Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഞ്ചാബ് പൊലീസിന്റെ ഹീറോ; വിവാദങ്ങളിൽ കുടുങ്ങിയ ചരിത്രവും

K.P.S. Gill

കെ.പി.എസ്. ഗിൽ എന്നത് കേവലമൊരു പേര് മാത്രമല്ല, പഞ്ചാബ് പൊലീസിലെ ഒരു യുഗമായിരുന്നു. പഞ്ചാബിലെ ഖാലിസഥാൻ തീവ്രവാദികളെ അടിച്ചമർത്തി രാജ്യത്തിന്റെ അഖണ്ഡതയക്ക വിലപ്പെട്ട സംഭാവനകൾ നൽകിയ ആരാധ്യനായ പൊലീസ് ഓഫിസർ. തൊട്ടതെല്ലാം പൊന്നാക്കി ഗിൽ തിളങ്ങി. കൻവർപാൽസിങ് ഗിൽ എന്ന, കെ.പി.എസ്. ഗിൽ ഭീകരർക്കു ഭീകരനും പഞ്ചാബ് പൊലീസിന് പ്രിയങ്കരനുമായിരുന്നു. ഗില്ലിന്റെ മീശ വിറയ്ക്കുമ്പോൾ ഭീകരരുടെ വമ്പ് തകർന്നു. പോരാളികൾക്കൊപ്പം നിന്നു പൊരുതുന്ന പൊലീസ് മേധാവി. ചിലരുടെ അഭിപ്രായത്തിൽ അൽപം തണ്ടനായിരുന്നു അദ്ദേഹം. പക്ഷേ, പരമരസികൻ!.

1957ൽ അസം കേഡറിൽ ഐപിഎസിൽ കയറിയ ഇംഗ്ലിഷ് എംഎക്കാരനായിരുന്നു ഗിൽ. അന്നേ കാക്കിക്കുള്ളിൽ കവിതയും വിരിഞ്ഞു. ഇംഗ്ലീഷും ഉർദുവു പഥ്യം. ഫൈസ്, ഇഖ്ബാൽ, ഗാലിബ് എന്നിവർ ഇഷ്ട കവികളായിരുന്നു. ഗില്ലിനെക്കുറിച്ചുള്ള ഒരു കഥ ഇങ്ങനെ: ‘ബ്ലാക്ക് തണ്ടർ’ ഒാപ്പറേഷന്റെ കാലം. കരിമ്പൂച്ചകളും കൊടുംഭീകരരും തമ്മിൽ കൊണ്ടുപിടിച്ച ബലാബലം. ഇടയ്ക്കിടെ കമാൻഡർ ലഘുവായനയിൽ മുഴുകും. പുസ്തകം മിലൻ കുന്ദേരയുടെ രാഷ്ട്രീയ ഹാസ്യ നോവൽ. ‘ബുക്ക് ഒാഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിംഗ്’!

ഗില്ലിന്റെ നേതൃത്വത്തിൽ എന്തിനും പോന്നവരായിരുന്നു പഞ്ചാബ് പൊലീസ്. ആയിരം പേരുമായി വന്ന് ഡൽഹിയിൽ ബിജെപി ജാഥ തടഞ്ഞതും അമൃത്സറിൽ രണ്ടുവട്ടം റാഞ്ചികളെ കീഴടക്കിയതും ചരിത്രമാണ്. കടുത്ത ദേശസ്നേഹിയായിരുന്നു ഗിൽ. ദേശീയഗാനം കേട്ടാൽ എന്നും ആവേശമായിരുന്നു അദ്ദേഹത്തിന്. പല വേഷങ്ങളിൽ എത്തിയ അദ്ദേഹം ഇന്ത്യൻ ഹോക്കി ഫെഡറേഷൻ പ്രസിഡന്റുമായി. ഒടുവിൽ സമ്മർദ്ദങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ സ്ഥാനമൊഴിയുകയും ചെയ്തു.

gilll

അച്ഛന്റെ മകൻ

കെ.പി.എസ്. ഗിൽ എന്ന പൊലീസ് ഉദ്യോഗസ്ഥൻ പഞ്ചാബിനെ വിറപ്പിച്ചു നിർത്തുന്നതിനുമുൻപ് അദ്ദേഹത്തിന്റെ പിതാവ് ആർ.എസ്. ഗിൽ പഞ്ചനദികളുടെ നാടിന്റെ ഹൃദയത്തിൽ കയറിയിരുന്നു. പഞ്ചാബിൽ വെള്ളവും വൈദ്യുതിയുമൊഴുക്കാൻ രാജ്യത്തെ ഏറ്റവും ഉയരമുള്ള അണക്കെട്ട് നിർമ്മിച്ചത് ആർ.എസ്. ഗിൽ ആയിരുന്നു. റിട്ടയർ ചെയ്തശേഷം പഞ്ചാബ് വൈദ്യുതി ബോർഡ് ചെയർമാനായിരുന്ന ഗിൽ സംസ്ഥാനത്തിന് രണ്ടു താപനിലയ പദ്ധതികൾ കൂടി നൽകി.

വിരുന്നു സൽക്കാരത്തിലെ ‘കൈപ്പിഴ’

പഞ്ചാബ് പൊലീസ് ഡയറക്‌ടർ ജനറലായിരിക്കെ ഒരു വിരുന്നുസൽക്കാരമാണ് ഗില്ലിന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥകളിൽ ഒന്ന് സൃഷ്ടിച്ചത്. സൽക്കാരത്തിനിടെ മദ്യലഹരിയിൽ ഗിൽ തന്റെ നിതംബത്തിൽ തട്ടിയെന്നായിരുന്നു വനിതാ ഐഎഎസ് ഓഫിസർ രൂപൻ ദിയോൾ ബജാജിന്റെ ആരോപണം. ബന്ധപ്പെട്ടവർക്കു പരാതി നൽകിയതോടെ സംഭവം പുറത്തായി. കോടതി കയറിയ ഗില്ലിനെ നീതിപീഠവും വെറുതെവിട്ടില്ല. മൂന്നുമാസം തടവും രണ്ടുലക്ഷം രൂപ നഷ്‌ടപരിഹാരവുമായിരുന്നു ശിക്ഷ. പിന്നീട് നല്ലനടപ്പിനുള്ള വ്യക്‌തി ജാമ്യത്തിന്റെ അടിസ്‌ഥാനത്തിൽ ഗില്ലിന്റെ തടവുശിക്ഷാ കാലാവധി സസ്‌പെൻഡ് ചെയ്‌തു. നഷ്‌ടപരിഹാരത്തുക ഗിൽ ഹൈക്കോടതി റജിസ്‌ട്രാർ ഓഫിസിൽ കെട്ടിവച്ചെങ്കിലും അതു സ്വീകരിക്കാൻ രൂപൻ ദിയോൾ വിസമ്മതിച്ചു. അതിനാൽ അവർ ശുപാർശ ചെയ്യുന്ന ഏതെങ്കിലും വനിതാസംഘടനയ്‌ക്കു തുക നൽകാൻ കോടതി നിർദേശിച്ചു.

Kanwar Pal Singh Gill പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഗില്ലുമായി കൂടിക്കാഴ്ച നടത്തുന്നു (ഫയൽ ചിത്രം).

1988 ജൂലൈ 18നു ബജാജ് പരാതി നൽകിയെങ്കിലും പൊലീസ് ഐജിയുടെ ഉത്തരവുപ്രകാരം ഫയൽ മടക്കുകയായിരുന്നു. പിന്നീടു രൂപന്റെ ഭർത്താവ് ബി.ആർ. ബജാജ് ചണ്ഡീഗഡിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി ഫയൽ ചെയ്‌ത ശേഷം 1996 ഓഗസ്‌റ്റിലാണ് ഗിൽ കുറ്റക്കാരനാണെന്നു വിധിച്ചത്. ബജാജ് സംഭവം പുറത്തുവന്നയുടനെ മറ്റു ചില സ്‌ത്രീകളോടുള്ള ഗില്ലിന്റെ പെരുമാറ്റ ചാപല്യത്തെക്കുറിച്ചും വാർത്ത പുറത്തുവന്നിരുന്നു. ഇതേ വിരുന്നിൽ പങ്കെടുത്ത പ്രമുഖ അഭിഭാഷകന്റെ പുത്രിയടക്കമുള്ളവർക്ക് സമാന അനുഭവം ഉണ്ടായത്രേ. ബജാജ് കേസിന്റെ എഫ്‌ഐആറിൽ തന്നെയാണ് ഇതേ പരാമർശവും.