മുൻകയ്യെടുത്തു നടപ്പാക്കാനാണു തീരുമാനം. സർക്കാരിന്റെ മുഖമുദ്രയായി പ്രഖ്യാപിച്ച പദ്ധതികളുടെ പ്രവർത്തനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം.
∙ ലൈഫ് ഭവനപദ്ധതി വിജയിപ്പിക്കാൻ പാർട്ടി 2000 വീടുകൾ നിർമിക്കും. ഓരോ ലോക്കൽ കമ്മിറ്റിയും ഒരു വർഷംകൊണ്ട് ഒരു വീടു നിർമിച്ചുനൽകണം
∙ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി 2000 കുളങ്ങളും തോടുകളും നവീകരിക്കും. ഒരു ലോക്കൽ കമ്മിറ്റി ഒരു കുളമോ തോടോ ഏറ്റെടുക്കണം. ഒരു ജില്ലയിൽ ഒരു പുഴ ഏറ്റെടുത്തു മാലിന്യമുക്തമാക്കും. ജൈവകൃഷി വ്യാപനത്തിനു പദ്ധതികൾ തയാറാക്കാനും നിർദേശം
∙ ഓരോ ലോക്കൽ കമ്മിറ്റിയും ഒരു സർക്കാർ സ്കൂൾ വീതം ഏറ്റെടുത്തു മികവിന്റെ കേന്ദ്രമാക്കണം
∙ ഓരോ ഏരിയ കമ്മിറ്റിയും ഒരു സർക്കാർ ആശുപത്രിയുടെ വികസനം ഏറ്റെടുത്തു നടപ്പാക്കണം
∙ 2000 സാന്ത്വനപരിചരണ കേന്ദ്രങ്ങൾ തുറക്കും. കിടപ്പുരോഗികളെ വീട്ടിലെത്തി പരിചരിക്കാൻ ഒരു ലോക്കൽ കമ്മിറ്റിക്കു കീഴിൽ 10 വൊളന്റിയർമാർക്കു പരിശീലനം നൽകണം
∙ യുവജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ മൽസരപരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി എല്ലാ ജില്ലയിലും പരിശീലന കേന്ദ്രങ്ങൾ.
∙ ആറു മാസത്തിലൊരിക്കൽ ഗൃഹസന്ദർശന പരിപാടികൾ. പട്ടികജാതി, വർഗ കോളനികളും ഫ്ലാറ്റുകളും സന്ദർശിക്കാൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കും.
∙ ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കണം. അവർക്കായി പദ്ധതികൾ തയാറാക്കണം.