കെ.പി.എസ്. ഗിൽ അന്തരിച്ചു

ന്യൂഡൽഹി∙ പഞ്ചാബിലെ ഖലിസ്ഥാൻ തീവ്രവാദത്തെ തുടച്ചുനീക്കുന്നതിൽ നിർണായക പങ്കുവഹിച്ച പഞ്ചാബ് മുൻ ഡിജിപി കെ.പി.എസ്.ഗിൽ (82) അന്തരിച്ചു. ഇന്ത്യൻ ഹോക്കി ഫെഡറേഷൻ മുൻ പ്രസിഡന്റാണ്. വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഡൽഹിയിലെ ഗംഗാ റാം ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഗിൽ, ഹൃദ്രോഗത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്കാണു മരിച്ചത്.

ഖലിസ്ഥാൻ തീവ്രവാദം കൊടുമ്പിരികൊണ്ട വേളയിൽ പഞ്ചാബ് പൊലീസ് മേധാവിയായിരുന്ന ഗിൽ, തീവ്രവാദികളെ അമർച്ച ചെയ്യുന്നതിനു നേതൃത്വം നൽകി. അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ ഒളിച്ച തീവ്രവാദികളെ തുരത്താനുള്ള 1988ലെ ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിനു ചുക്കാൻ പിടിച്ചു. 1958 അസം – മേഘാലയ ഐപിഎസ് കേഡർ ഉദ്യോഗസ്ഥനായ ഗിൽ, രണ്ടു തവണ പഞ്ചാബിൽ ഡിജിപി ആയി സേവനമനുഷ്ഠിച്ചു. അസമിലും ഡിജിപി ആയിരുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച പൊലീസ് ഉദ്യോഗസ്ഥൻ എന്ന പെരുമയുള്ള ഗില്ലിനെ, 1989ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചു. എൽടിടിഇയ്ക്കെതിരായ പോരാട്ടത്തിൽ ശ്രീലങ്കൻ സർക്കാർ ഗില്ലിന്റെ സേവനം തേടി.

2002 ഗുജറാത്ത് കലാപത്തിനു ശേഷം അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി, സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവായി ഗില്ലിനെ നിയമിച്ചു. മാവോയിസ്റ്റുകൾക്കെതിരായ പോരാട്ടത്തിൽ ഛത്തീസ്ഗഡ് സർക്കാരിനെയും അദ്ദേഹം സഹായിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്ട് മാനേജ്മെന്റ് സ്ഥാപക പ്രസിഡന്റാണ്. പൊലീസ്, രാജ്യ സുരക്ഷാ മേഖലകൾക്കു നൽകിയ സംഭാവനകളുടെ പേരിൽ കെ.പി.എസ്.ഗിൽ എക്കാലവും ഓർമിക്കപ്പെടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.