ജിഎസ്ടി നടപ്പാകുന്നതോടെ ഇ–കൊമേഴ്സ് ഉൽപന്നങ്ങൾക്കു വിലയേറുമെന്ന് ആശങ്ക. ആമസോണും ഫ്ലിപ്കാർട്ടും ആലിബാബയും സ്നാപ്ഡീലുമൊക്കെ ഉൾപ്പെട്ട ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ ഇലക്ട്രോണിക് ഉൽപന്നങ്ങൾ മുതൽ കളിപ്പാട്ടങ്ങൾ വാങ്ങുന്നവരുടെ എണ്ണം അനുദിനം പെരുകുകയാണ്. വിലക്കുറവും സമ്മാനങ്ങളുമാണ് ഇ വാങ്ങലിന്റെ ആകർഷണം. ജിഎസ്ടിയുടെ വരവോടെ കഥ മാറിയേക്കാം.
ഇതുവരെ ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ സാധനങ്ങൾ വിൽക്കുന്നതിനു വ്യാപാരികൾ നികുതി നൽകിയിരുന്നില്ല. ഇത്തരം പ്ലാറ്റ്ഫോമുകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ ഏറെയും ചെറുകിട, ഇടത്തരം വ്യാപാരികളാണു താനും. പലപ്പോഴും, നികുതി വ്യവസ്ഥയ്ക്കു പുറത്തുനിൽക്കുന്ന സമാന്തര വിപണികളിൽ നിന്നും ഉൽപന്നങ്ങൾ എത്തിയിരുന്നു. ഈ വ്യാപാരികളിൽ നിന്നെല്ലാം ഒരു ശതമാനം ടിസിഎസ് (സ്രോതസിൽ നിന്നുള്ള നികുതി) ഈടാക്കണമെന്നാണു ജിഎസ്ടിയിലെ വ്യവസ്ഥ. അതോടെ, സ്വാഭാവികമായും വില വർധിക്കും. മാത്രമല്ല, ജിഎസ്ടി വരുന്നതോടെ സമാന്തര വിപണി ദുർബലവുമാകും. ജിഎസ്ടി മൂലം പൊതുവിൽ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും ഇ കൊമേഴ്സ് വിപണിയെ സ്വാധീനിക്കും.
എന്നാൽ, ടിസിഎസ് തൽക്കാലം ഈടാക്കേണ്ടതില്ലെന്നു സർക്കാർ വ്യക്തമാക്കിയതിനാൽ ഉടൻ വിലവർധനയുണ്ടായേക്കില്ല. നികുതി പിരിവ് ഉൾപ്പെടെയുള്ള ജിഎസ്ടി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇ കൊമേഴ്സ് മേഖലയ്ക്കു കൂടുതൽ സമയം നൽകുന്നതിനായാണു ടിസിഎസ് നടപ്പാക്കൽ വൈകിപ്പിക്കുന്നത്.
എവിടെ നിന്ന് ഓർഡർ ചെയ്താലും ഉൽപന്നം വാങ്ങുന്ന സംസ്ഥാനത്തിനാകും നികുതി ലഭിക്കുന്നത്. കേരളം പോലുള്ള സംസ്ഥാനങ്ങൾക്കാകും ഇതു മൂലം വലിയ നേട്ടം.