Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഞ്ചാബ് മുൻ ഡിജിപിയും പത്മശ്രീ ജേതാവുമായ കെപിഎസ് ഗിൽ അന്തരിച്ചു

KPS Gill

ന്യൂഡൽഹി∙ പഞ്ചാബ് മുൻ ഡിജിപിയും പത്മശ്രീ ജേതാവുമായ കെപിഎസ് ഗിൽ (82) അന്തരിച്ചു. ഖാലിസ്ഥാൻ തീവ്രവാദം കൊടികുത്തിവാണിരുന്ന കാലത്ത് പഞ്ചാബ് പൊലീസ് സേനയെ മുന്നിൽനിന്നു നയിച്ച ഗില്ലിനെ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് ഓഫീസറായാണ് കണക്കാക്കിയിരുന്നത്. ഇന്ത്യൻ ഹോക്കി ഫെഡറേഷൻ മുൻ പ്രസിഡന്റു കൂടിയായിരുന്നു ഗിൽ. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്ട് മാനേജ്മെന്റ്ിന്റെ (ഐസിഎം) സ്ഥാപക പ്രസി‍ഡന്റായിരുന്നു.

രണ്ടു തവണ പഞ്ചാബിന്റെ ഡിജിപി ആയി ചുമതല അനുഷ്ഠിച്ചിട്ടുണ്ട്. സിവിൽ സർവീസിലെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ 1989ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1988 മേയിൽ, സുവർണക്ഷേത്രത്തിൽ തമ്പടിച്ചിരുന്ന സിഖ് ഭീകരരെ അടിച്ചമർത്താൻ നടത്തിയ ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ കമാൻഡ് ചെയ്തത് ഗിൽ ആയിരുന്നു. ഏറെ സങ്കീർണമായിരുന്ന ആ ഓപ്പറേഷനിൽ 43 ഭീകരരാണ് കൊല്ലപ്പെട്ടത്. ആയുധധാരികളായിരുന്ന 67 പേർ പൊലീസിനു മുന്നിൽ കീഴടങ്ങുകയും ചെയ്തിരുന്നു.

1988–1990 കാലഘട്ടത്തിലാണ് ഗിൽ ആദ്യമായി പഞ്ചാബ് പൊലീസ് സേനയുടെ തലപ്പത്ത് എത്തുന്നത്. 1991ൽ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും പൊലീസ് തലപ്പത്തെത്തി. പഞ്ചാബിൽ ആഭ്യന്തര സംഘർഷവും ഭീകരവാദവും നിയന്ത്രണാതീതമായപ്പോഴാണ് ഗില്ലിനെ രണ്ടാമതും പൊലീസ് ചീഫ് ആക്കാൻ സർക്കാർ തീരുമാനിക്കുന്നത്. സർക്കാരിന്റെ കണക്ക് അനുസരിച്ച് ഏകദേശം 5000 ആളുകളാണ് 1991ൽ മാത്രം പഞ്ചാബിൽ കൊല്ലപ്പെട്ടിരുന്നത്. എന്നാൽ ഗിൽ സ്ഥാനമേറ്റതോടെ ഇതു 500 ആയി കുറഞ്ഞു. 1995 ലാണ് ഗിൽ ഔദ്യോഗിക സ്ഥാനത്തുനിന്ന് വിരമിക്കുന്നത്.