തിരുവനന്തപുരം∙ വിദേശരാജ്യങ്ങളുടെയുൾപ്പെടെ 31 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ വീണ്ടും ബഹിരാകാശക്കുതിപ്പിനൊരുങ്ങുന്നു. പിഎസ്എൽവി സി–38 വിക്ഷേപണവാഹനത്തിൽ 712 കിലോ ഭാരം വരുന്ന കാർട്ടോസാറ്റ്–2 സീരീസ് ഉപഗ്രഹത്തിനൊപ്പമാണു 30 ചെറുഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കുന്നത്. നാളെ ശ്രീഹരിക്കോട്ടയിൽ നിന്നാണു വിക്ഷേപണം.
യുഎസ്, യുകെ, ഓസ്ട്രിയ, ബെൽജിയം, ചിലെ, ചെക് റിപ്പബ്ലിക്, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ലാത്‌വിയ, ലിത്വാനിയ, സ്ലോവാക്യ തുടങ്ങി 14 രാജ്യങ്ങളുടെ 29 ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിക്കുക. 248 കിലോയാണു വിദേശരാജ്യങ്ങളിൽ നിന്നുള്ള ഉപഗ്രഹങ്ങളുടെ ആകെ ഭാരം.
ഐഎസ്ആർഒ നിർമിച്ച ഭൗമനിരീക്ഷണത്തിനുള്ള കാർട്ടോസാറ്റിനൊപ്പം കന്യാകുമാരി ജില്ലയിലെ തക്കല നൂറുൽ ഇസ്‌ലാം യൂണിവേഴ്സിറ്റി നിർമിച്ച 15 കിലോ ഭാരമുള്ള നിയുസാറ്റ് എന്ന നാനോ ഉപഗ്രഹവും പിഎസ്എൽവി ഭ്രമണപഥത്തിലെത്തിക്കും. ദുരന്തനിവാരണം, കൃഷി മേഖലകളിൽ ഈ ഉപഗ്രഹത്തിന്റെ സേവനം ലഭിക്കും.
മലയാളികളാണു പിഎസ്എൽവി ദൗത്യത്തിനു ചുക്കാൻ പിടിക്കുന്നത്. കെ.ജയകുമാറാണു പ്രൊജക്ട് ഡയറക്ടർ. അദ്ദേഹത്തിന്റെ 11–ാമത്തെ പിഎസ്എൽവി ദൗത്യമാണിത്. വെഹിക്കിൾ ഡയറക്ടറായ ആർ.ഹട്ടണും മലയാളിയാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ പിഎസ്എൽവി സി–38 വിക്ഷേപണവാഹനമുപയോഗിച്ചു 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു ഐഎസ്ആർഒ ലോകറെക്കോർഡ് സ്വന്തമാക്കിയിരുന്നു.