ന്യൂഡൽഹി∙ ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കായുള്ള ഇന്ത്യയുടെ ‘സൗത്ത് ഏഷ്യ സാറ്റലൈറ്റ്’ അഞ്ചാം തീയതി വിക്ഷേപിക്കും. വാർത്താവിനിമയ സാറ്റലൈറ്റാണിത്. ദുരന്തനിവാരണ ഏകോപനം, വിദ്യാഭ്യാസ സേവനങ്ങൾ, ആശയവിനിമയം, ടെലിമെഡിസിൻ തുടങ്ങിയ മേഖലകളിൽ ദക്ഷിണേഷ്യൻ രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണം ഇതു സാധ്യമാക്കും. ശ്രീഹരിക്കോട്ടയിൽനിന്നാണ് വിക്ഷേപണം.
അയൽരാജ്യങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന സാറ്റലൈറ്റ് ഇതാദ്യമാണ്. രാജ്യാന്തരതലത്തിൽ മറ്റു രാജ്യങ്ങൾ കൂട്ടമായി സാറ്റലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം വ്യാപാര സ്വഭാവമുള്ളതും ചെലവു പങ്കുവയ്ക്കുന്നതുമാണ്.
∙ മോദിയുടെ ആദ്യ പ്രഖ്യാപനം
2014 ൽ പ്രധാനമന്ത്രി സ്ഥാനമേറ്റശേഷം നരേന്ദ്ര മോദിയുടെ ആദ്യപ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഈ സാറ്റലൈറ്റ്.
∙ പേരുമാറ്റം
‘സാർക് സാറ്റലൈറ്റ്’ എന്നാണ് ആദ്യം പേരിട്ടതെങ്കിലും പാക്കിസ്ഥാൻ പിന്മാറിയതോടെ ദക്ഷിണേഷ്യൻ സാറ്റലൈറ്റ് എന്നാക്കി മാറ്റി.
∙ പ്രധാനമന്ത്രി നരേന്ദ്രമോദി (ഇന്നലെ മൻ കി ബാത്തിൽ)
‘‘അയൽക്കാർക്കുള്ള ഇന്ത്യയുടെ വിലമതിക്കാനാകാത്ത സ്നേഹസമ്മാനമാണ് ഈ സാറ്റലൈറ്റ്. ദക്ഷിണേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ദൃഢമാക്കാൻ ഇതുപകരിക്കും’’
എട്ടു സാർക്ക് രാജ്യങ്ങളിൽ ഏഴു രാജ്യങ്ങളും പദ്ധതിയുടെ ഭാഗമാണ് – ഇന്ത്യ, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ്. വിട്ടുനിൽക്കുന്നത് ഒരേയൊരു രാജ്യം – പാക്കിസ്ഥാൻ. ഇന്ത്യയുടെ ‘സമ്മാനം’ തങ്ങൾക്കാവശ്യമില്ലെന്ന് പാക്ക് നിലപാട്. പദ്ധതി ചെലവ് 450 കോടി രൂപ