തൃശൂർ∙ പാർട്ടിയിലെ വിഭാഗീയതയുടെ ‘സംസ്ഥാന കേന്ദ്രം’ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നേരത്തേ അങ്ങനെയൊരു സംസ്ഥാന കേന്ദ്രം പ്രവർത്തിച്ചിരുന്നുവെന്ന് ആരുടെയും പേരെടുത്തു പറയാതെ കോടിയേരി പറഞ്ഞു.
സംസ്ഥാനത്തെ പാർട്ടിയുടെ നിലപാടുകളോടു വിയോജിപ്പുള്ളവർ ഇപ്പോഴും കേന്ദ്ര നേതൃത്വത്തിനു കത്ത് അയയ്ക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ‘കത്തയയ്ക്കുന്നതിൽ നിരോധനമില്ല. പാർട്ടി അംഗങ്ങൾക്ക് ആർക്കും കത്തയയ്ക്കാം’ എന്നായിരുന്നു മറുപടി.
‘പാർട്ടിയിൽ 1991നു ശേഷം നിലനിന്നിരുന്ന വിഭാഗീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പൊളിറ്റ്ബ്യൂറോയുടെ സഹായത്തോടെ വലിയ മാറ്റമുണ്ടാക്കാൻ കഴിഞ്ഞു. കഴിഞ്ഞ ആലപ്പുഴ സമ്മേളനത്തോടെ വിഭാഗീയത അവസാനിപ്പിക്കാനുള്ള നടപടികൾ പാർട്ടി തീരുമാനിച്ചു. ഇത്തവണ, ജില്ലകളിലുണ്ടായ വിഭാഗീയതയ്ക്കും അന്ത്യം കുറിക്കാനായി.
സിപിഎം സംസ്ഥാന സമ്മേളനം : കൂടുതൽ വാർത്തകൾ
14 ജില്ലാ സമ്മേളനങ്ങളും ഐക്യത്തോടെ നടന്നു. വ്യത്യസ്ത ശബ്ദങ്ങൾ ഇല്ലാതായി. ഏതെങ്കിലും നേതാവിന്റെയോ നേതാക്കളുടെയോ പിന്നിലല്ല ജനങ്ങൾ അണിനിരക്കുന്നത്, പാർട്ടിക്കു പിന്നിലാണ്’- കോടിയേരി പറഞ്ഞു.
അംഗങ്ങളിൽ 89 ശതമാനവും 1991നു ശേഷം പാർട്ടിയിൽ ചേർന്നവരാണ്. വിഭാഗീയത ഇല്ലാതായതോടെ, മുഴുവൻ ശക്തിയും പാർട്ടിയുടെ വളർച്ചയ്ക്കും ശത്രുക്കളോടുള്ള പോരാട്ടത്തിനുമായി വിനിയോഗിക്കും- കോടിയേരി പറഞ്ഞു.