ന്യൂഡൽഹി∙ എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സമയക്രമം തിരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു കൈമാറി. പ്രവർത്തകസമിതി ഇതിന് അംഗീകാരം നൽകേണ്ടതുണ്ട്. മുപ്പതിനകം പ്രസിഡന്റിനെ തിരഞ്ഞെടുക്കും വിധമാണു സമയക്രമം.
പിസിസി പൊതുയോഗങ്ങൾ നടത്താൻ തിരഞ്ഞെടുപ്പ് അതോറിറ്റി രണ്ടു ദിനം കൂടി സമയം നീട്ടി. ഇന്നു പൊതുയോഗങ്ങൾ പൂർത്തിയാക്കാനായിരുന്നു മുൻ നിർദേശം. പിസിസി പട്ടിക പൂർത്തിയാകാത്തതു കൊണ്ടു കേരളത്തിൽ പൊതുയോഗം നടത്താനായിട്ടില്ല. കേരള പിസിസി അംഗങ്ങളിൽ ആറു സ്ഥാനങ്ങളെച്ചൊല്ലി മാത്രമാണു തർക്കമെന്നാണു സൂചന.
സംസ്ഥാനത്തു നിന്നു തയാറാക്കിയ പട്ടികയിൽ ഭേദഗതികൾ ഉൾപ്പെടുത്തി ഒത്തുതീർപ്പു പട്ടികയുണ്ടാക്കാൻ അതോറിറ്റി നടത്തിയ നീക്കം വിജയിച്ചിട്ടില്ല. ഗ്രൂപ്പുകൾ തയാറാക്കിയ പട്ടികയിൽ എംപിമാരും ചില നേതാക്കളും അതൃപ്തി പ്രകടിപ്പിച്ചതോടെയാണു കേരളത്തിലെ പട്ടിക മുടങ്ങിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ എന്നിവർ തലസ്ഥാനത്തെത്തി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലും തീർപ്പുണ്ടായില്ല.
കേരളത്തിൽ 141 ബ്ലോക്കുകളിൽ നിന്നായി 282 പേരാണു പിസിസി അംഗങ്ങളാകേണ്ടത്. ഇതിനുപുറമേ ഏഴു മുൻ പിസിസി പ്രസിഡന്റുമാർക്കും 15 പാർലമെന്ററി പാർട്ടി പ്രതിനിധികൾക്കും അംഗത്വം ലഭിക്കും. ഏതാനും പേരെ പ്രത്യേക ക്ഷണിതാക്കളായും ഉൾപ്പെടുത്താനാവും. തർക്കം തുടർന്നാൽ കേരളം പുറത്ത് പിസിസി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ എന്നിവരെയും എഐസിസി അംഗങ്ങളെയും തിരഞ്ഞെടുക്കേണ്ടതു പിസിസി പൊതുയോഗങ്ങളിലാണ്.
ഈ അധികാരം പാർട്ടി നേതൃത്വത്തിനു കൈമാറുകയുമാവാം. പിസിസി പട്ടിക അംഗീകരിച്ചു പൊതുയോഗം ചേരാനാവാതെ വന്നാൽ സംഘടനാ തിരഞ്ഞെടുപ്പിന്റെ മുഖ്യധാരയിൽ നിന്നു കേരളം പുറത്താകും.