തൃശൂർ∙ നേതൃത്വത്തിന്റെ പിന്നിൽ അണിനിരക്കുന്ന സംസ്ഥാനകമ്മിറ്റി– പുതിയ സിപിഎം സംസ്ഥാനകമ്മിറ്റി രൂപീകരണത്തിന്റെ മുഖ്യമാനദണ്ഡം ഇതായപ്പോൾ പഴയ വിഎസ് പക്ഷത്തിന്റെ അവശേഷിച്ച ശബ്ദങ്ങൾ കൂടി പുറത്ത്. പാർട്ടിയിൽ നിന്നു തന്നെ ഒരിക്കൽ പുറത്തായ ഗോപി കോട്ടമുറിക്കലിനെ പഴയ ഘടകമായ സംസ്ഥാനകമ്മിറ്റിയിലേക്കു തിരിച്ചുകൊണ്ടുവന്നതിലും നേതൃത്വത്തിന്റെ വാശി പ്രകടം.
പിരപ്പൻകോട് മുരളിക്കു പ്രായം 75, സി.കെ. സദാശിവന് 65. പാർട്ടി ഘടകങ്ങളിലെ പ്രായപരിധിയായ 80 കഴിഞ്ഞവരുടെ പട്ടികയിൽപ്പെടാത്ത ഇവർ രണ്ടും ഒഴിവാക്കപ്പെട്ടു. ഒരിക്കൽ വിഎസിനൊപ്പം നിന്ന ആനത്തലവട്ടം ആനന്ദനും കെ.പി. സഹദേവനും എൺപതായിട്ടും ഇളവു കിട്ടി. വിഎസ് വിഭാഗത്തിലെ പഴയ കരുത്തരിൽ പലരും ഔദ്യോഗിക നേതൃത്വവുമായി സന്ധിചെയ്തപ്പോഴും അതിനു കഴിയാതെ പോയവരാണു മുരളിയും സദാശിവനും.
സംസ്ഥാന–ജില്ലാ നേതൃത്വങ്ങളോട് ഇഴയടുപ്പമില്ലാതായതോടെ ഇരുവരും പാർട്ടി പ്രവർത്തനങ്ങളിലും സജീവമല്ലാതായി. പുറത്തേക്കുള്ള വഴി എളുപ്പവുമായി. പ്രായാധിക്യം മൂലം പി.കെ. ഗുരുദാസൻ (82) സംസ്ഥാനകമ്മിറ്റിയിൽ നിന്നൊഴിവാകുന്നതോടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പഴയ വിഎസ് പക്ഷക്കാർ ആരുമില്ലാതാകും.
സെക്രട്ടേറിയറ്റിൽ നിന്നു കഴിഞ്ഞതവണ ഒഴിവാക്കിയെങ്കിലും കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയിൽ അദ്ദേഹം ആ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. പാർട്ടി കോൺഗ്രസോടെ ഗുരുദാസൻ കേന്ദ്രകമ്മിറ്റിയിൽ നിന്നും മാറും.
പ്രായത്തെ മറികടന്നും ട്രേഡ് യൂണിയൻ–പാർട്ടി രംഗത്തു സജീവമായി നിൽക്കുന്നതു മൂലമാണ് ആനത്തലവട്ടത്തിനും സഹദേവനും ഇളവു നൽകുന്നതെന്നു സംസ്ഥാനകമ്മിറ്റിയിൽ വിശദീകരിച്ചു. ഗുരുദാസനെയും ആനത്തലവട്ടത്തെയും ഒരുമിച്ച് ഒഴിവാക്കേണ്ടതില്ലെന്നും തീരുമാനിച്ചു. എൺപതുകാരനായ ആനത്തലവട്ടത്തെ സെക്രട്ടേറിയറ്റിൽ വീണ്ടും ഉൾപ്പെടുത്തുമോയെന്നാണ് ഇനി അറിയേണ്ടത്.
അപൂർവ തിരിച്ചുവരവ്
ഒളിക്യാമറ വിവാദത്തിൽപ്പെട്ടു പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു 2012 ജൂണിൽ പുറത്തായ മുൻ എറണാകുളം ജില്ലാസെക്രട്ടറിയും മുൻ സംസ്ഥാനകമ്മിറ്റി അംഗവുമായ ഗോപി കോട്ടമുറിക്കലിന് പൂർണശാപമോക്ഷം. ജില്ലയിൽ വിഎസിന്റെ പടനായകനായിരുന്ന ഗോപി ഔദ്യോഗിക നേതൃത്വത്തിന്റെ ഭാഗമായതോടെയാണ് എറണാകുളം പിണറായി പക്ഷത്തേക്കു ചാഞ്ഞത്.
ഇതിനിടെ ഗോപിയെ എതിർചേരി ‘സദാചാരപ്രശ്നത്തിൽ’ കുടുക്കി. പുറത്താക്കാൻ നിർബന്ധിതനായെങ്കിലും ഗോപിയോടുള്ള മൃദുസമീപനം തുടർന്ന നേതൃത്വം പാർട്ടിയിലേക്കു തിരിച്ചെടുത്തശേഷം ഘട്ടം ഘട്ടമായി അദ്ദേഹത്തിനു സ്ഥാനക്കയറ്റം നൽകുകയായിരുന്നു.
എണ്ണം കൂടാതെ വനിതകൾ
വനിതാ പ്രാതിനിധ്യം കൂട്ടണമെന്നു നിർദേശമുണ്ടായിരുന്നുവെങ്കിലും അതിനു സാധിച്ചില്ല. എൻ.കെ. രാധ മാറിയപ്പോൾ ഗിരിജാ സുരേന്ദ്രൻ വന്നു. 87 അംഗ കമ്മിറ്റിയിൽ പത്തു വനിതകൾ. യുവാക്കളെ കൂടുതലായി എടുക്കണമെന്ന തീരുമാനമാണു ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനും സംസ്ഥാന പ്രസിഡന്റ് എ.എൻ. ഷംസീറിനും ഒരുമിച്ചുവരാൻ തുണയായത്.
മറുപടി പ്രസംഗത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പേരെടുത്ത് ‘കൊട്ടിയ’ ഈ രണ്ടുപേർക്കും സ്ഥാനക്കയറ്റം. സി.കെ. സദാശിവനു പകരമാണ് ആലപ്പുഴയിൽ നിന്നു തന്നെ ആർ. നാസർ വരുന്നത്. ടി.കെ. ഹംസയുടെ സ്ഥാനത്തു മലപ്പുറത്തുനിന്നു ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്. കെ. കുഞ്ഞിരാമൻ മാറിയപ്പോൾ കാസർകോട്ടു നിന്നു സി.എച്ച്. കുഞ്ഞമ്പു. പിരപ്പൻകോട് ഒഴിഞ്ഞപ്പോൾ തിരുവനന്തപുരത്തുനിന്നു പകരക്കാരില്ല.
കർഷകസംഘം, പട്ടികജാതി ക്ഷേമസമിതി പ്രാതിനിധ്യങ്ങൾ കൂടിയാണ് കെ.വി. രാമകൃഷ്ണൻ, കെ.സോമപ്രസാദ് എന്നിവർക്കു വഴിയൊരുക്കിയത്. പ്രത്യേക ക്ഷണിതാക്കളായ അഞ്ചുപേരിൽ പാലോളി മുഹമ്മദ്കുട്ടി, എം.എം. ലോറൻസ്, കെ.എൻ. രവീന്ദ്രനാഥ് എന്നിവർ മുൻ കേന്ദ്രകമ്മിറ്റി അംഗങ്ങളാണ്. പി.കെ. ഗുരുദാസൻ കേന്ദ്ര കമ്മിറ്റി അംഗവും വിഎസ് ആ ഘടകത്തിലെ ക്ഷണിതാവും.
എതിർപ്പു പറഞ്ഞ് പിരപ്പൻകോട്
പുതിയ കമ്മിറ്റിയിൽ നിന്നു തന്നെ ഒഴിവാക്കിയതിൽ സംസ്ഥാന കമ്മിറ്റി അംഗം പിരപ്പൻകോട് മുരളി വിയോജിപ്പു പ്രകടിപ്പിച്ചു. നിലവിലെ കമ്മിറ്റിയിൽ പുതിയ പാനൽ വച്ചപ്പോൾ തന്റെ പേര് ഒഴിവാക്കിയതു കണ്ടാണു മുരളി നീരസം പറഞ്ഞത്. തന്നെ ഒഴിവാക്കിയപ്പോൾ പ്രായക്കൂടുതലുള്ള തിരുവനന്തപുരം ജില്ലയിൽ നിന്നു തന്നെയുള്ള കോലിയക്കോട് കൃഷ്ണൻനായരെ നിലനിർത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവർത്തനരംഗത്തു പഴയതുപോലെ സജീവമല്ലാത്തതാണു കാരണമെന്നു കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. കോലിയക്കോടിന് 80 വയസ്സാകുന്നതേയുള്ളൂവെന്നും വ്യക്തമാക്കി.
സിപിഎം സംസ്ഥാന സമ്മേളനം : കൂടുതൽ വാർത്തകൾ
കോടിയേരിയെ നിർദേശിച്ച് പിണറായി
പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗത്തിൽ സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്റെ പേരു നിർദേശിച്ചതു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന കമ്മിറ്റി ആകെ കയ്യുയർത്തി അതു പിന്തുണച്ചു.